കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തിനിടെ പൊലീസ് മർദനമേറ്റ ഷാഫി പറമ്പിൽ എംപി ആശുപത്രിവിട്ടു. പൊലീസിന്റെ ലാത്തിയടികൊണ്ടുള്ള മർദനത്തിൽ ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനുമാണ് പരിക്കേറ്റിരുന്നത്. മൂക്കിന്റെ രണ്ട് അസ്ഥികളിൽ പൊട്ടലുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.
ഇടത് മൂക്കിന്റെ എല്ലു പൊട്ടുകയും സ്ഥാനം തെറ്റുകയും വലതു മൂക്കെല്ല് പൊട്ടുകയും ചെയ്തിരുന്നു. ശസ്ത്രക്രിയയ്ക്കായി മൂന്ന് ദിവസമാണ് അദ്ദേഹം ആശുപത്രിയിൽ കഴിഞ്ഞത്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. നിലവിൽ ഡോക്ടർമാർ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും തുടർ ചികിത്സയ്ക്ക് എത്തും.
പേരാമ്പ്ര സി.കെ.ജി കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് ഷാഫി പറമ്പിൽ എം പിക്ക് മർദനമേറ്റത്. ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് തല്ലുകയായിരുന്നു. സംഭവത്തെ തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കോൺഗ്രസ് നടത്തിയത്. വിവിധ ജില്ലകളിൽ നടന്ന കോൺഗ്രസ് മാർച്ചിലും സംഘർഷമുണ്ടായി. പലയിടത്തും ദേശീയപാത ഉപരോധിച്ചാണ് പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |