മലയാളികളുടെ ഇഷ്ട ലഘുഭക്ഷണമാണ് പഫ്സ്. ചായ, ജ്യൂസ്, ഷാർജ തുടങ്ങി എല്ലാത്തിനും ഒപ്പം നാം പഫ്സ് കഴിക്കാറുണ്ട്. ചിക്കനും മുട്ടയും ബീഫും എല്ലാം അടങ്ങിയ പഫ്സുകൾ ഇന്ന് കടകളിൽ സുലഭമാണ്. മധുരമുള്ളത് പോലും കിട്ടും. എന്നാൽ ഇത് കഴിക്കുമ്പോൾ എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ പഫ്സ് എന്ന പലഹാരത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെന്ന കാര്യം.
തെല്ലിശ്ശേരിയിൽ നിന്നാണ് പഫ്സിന്റെ ചരിത്രം ആരംഭിക്കുന്നത്. ഇന്നത്തെ തലശ്ശേരിയാണ് തെല്ലിശ്ശേരി. 19-ാംനൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ തലശ്ശേരിയുടെ രുചികൾക്ക് പുതിയ ഭാവങ്ങൾ സമ്മാനിച്ച മാമ്പള്ളി ബാപ്പുവിന്റെ ബേക്കറിയിൽനിന്നാണ് പഫ്സിന്റെ കഥ ആരംഭിക്കുന്നത്.
1883ലെ ഒരു ക്രിസ്തുമസ് കാലത്ത് തലശ്ശേരിയിലെ അഞ്ചരകണ്ടിയിൽ തോട്ടമുടമയായിരുന്ന മറഡോക് ബ്രൗൺ എന്ന സായിപ്പ് ബർമ്മയിൽ നിന്ന് ബേക്കിംഗ് വിദ്യകൾ പഠിച്ചെത്തിയ ബാപ്പുവിന് ഒരു വെല്ലുവിളിയുമായിട്ടാണ് സമീപിക്കുന്നത്. യൂറോപ്പിൽ മാത്രം കിട്ടിയിരുന്ന പ്ലംകേക്ക് ഇവിടെ ഉണ്ടാക്കുക എന്നതായിരുന്നു ആ വെല്ലുവിളി. ആ വെല്ലുവിളി ധൈര്യത്തോടെ ഏറ്റെടുത്ത ബാപ്പു തന്റേതായ രുചികൂട്ടുകളും ഫ്രഞ്ച് ബ്രാണ്ടിക്ക് പകരം കശുമാങ്ങ വാറ്റിയ മദ്യവും ചേർത്ത് ഒരു കേക്ക് ചുട്ടെടുത്തു. ഇതാണ് ഇന്ത്യയിലെ ആദ്യത്തെ ക്രിസ്തുമസ് കേക്ക്.
ഈയൊരു ഒറ്റ സംഭവം ബാപ്പുവിനെയും ബാപ്പുവിന്റെ റോയൽ ബിസ്ക്കറ്റ് ഫാക്ടറിയെയും തലശ്ശേരിയുടെ ബേക്കിംഗ് ചരിത്രത്തിന്റെ തലപ്പത്ത് എത്തിച്ചു. ബാപ്പു തുടക്കമിട്ട ഈ ബേക്കിംഗ് വിപ്ലവം തലശ്ശേരിയിലാകെ തരംഗം സൃഷ്ടിക്കുകയായിരുന്നു. അതിനു ശേഷമാണ് ബേക്കറികൾക്ക് തുടക്കം കുറിക്കുന്നത്. ആ കാലത്താണ് ബ്രിട്ടീഷുകാർ കഴിച്ചിരുന്ന പാളികളുള്ള യൂറോപ്യൻ പേസ്ട്രി എന്ന വിഭവത്തിൽ മലബാറിന്റെ രുചികളും ചേർത്ത് പുതിയ പലഹാരം ഉണ്ടാക്കാമെന്ന ആശയം ഉടലെടുക്കുന്നത്.
അങ്ങനെ ഒട്ടേറെ പരീക്ഷണങ്ങൾക്ക് ശേഷം ഉള്ളിയും ചതച്ച ഇഞ്ചിയും പച്ച മുളവും വിവിധയിനം മസാലകളും ഇറച്ചിയും ഒക്കെ ചേർത്തുകൊണ്ട് പാളികളുള്ള പേസ്ട്രി മാവുകളിൽ ചേർത്ത് പഫ്സ് പാകം ചെയ്തെടുത്തു. ഇതായിരുന്നു ഇന്നത്തെ ഇറച്ചി പപ്സ് എന്ന പേരിൽ അറിയപ്പെടുന്നത്.
പിന്നീട് ഇറച്ചിയേക്കാൾ വില കുറഞ്ഞതും എല്ലാവർക്കും ലഭ്യമായതുമായ രുചികൂട്ട് എന്ന നിലയിൽ പുഴുങ്ങിയ മുട്ട പാകം ചെയ്ത പേസ്ട്രി മാവുകളിൽ ചേർത്തു. അന്നു മുതൽ ഇന്ന് വരെ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ബേക്കറികളിൽ ഒഴിവാക്കാൻ പറ്റാത്ത പലഹാരമായി മാറുകയായിരുന്നു മുട്ട പഫ്സ്.
മാമ്പള്ളി ബാപ്പുവാണ് ആദ്യമായി മുട്ട പഫ്സ് ഉണ്ടാക്കിയതെന്ന് ചരിത്രത്തിൽ ഇന്നുവരെ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ 1850കളിൽ എറണാകുളത്തെ റൊസാരിയോ ബേക്കറികൾ തുടക്കമിട്ട ബേക്കിംഗ് സംസ്കാരം യൂറോപ്യൻ വിഭവങ്ങളെ മലബാറിന്റെ രുചികൂട്ടുമായി സമന്വയിപ്പിച്ച് ജനകീയമാക്കി മാറ്റിയത് ബാപ്പുവിന്റെ കാലത്തായിരുന്നു. കഥകളും ചരിത്രങ്ങളും എന്തു തന്നെയായാലും പഫ്സ് വെറുമൊരു പലഹാരം മാത്രമല്ല മലയാളിയെ സംബന്ധിച്ചിടത്തോളം അതൊരു വികാരം കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |