പാട്ന: വോട്ടുകൊള്ള ആരോപണത്തിൽ 'ഹൈഡ്രജൻ ബോംബ്' ഉടൻ വരുമെന്ന് മുന്നറിയിപ്പ് നൽകിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിക്കും തിരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ രാജ്യവ്യാപക പ്രചാരണം നടത്തുമെന്ന് സൂചന നൽകി. ബീഹാറിൽ ആഗസ്റ്റ് 17ന് ആരംഭിച്ച 'വോട്ടർ അധികാർ യാത്ര' ഇന്നലെ പാട്നയിൽ സമാപിച്ചപ്പോഴാണ് പോരാട്ടത്തിന്റെ പുതിയ പോർമുഖം തുറക്കുമെന്ന് രാഹുൽ വ്യക്തമാക്കിയത്. അടുത്ത യാത്ര ഗുജറാത്തിലാണെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന സൂചന.
ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷനും ചേർന്ന് വോട്ടു മോഷ്‌ടിക്കുകയാണെന്ന് രാഹുൽ ആവർത്തിച്ചു. ബി.ജെ.പി തയ്യാറായി ഇരുന്നുകൊള്ളൂ. കർണാടക മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട 'അണുബോംബിന്' പിന്നാലെ 'ഹൈഡ്രജൻ ബോംബ്' വരാൻ പോകുകയാണ്. വോട്ടുക്കൊള്ള രാജ്യമെമ്പാടും തുറന്നുകാട്ടും. ജനങ്ങൾ യാഥാർത്ഥ്യം തിരിച്ചറിയും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തെ അഭിമുഖീകരിക്കാനാവത്ത വെളിപ്പെടുത്തലുകളാണ് പുറത്തുവിടാൻ പോകുന്നതെന്നും പറഞ്ഞു. മോദി പദവിയൊഴിയണമെന്ന് ചൈനയിലും യു.എസിലും പോലും ആവശ്യമുയരുന്നു. മഹാരാഷ്ട്രയിൽ വോട്ടുകൊള്ള നടന്നു. മഹാദേവപുരയിലെ ക്രമക്കേടുകളിൽ രാജ്യത്തിന് മുന്നിൽ തെളിവുകൾ വച്ചാണ് സംസാരിച്ചത്. മഹാത്മാ ഗാന്ധിയുടെയും ഡോ.ബി.ആർ. അംബേദ്കറുടെയും ഭരണഘടനയെ ഉന്മൂലനം ചെയ്യാൻ അനുവദിക്കില്ലെന്നും രാഹുൽ പറഞ്ഞു.
ബീഹാർ സന്ദേശം നൽകും
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിൽ 'വോട്ടർ അധികാർ യാത്ര' രാഷ്ട്രീയമായി നേട്ടമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് 'ഇന്ത്യ മുന്നണി'. ഇന്നലെ പതിനായിരങ്ങളാണ് യാത്രയുടെ സമാപന ദിവസം പാട്നയിലെത്തിയത്. ബീഹാർ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട സംസ്ഥാനമാണെന്നും,രാജ്യത്തിന് കൃത്യമായ സന്ദേശം നൽകുമെന്നും ഇന്നലെ രാഹുൽ പറഞ്ഞത് ശ്രദ്ധേയമാണ്. വോട്ടു മോഷണമെന്നാൽ ജനാധിപത്യം,അവകാശങ്ങൾ,തൊഴിൽ എന്നിവയുടെ കൂടി മോഷണമെന്നാണ് അർത്ഥമെന്നും കൂട്ടിച്ചേർത്തു.
രാഹുലിനെ തടഞ്ഞു
പാട്നയിലെ ഗാന്ധി മൈതാനത്തെ മഹാത്മാ ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം ഏഴു കിലോമീറ്റർ അകലെയുള്ള ഡോ.ബി.ആർ. അംബേദ്‌കർ പാർക്കിലേക്ക് തുറന്ന വാഹനത്തിൽ നീങ്ങിയ രാഹുലിനെയും നേതാക്കളെയും ദാക് ബംഗ്ലാവ് ക്രോസിംഗിന് സമീപത്ത് പൊലീസ് തടഞ്ഞു. സമീപത്തൊരുക്കിയ താത്കാലിക വേദിയിൽ പ്രവർത്തകരെ 'ഇന്ത്യ' മുന്നണി നേതാക്കൾ അഭിസംബോധന ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |