മനുഷ്യന്റെ ആരോഗ്യസ്ഥിതി മോശമായികൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് വീട്ടിൽ തന്നെ നിങ്ങൾക്ക് തക്കാളി വളർത്താം. ഹൃദയാരോഗ്യം, ചർമ്മ സംരക്ഷണം, കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും, ശരീരഭാരം കുറയ്ക്കാനും തക്കാളി ഗുണകരമാണ്. ലൈക്കോപീൻ, വിറ്റാമിൻ സി, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഉറവിടമാണ് തക്കാളി. ആന്റിഓക്‌സിഡന്റുകളും ധാരാളമായി തക്കാളിയിൽ അടങ്ങിയിരിക്കുന്നു.
ആദ്യം ചെയ്യേണ്ടത് വീട്ടുവളപ്പിൽ വളർത്താൻ അനുയോജ്യമായ നല്ലയിനം തക്കാളിയുടെ വിത്തുകൾ തിരഞ്ഞെടുത്ത് പാകി മുളപ്പിച്ച് തൈകളാക്കുക. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഈ വിത്തുകൾ സ്യൂഡോമൊണാസ് ലായനിയിൽ ഇരുപത് മിനിട്ടുകൾ മുക്കിവയ്ക്കണം. പിന്നീട് പ്ലാസ്റ്റിക് ട്രേയിൽ ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ മിക്സ് ചെയ്ത് ഈ വിത്തുകൾ വിതറണം. മുളച്ച് 25 ദിവസമാകുമ്പോൾ ഗ്രോബാഗിലോ നിലത്തോ ഇവ മാറ്റി നടണം. തൈകൾക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്ന ഒരു സ്ഥലത്തേക്ക് വേണം ഇവ മാറ്റി നടേണ്ടത്.
മണ്ണും ചാണകപ്പൊടിയും മണ്ണിരക്കമ്പോസ്റ്റും 2:1:1 എന്ന കണക്കിൽ യോജിപ്പിച്ച് എടുത്ത് ഇതിൽ എല്ലുപൊടിയും കുറച്ച് വേപ്പിൻപിണ്ണാക്കും ചേർത്തശേഷം ഈ മിശ്രിതം ഗ്രോബാഗിന്റെ പകുതിയോളം നിറച്ച് തൈ നടുക. ചെടിക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കൂടുതൽ വെള്ളം ഒഴിച്ചാൽ ചീഞ്ഞുപോകാനും സാദ്ധ്യതയുണ്ട്. ഒരു മാസത്തെ വളർച്ചയാകുമ്പോൾ ദ്രവരൂപത്തിലുള്ള വളപ്രയോഗം ചെയ്യാം.
ഇടവിട്ട ദിവസങ്ങളിൽ ഗോമൂത്രം പത്തിരട്ടി വെള്ളം ചേർത്ത് ഇലയിലും ചുവട്ടിലും ഒഴിച്ചു കൊടുക്കുക. ആഴ്ചയിൽ രണ്ട് ദിവസം ചാണകവും കടലപ്പിണ്ണാക്കും പുളിപ്പിച്ച് നേർപ്പിച്ച് ഒഴിച്ച് കൊടുക്കണം. ചെടി വളരുന്നതിനനുസരിച്ച് കൂടുതൽ പരിപാലനം ആവശ്യമായി വരും. ആവശ്യാനുസരണം താങ്ങും പടലും നൽകുക. ഒപ്പം പ്രാണി ശല്യം ഒഴിവാക്കാനും ശ്രദ്ധിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |