ചെന്നൈ: ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങളുടെ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് കോടതി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ ഇരുപത്തേഴ് ക്ഷേത്രങ്ങളിലെ മിച്ചമുള്ള പണം ഉപയോഗിച്ച് കല്യാണ മണ്ഡപങ്ങൾ പണിയാനുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ എസ് എം സുബ്രഹ്മണ്യം, ജി അരുൾ മുരുകൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.
27ക്ഷേത്രങ്ങളിലെ മിച്ചമുള്ള പണം ഉപയോഗിച്ച് 80 കോടി ചെലവിൽ കല്യാണമണ്ഡപങ്ങൾ പണിയുമെന്ന് സംസ്ഥാന ദേവസ്വം മന്ത്രിയാണ് നിയമസഭയെ അറിയിച്ചത്. ഇതിനെ ചോദ്യംചെയ്തുകൊണ്ട് സമർപ്പിച്ച് ഒരുകൂട്ടം ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾ പണമായും സാധനങ്ങളായും നൽകുന്ന വഴിപാടുകളും സംഭാവനകളും ക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് അവകാശപ്പെട്ടതാണ്. പ്രതിഷ്ഠയെ നിയമദൃഷ്ട്യാ പ്രായപൂർത്തിയാകാത്ത വ്യക്തിയായാണ് കണക്കാക്കുന്നത്. അതിനാൽ ക്ഷേത്രത്തിലെ സ്വത്തിന്റെ മേൽനോട്ടച്ചുമതല കോടതിക്കാണ്. ക്ഷേത്രത്തിന്റെ വിശ്വാസപരമായ പ്രവർത്തനങ്ങൾക്കോ, പുനരുദ്ധാരണത്തിനോ വേണ്ടിമാത്രമേ പ്രതിഷ്ഠയ്ക്ക് അവകാശപ്പെട്ട പണം ചെലവഴിക്കാനാവൂ. കല്യാണമണ്ഡപങ്ങൾ പണിത് വാടകയ്ക്ക് നൽകുന്നത് അത്തരത്തിലുള്ള പ്രവർത്തനമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |