ബാങ്കോക്ക്: തായ്‌ലൻഡ് പ്രധാനമന്ത്രി പേതോംഗ്‌താൻ ഷിനവത്രയെ (39) ഭരണഘടനാ കോടതി പുറത്താക്കി. അയൽരാജ്യമായ കംബോഡിയയുടെ മുൻ പ്രധാനമന്ത്രിയും നിലവിലെ സെനറ്റ് പ്രസിഡന്റുമായ ഹുൻ സെന്നുമായി നടത്തിയ വിവാദ ഫോൺ സംഭാഷണത്തിന്റെ പേരിൽ ജൂലായിൽ ഷിനവത്രയെ കോടതി സസ്‌പെൻഡ് ചെയ്തിരുന്നു.
ഷിനവത്ര ധാർമ്മിക ചട്ടം ലംഘിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ കോടതി പുറത്താക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയായി ഷിനവത്ര. ഷിനവത്രയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ അഭിമാനം സംരക്ഷിച്ചില്ലെന്നും സ്വന്തം താത്പര്യങ്ങൾക്ക് മുൻഗണന നൽകിയെന്നും കോടതി പറഞ്ഞു.
വിധി അംഗീകരിക്കുന്നതായി ഷിനവത്ര പ്രതികരിച്ചു. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായെങ്കിലും സാംസ്കാരിക മന്ത്രി എന്ന നിലയിൽ ഷിനവത്ര ക്യാബിനറ്റിൽ തുടരും. അതേ സമയം, പുതിയ പ്രധാനമന്ത്രിയെ പാർലമെന്റ് തിരഞ്ഞെടുക്കും വരെ നിലവിലെ ആക്ടിംഗ് പ്രധാനമന്ത്രി ഫുംതം വെചായാചൈ തുടരും. മുൻ പ്രധാനമന്ത്രി പ്രയുത് ചാൻ ഒാചാ അടക്കം നേതാക്കൾ മത്സരിച്ചേക്കും.
പിതാവിന്റെ പാതയിൽ...
തായ് മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവത്രയുടെ മകളാണ് പേതോംഗ്‌താൻ ഷിനവത്ര. തായ് പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും രണ്ടാമത്തെ വനിതയുമാണവർ. ഷിനവത്രയുടെ പിതൃസഹോദരി യിംഗ്‌ലക്ക് ഷിനവത്രയാണ് തായ്‌ലൻഡിലെ ആദ്യ വനിതാ പ്രധാനമന്ത്രി. ഷിനവത്ര കുടുംബത്തിലെ ഈ മൂന്ന് പേരും കാലാവധി പൂർത്തിയാകും മുന്നേ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടു.
# വീഴ്‌ത്തിയത് 'അങ്കിൾ"
1. മേയിൽ തായ്-കംബോഡിയ അതിർത്തിയിലെ ഏറ്റുമുട്ടലിനിടെ ഒരു കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടു. സംഘർഷം പരിഹരിക്കാൻ ഷിനവത്ര സമീപിച്ചത് കുടുംബ സുഹൃത്ത് കൂടിയായ ഹുൻ സെന്നിനെ
2. ജൂൺ 15ന് ഇരുവരും ഫോണിൽ സംസാരിച്ചു. പിന്നാലെ സംഭാഷണം ചോർന്നു. സെന്നിനെ പ്രീതിപ്പെടുത്തുന്ന തരത്തിൽ സംസാരിച്ച ഷിനവത്ര, തായ് മിലിട്ടറിയേയും ആർമി കമാൻഡറെയും വിമർശിച്ചെന്ന് ആരോപണം
3. സംഘർഷവും ഒഴിവാക്കാനാണ് ശ്രമിച്ചതെന്ന ഷിനവത്രയുടെ വിശദീകരണം പാളി. ഷിനവത്രയുടെ രാജി ആവശ്യപ്പെട്ട് വൻ പ്രതിഷേധം. മാപ്പ് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. സൈന്യത്തെ അപമാനിച്ചെന്നാരോപിച്ച് പ്രധാന ഘടകകക്ഷി മന്ത്രിസഭ വിട്ടു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |