കോഴിക്കോട്: സി.പി.എമ്മിന് തങ്ങളെ വേട്ടയാടാൻ അജണ്ടയുണ്ടാവുമെന്നും, മാദ്ധ്യമങ്ങൾ അതേറ്റു പിടിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി. താൻ പാലക്കാട് ഗ്രൂപ്പ് യോഗം ചേർന്നെന്ന പച്ചക്കള്ളമാണ് മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. താൻ ഓഫീസിലിരുന്ന് ജനങ്ങളെ കണ്ടതാണെന്നും അവിടെ മാദ്ധ്യമങ്ങളുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രന്റെ വീട്ടിൽ ഗ്രൂപ്പ് യോഗം ചേർന്നെന്നായിരുന്നു വാർത്ത. ചന്ദ്രൻ ആ ദിവസം പാലക്കാട് ഉണ്ടായിരുന്നില്ല. ഇന്നലെ പുലർച്ചെയാണ് തിരിച്ചെത്തിയത്. താൻ പാലക്കാടെത്തിയത് വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ്.. ഒരു മാദ്ധ്യമം വ്യാജ വാർത്ത നൽകുകയും മറ്റുള്ളവർ അതേറ്റു പിടിക്കുകയും ചെയ്തു. . വടകരയിൽ കേട്ടാലറയ്ക്കുന്ന തെറിയും ഭീഷണിയുമുണ്ടായതിനാലാണ് പ്രതികരിച്ചത്. തനിക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ പൊലീസ് കാഴ്ചക്കാരായി നിന്നു.
പൊലീസിന് വേണമെങ്കിൽ വഴി തിരിച്ചു വിടാമായിരുന്നു.രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് വ്യക്തമായ നിലപാടെടുത്തു കഴിഞ്ഞു. കുറ്റാരോപിതന്റെ സുഹൃത്താണെന്ന് പറഞ്ഞാണ് വേട്ടയാടൽ. ഇതെന്ത് ന്യായമാണെന്ന്
ഷാഫി ചോദിച്ചു.
രാഹുലിനെതിരായ കേസ്:
അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ ക്രൈംബ്രാഞ്ച് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈ.എസ്.പി സി.ബിനുകുമാറിനായിരുന്നു അന്വേഷണച്ചുമതല. സെൻട്രൽ യൂണിറ്റിലെ ഡിവൈ.എസ്.പി ഷാജിയാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. ഇൻസ്പെക്ടർമാരായ സാഗർ, സജൻ, സൈബർ ഓപ്പറേഷൻസ് ഇൻസ്പെക്ടർ ഷിനോജ് എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. സൈബർ വിദഗ്ദ്ധരും സംഘത്തിലുണ്ടാവും. വിശദമായ അന്വേഷണത്തിനാണ് പുതിയ സംഘത്തെ നിയമിച്ചത്. മാദ്ധ്യമങ്ങളിലൂടെയും സമൂഹമാദ്ധ്യമങ്ങളിലും വെളിപ്പെടുത്തൽ നടത്തിയ മൂന്നുപേരുടെ മൊഴിയെടുത്താവും അന്വേഷണം തുടങ്ങുക. മോശം അനുഭവം നേരിട്ട യുവതികളെ അടുത്തഘട്ടത്തിൽ കണ്ടെത്തും. അവരിൽ നിന്ന് മൊഴിയെടുത്താലേ ഗുരുതര വകുപ്പുകളിൽ അന്വേഷണം തുടരാനാവൂ. അന്വേഷണ സംഘം ഉടൻ യോഗം ചേരും.
വ്യാജ ഐ.ഡി കാർഡ് കേസ് :
കെ.എസ്.യു നേതാവിന്റെ വീട്ടിൽ റെയ്ഡ്
അടൂർ: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചെന്ന കേസിൽ കെ.എസ്.യു പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്.
ജില്ലാ സെക്രട്ടറി ഏഴംകുളം സ്വദേശി മുബിൻ ബിനുവിന്റെയും അടൂരിലെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും വീടുകളിൽ ഇന്നലെ രാവിലെ മുതൽ ഉച്ചവരെയായിരുന്നു റെയ്ഡ്. മുബിൻ ബിനുവിന്റെ മൊബൈൽഫോൺ കസ്റ്റഡിയിലെടുത്തു. 2023ലാണ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ രാഹുൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തത്. അന്ന് അടൂർ, പന്തളം പ്രദേശങ്ങളിലെ ചില സ്ഥാപനങ്ങളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തെങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചില്ല. സർക്കാർ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ചില മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധന നടത്തിയപ്പോൾ ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുലിന്റെ പേര് പരാമർശിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രാഹുലിന് നോട്ടീസ് നൽകിയതായും ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. എന്നാൽ രാഹുൽ ഇത് നിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |