കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന കുടുംബത്തിന്റെ പുതിയ ഹർജിയിൽ പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് കുടുംബം പുനരന്വേഷണം എന്ന ആവശ്യം വീണ്ടും ഉന്നയിച്ചത്.
കണ്ണൂർ ജെഎഫ്സിഎം കോടതിയിലായിരുന്നു അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കുറ്റപത്രത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള നിരവധി പഴുതുകൾ ഉണ്ടെന്നും നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള മനപ്പൂർവമായ ശ്രമം നടത്തി എന്നും ഹർജിയിൽ കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു.
തുടരന്വേഷണം എന്ന കുടുംബത്തിന്റെ ആവശ്യത്തോട് പൊലീസ് അനുകൂല നിലപാട് സ്വീകരിക്കാൻ സാദ്ധ്യതയില്ല. പ്രതിയെ രക്ഷപ്പെടുത്താൻ സാക്ഷികളെ കൃത്രിമമായി ഉണ്ടാക്കിയെന്നും ഫോൺ അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചില്ലെന്നും ഹർജിയിൽ ആരോപണമുണ്ട്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി കുടുംബത്തിന്റെ ആവശ്യത്തിൽ നിലപാട് അറിയിക്കാൻ പൊലീസിന് ഇന്നത്തേക്ക് സമയം അനുവദിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |