വൈത്തിരി: താമരശ്ശേരി ചുരത്തിൽ കണ്ടയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ചുരമിറങ്ങുകയായിരുന്ന കണ്ടെയ്നർ ലോറി ഒമ്പതാം വളവിൽ റോഡരികിലെ സംരക്ഷണ വേലി ഇടിച്ചു തകർത്തു. താഴ്ചയിലേക്ക് മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. രാജസ്ഥാൻ സ്വദേശിയായ ഡ്രൈവറെ ഫയർഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തി. അപകടത്തെ തുടർന്ന് ചുരത്തിൽ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
കർണാടകയിൽ നിന്നും കോഴിക്കോട്ടേക്ക് ബൈക്കുകൾ കയറ്റിവന്ന കണ്ടെയ്നറാണ് ഒമ്പതാം വളവിൽ നിയന്ത്രണം വിട്ടത്.
റോഡരികിലെ സംരക്ഷണഭിത്തി ഇടിച്ചു തകർത്ത ലോറിയുടെ മുൻ ഭാഗം താഴ്ചയുള്ള ഭാഗത്തെ വായുവിൽ നിലകൊണ്ടതിനാൽ പുറത്തിറങ്ങാനാകാതെ ഡ്രൈവർ ലോറിക്കുള്ളിൽകുടുങ്ങി. അപകടവിവരം അറിഞ്ഞ് കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ആദ്യമെത്തി. പിന്നാലെ താമരശ്ശേരി പൊലീസുമെത്തി. തുടർന്ന് ഫയർഫോഴ്സ് വടംകെട്ടി ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി.
ഗതാഗത തടസമുണ്ടായതോടെ ഒറ്റവരിയായി വാഹനങ്ങൾ കടത്തിവിട്ടു. വൈകിട്ട് ആറുമണിയോടെ രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് കണ്ടയ്നർ ലോറി വലിച്ചുകയറ്റി. വാഹനം മാറ്റിയിട്ടും ഗതാഗതതടസം ഏറെ നേരം തുടർന്നു. ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്കടക്കം പ്രവേശനാനുമതി നൽകി മണിക്കൂറുകൾക്കകമായിരുന്നു അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |