കൊച്ചി: നാലാം ക്ലാസുകാരനായ മകനെയും മുന്തിയയിനം നായ്‌ക്കളെയും വാടക വീട്ടിൽ ഉപേക്ഷിച്ച് യുവാവ് നാടുവിട്ടു. തൃപ്പൂണിത്തുറ എരൂരിലാണ് സംഭവം. സുധീഷ് എസ് കുമാർ എന്നയാളാണ് മകനെയും 26 നായ്‌ക്കളെയും വീട്ടിലാക്കി കടന്നുകളഞ്ഞത്.
മൂന്ന് മാസം മുൻപാണ് സുധീഷ് എസ് കുമാർ എരൂർ അയ്യംപിള്ളിച്ചിറ റോഡിൽ മകനുമായി വീട് വാടകയ്ക്ക് എടുത്തത്. പിന്നാലെ 26 നായ്‌ക്കളെയും വീട്ടിലേയ്ക്ക് കൊണ്ടുവന്നു. നായ്ക്കളുടെ ശല്യത്തെക്കുറിച്ച് സമീപവാസികൾ നഗരസഭയിൽ പരാതി നൽകിയിരുന്നു. പിന്നാലെ നഗരസഭ സുധീഷിന് നോട്ടീസും നൽകി. തുടർന്നാണ് ഞായറാഴ്‌ച ഇയാൾ നാടുവിട്ടത്. രാത്രിയായിട്ടും അച്ഛനെ കാണാതായതോടെ ഭയന്ന മകൻ ജർമനിയിൽ ജോലി ചെയ്യുന്ന അമ്മയെ വിളിച്ചു. തുടർന്ന് അമ്മ 112ൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. പിന്നാലെ പൊലീസ് വീട്ടിലെത്തി കുട്ടിയെ രക്ഷിച്ച് യുവതിയുടെ മാതാപിതാക്കളെ ഏൽപ്പിച്ചു.
മൂന്ന് ദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ നായ്‌ക്കളുടെ കരച്ചിൽ കേട്ട് അയൽവാസികൾ കൗൺസിലർ പി ബി സതീശനെ വിവരം അറിയിച്ചു. തുടർന്ന് കൗൺസിലർ ഇക്കാര്യം സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഒഫ് ക്രുവൽറ്റി ടു അനിമൽസ് (എസ്‌പിസിഎ) പ്രവർത്തകരെ അറിയിച്ചു. ഇവർ എത്തി നായ്‌ക്കളെ ഏറ്റെടുത്തു. 30,000 രൂപ മുതൽ 50,000 രൂപവരെ വിലവരുന്ന നായ്ക്കളാണ് വീട്ടിലുണ്ടായിരുന്നത്. അതേസമയം, യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. നായ്‌ക്കളെ ഉപേക്ഷിച്ചുപോയ യുവാവിനെതിരെ പരാതി നൽകുമെന്ന് എസ്‌പിസിഎ ജില്ലാ സെക്രട്ടറി ടി കെ സജീവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |