നമുക്കെന്നും കായിക ദീനം
ഇന്ന് ദേശീയ കായികദിനം. പുതിയ കായികനിയമം പ്രാബല്യത്തിൽ വരുത്തിയ കേന്ദ്ര സർക്കാർ 2030ലെ കോമൺവെൽത്ത് ഗെയിംസിനും 2036ലെ ഒളിമ്പിക്സിനും വേദിയാകാനുള്ള ശ്രമങ്ങളിലാണ്. പൊതു - സ്വകാര്യ മേഖലകളുടെ കോർപ്പറേറ്റ് ഫണ്ട് ഉൾപ്പടെ ഉപയോഗപ്പെടുത്തി സർക്കാർ നേതൃത്വത്തിൽ ഗ്രാസ്റൂട്ട് തലത്തിൽ നിന്ന് കൂടുതൽ കായികതാരങ്ങളെ കണ്ടെത്താനുളള പുതിയ പദ്ധതിയും അണിയറയിൽ ഒരുങ്ങുന്നു. എന്നാൽ നമ്മുടെ കായികരംഗത്തിന്റെ യഥാർത്ഥചിത്രം എന്താണ്. ദേശീയ തലം മുതൽ പ്രാദേശികതലം വരെ ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും കെടുകാര്യസ്ഥതയുടേയും കഥകളാണ് കായികമേഖലയ്ക്ക് പറയാനുള്ളത്. ചില ഉദാഹരണങ്ങൾ ഇതാ...
ദേശീയം
ഫുട്ബാളിന് മീതേ
വിലക്കിന്റെ വാൾമുന
സംഘടനയുടെ നിയമപരിഷ്കരണം ഒക്ടോബർ 30ന് മുമ്പ് നടപ്പിലാക്കിയില്ലെങ്കിൽ ആൾ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷനെ വിലക്കുമെന്നാണ് അന്താരാഷ്ട്ര ഫുട്ബാൾ സംഘടന ഫിഫയും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനും അറിയിച്ചിരിക്കുന്നത്. സംഘടനാപ്രസിഡന്റിനെ കോടതി മാറ്റിയതിനെത്തുടർന്ന് 2022ൽ എ.ഐ.എഫ്.എഫിനെ വിലക്കിയിരുന്നു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തപ്പോഴാണ് അന്ന് വിലക്ക് മാറ്റിയത്. ഇപ്പോൾ ഫെഡറേഷനിലെ തർക്കം സുപ്രീം കോടതിയിലാണ്. തർക്കകാരണം ഐ.എസ്.എൽ ഫുട്ബാൾ പോലും നടത്താൻ കഴിയാത്ത അവസ്ഥയിലിരിക്കവേയാണ് ഫിഫയുടെ ഭീഷണി എത്തിയിരിക്കുന്നത്. ഫിഫ വിലക്കിയാൽ കേരളത്തിലേക്കുള്ള മെസിയുടെ വരവും ഗോവയിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ വരവും മുടങ്ങും.
സംസ്ഥാനം
താത്‌കാലിക കോച്ചുമാർക്ക്
ശമ്പളമില്ല, ഓണപ്പട്ടിണി
സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള 55 താത്കാലിക പരിശീലകർക്കും കായിക ഹോസ്റ്റലുകളിലെ കുക്ക്, വാർഡൻ,വാച്ചർ തുടങ്ങിയ താത്കാലിക ജീവനക്കാർക്കും ജൂലായ് മാസത്തെ ശമ്പളം ഇതുവരെ നൽകിയില്ല. സ്ഥിരം ജീവനക്കാർക്കും ചില താത്കാലികക്കാർക്കും സർക്കാരിൽ നിന്ന് പ്ളാൻ ഫണ്ട് വാങ്ങിയെടുത്ത് ശമ്പളവും ബോണസും നൽകിയപ്പോൾ നോൺ പ്ളാൻ ഫണ്ടിൽ നിന്ന് പണം നൽകേണ്ടവരെ ഓണപ്പട്ടിണിക്കിടുകയാണ്. സർക്കാരിൽ നിന്ന് ഫണ്ടുകൾ വാങ്ങിയെടുക്കുന്നതിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ഭരണസമിതിക്കും ജീവനക്കാർക്കുമുള്ള അനാസ്ഥയാണ് ശമ്പളം ലഭിക്കാത്തതിന് കാരണം. താത്കാലിക്കാർക്ക് കൃത്യമായി ശമ്പളം നൽകിയിട്ട് കാലങ്ങളായി.
ജില്ല
പ്രസിഡന്റിനെ ഒപ്പിടീക്കില്ല,
കുട്ടികൾക്കുള്ള ഫണ്ടും മുടക്കി
കോടതി വിധി അനുസരിച്ച് തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിൽ പ്രസിഡന്റായി തിരിച്ചെത്തിയ ആൾക്ക് ഒപ്പിടാൻ ഫയലുകളും ചെക്കുകളും നൽകാതെ ഭരണസമിതിയും ഉദ്യോഗസ്ഥരും. ഇതോടെ സ്പോർട്സ് ഹോസ്റ്റലുകളിലെ കുട്ടികൾക്ക് ഭക്ഷണത്തിന് വേണ്ടി സർക്കാരിൽ നിന്ന് ലഭിച്ച തുക മാറിയെടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഭരണപരമായ ഒരു ഫയലുകളും പ്രസിഡന്റിലേക്ക് എത്തുന്നില്ലെന്നാണ് പരാതി. ഔദ്യോഗിക ലെറ്റർപാഡിൽ നിന്ന് പ്രസിഡന്റിന്റെ പേരും മാറ്റി. എന്നാൽ ജില്ലാ കായികഅസോസിയേഷനുകളിലെ തിരഞ്ഞെടുപ്പിന് പ്രസിഡന്റിന്റെ അനുമതിയില്ലാതെ നിരീക്ഷികരെ അനുവദിക്കുന്നുണ്ട്. ഇതിനെതിരെ കോടതിയലക്ഷ്യക്കേസുമായി നീങ്ങിയിരിക്കുകയാണ് പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |