കോഴിക്കോട്: പേരാമ്പ്രയിൽ വച്ച് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ ഷാഫി പറമ്പിൽ എം.പി ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി. പൊതുജനമദ്ധ്യത്തിൽ തന്നെ ആക്രമിച്ചതിനെപ്പറ്റി സഭയുടെ പ്രിവിലേജ് കമ്മിറ്റി വിശദ അന്വേഷണം നടത്തി, കുറ്റക്കാരായ പൊലീസുകാർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് നേരത്തേ കൊടിക്കുന്നിൽ സുരേഷ് എം.പിയും കത്ത് നൽകിയിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് തന്നെ മർദ്ദിച്ചത്. ലാത്തിയടിയേറ്റ് മുഖത്ത് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് വ്യക്തമാക്കുന്നതാണ്. പൊലീസ് കൈയേറ്റം എസ്.പി തന്നെ സമ്മതിച്ചതിനാൽ കുറ്റക്കാർക്കെതിരെ അടിയന്തര നടപടിയെടുക്കണം. ജനപ്രതിനിധികളുടെയും പാർലമെന്റിന്റെയും അന്തസും യശസ്സും നിലനിറുത്താൻ വിഷയം ഗൗരവത്തിൽ പരിഗണിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |