മഴക്കളിയിൽ തൃശൂർ ടൈറ്റാൻസിനെ തോൽപ്പിച്ച് കൊല്ലം സെയ്‌ലേഴ്സ്
തിരുവനന്തപുരം : രസംകൊല്ലിയായി ഇടയ്ക്കിടെയെത്തിയ മഴയേയും മറികടന്ന് എം.എസ് അഖിലിന്റെ തകർപ്പൻ ഇന്നിംഗ്സിലൂടെ കൊല്ലം സെയ്‌ലേഴ്സ് തൃശൂർ ടൈറ്റാൻസിനെതിരായ മത്സരത്തിൽ വിജയത്തിലേക്ക് പൊരുതിക്കയറി. 13 ഓവറിൽ 148 റൺസായി വെട്ടിക്കുറച്ച വിജയലക്ഷ്യം അഞ്ചുപന്തുകൾ അവശേഷിക്കവേയാണ് കൊല്ലം മറികടന്നത്. തോൽവിയിലേക്ക് വഴുതിവീണിരുന്ന കൊല്ലത്തെ വെറും 12 പന്തുകളിൽ അഞ്ചു സിക്സുകളും രണ്ട് ഫോറുകളുമടക്കം പറത്തി 44 റൺസ് നേടിയ അഖിലാണ് കളിയിലെ മികച്ച താരമായത്.
നേരത്തേ ടൈറ്റാൻസിന്റെ ബാറ്റിംഗിനിടെ പല തവണ മഴയെത്തിയപ്പോൾ മത്സരം 13 ഓവറായി വെട്ടിക്കുറച്ചു. നാലുവിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് ടൈറ്റാൻസ് നേടിയിരുന്നതെങ്കിലും വി.ജയദേവൻ മഴനിയമപ്രകാരമാണ് കൊല്ലത്തിന് 148 റൺസ് ലക്ഷ്യം നൽകിയത്. ഏഴുവിക്കറ്റ് നഷ്ടത്തിലാണ് കൊല്ലം ഇത് മറികടന്നത്.
നേരത്തേ തിരുവനന്തപുരത്തുകാരൻ ഷോൺ റോജറുടേയും (51), വിക്കറ്റ് കീപ്പർ ബാറ്റർ അർജുന്റേയും (44) മികവിലാണ് തൃശൂർ 138ലെത്തിയത്. ഓപ്പണർമാരായ ആനന്ദ് കൃഷ്ണനും (2),അഹമ്മദ് ഇമ്രാനും (16) വരുൺ നായനാരും (22) മടങ്ങിയ ശേഷം ഷോണും അർജുനും ചേർന്ന് 64 റൺസ് കൂട്ടിച്ചേർത്തു.29 പന്തുകൾ നേരിട്ട ഷോൺ അഞ്ചുഫോറും മൂന്ന് സിക്സുമടക്കമാണ് അർദ്ധസെഞ്ച്വറിയിലെത്തിയത്.
മറുപടിക്കിറങ്ങിയ കൊല്ലത്തിന് വിഷ്ണു വിനോദ് (0),അഭിഷേക് നായർ (5),ആഷിക് മുഹമ്മദ് (13),സച്ചിൻ ബേബി (36) എന്നിവരുടെ വിക്കറ്റുകൾ ആറോവറിനുള്ളിൽ 64 റൺസിനിടെ നഷ്ടമായി.ഒൻപതാം ഓവറിൽ രാഹുൽ ശർമ്മയും (10)10-ാം ഓവറിൽ വത്സൽ ഗോവിന്ദും (1) പുറത്തയപ്പോഴാണ് അഖിൽ ക്രീസിലെത്തിയത്. 11-ാം ഓവറിൽ ഷറഫുദ്ദീനെ (23) നഷ്ടമായെങ്കിലും അമലിനെ(7) കൂട്ടുനിറുത്തി താണ്ഡവമാടിയ അഖിൽ ടീമിനെ വിജയത്തിലെത്തിച്ചു. തൃശൂരിനായി കെ.അജിനാസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഇന്നത്തെ മത്സരങ്ങൾ
ട്രിവാൻഡ്രം Vs കാലിക്കറ്റ്
2.30 pm മുതൽ
കൊച്ചി Vs തൃശൂർ
6.45 pm മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |