തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ സ്ഥിരം ജീവനക്കാർക്ക് ആഗസ്റ്റിലെ ശമ്പളം ഇന്നലെ മുതൽ അക്കൗണ്ടുകളിലെത്തി. ഉത്സവ ബത്തയും ബോണസും ഇന്ന് വിതരണം ചെയ്യുമെന്ന് മന്ത്രി ഗണേഷ്കുമാർ അറിയിച്ചു.
സ്വിഫ്റ്റ് ജീവനക്കാർക്ക് 5നു മുമ്പ് ശമ്പളവും ഉത്സവ ബത്തയും ലഭ്യമാക്കും. അതേ സമയം താൽക്കാലിക ജീവനക്കാരെ സർക്കാർ ഇപ്പോഴും മറന്ന മട്ടാണ്.,ജൂലായിലെ ശമ്പളം നൽകിയത് ആഗസ്റ്റ് 26നായിരുന്നു. സ്ഥിരം ജീവനക്കാർക്ക് ഒരു ദിവസം മുമ്പ് ശമ്പളം നൽകിയത് നേട്ടമായി അവതരിപ്പിച്ച മന്ത്രി, താൽക്കാലികക്കാർക്ക് ഓണത്തിനു മുമ്പ് ശമ്പളം നൽകുന്ന കാര്യത്തിൽ ഒരുറപ്പും നൽകിയില്ല.
3200 താൽക്കാലിക ജീവനക്കാരാണ് കോർപറേഷനിലുള്ളത്. സ്ഥിരം ജീവനക്കാർ അവധിയാകുമ്പോഴും മറ്റും സർവീസ് മുടങ്ങാതെ താങ്ങാവുന്നത് ഇവരാണ്. എംപ്ലോയ്മെന്റ് എക്സേഞ്ച് വഴി ജോലി നേടിയവരാണ് ഭൂരിഭാഗം താൽക്കാലികക്കാരും. മിക്കവർക്കും 15 വർഷത്തിലേറെ സർവീസുമുണ്ട്. 715 രൂപയാണ് ദിവസ വേതനം. ഡ്യൂട്ടി കണക്കാക്കിയാണിത്.
ക്ഷാമബത്തയില്ല
കെ.എസ്.ആർ.ടി.സി ക്ഷാമബത്ത അനുവദിക്കണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.സംസ്ഥാനത്ത് ക്ഷാമബത്ത നൽകാത്ത ഏക സർക്കാർ സ്ഥാപനം കെ.എസ്. ആർ.ടി.സിയാണ്. 2021 മുതൽ അടിസ്ഥാന ശമ്പളം മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |