തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാർക്ക് ഉത്സവബത്തയായി 3,000 രൂപയും ബോണസിന് അർഹതയുള്ളവർക്ക് 7,000 രൂപയും ലഭിക്കുമെന്ന് മന്ത്രി കെ ബി ഗണശ് കുമാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുറേക്കാലത്തിന് ശേഷമാണ് സ്ഥാപനത്തിൽ ബോണസ് വിതരണം ചെയ്യുന്നത്.
സ്ഥിരം ജീവനക്കാർക്ക് സെപ്തംബർ ഒന്നിന് ശമ്പളവും മൂന്നിന് ബോണസും ഉത്സവബത്തയും വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. താത്കാലിക ജീവനക്കാർക്ക് ഉത്സവബത്തയായി 1,000 രൂപ നൽകുമെന്നായിരുന്നു പറഞ്ഞിരുന്നത്. കഴിഞ്ഞ ട്രാൻസ്‌പോ പ്രദർശനവേദിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നിറഞ്ഞ കൈയടികളോടെയായിരുന്നു ജീവനക്കാർ പ്രഖ്യാപനത്തെ സ്വീകരിച്ചത്.
എന്നാൽ 24,000 രൂപവരെ ശമ്പളം വാങ്ങുന്നവർക്കാണ് ബോണസിന് അർഹതയുള്ളത്. 22,500 സ്ഥിരം ജീവനക്കാരിൽ ഭൂരിഭാഗം പേർക്കും 35000ത്തിന് മുകളിൽ ശമ്പളമുണ്ട്. അങ്ങനെവരുമ്പോൾ പത്തിൽ താഴെ ആളുകൾക്ക് മാത്രമേ ബോണസ് ലഭിക്കാൻ അർഹയുണ്ടാകുകയുള്ളൂ. ഇപ്പോഴത്തെ കെ എസ് ആർ ടി സിയുടെ അവസ്ഥവച്ച് ബോണസ് പരിധി പുതുക്കാനാകില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. അതായത് ഇത്തവണ ബോണസ് വാങ്ങാൻ വളരെ കുറച്ചുപേർക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളൂ.
ക്ഷാമബത്ത വേണം
സംസ്ഥാനത്ത് പൂജ്യം ശതമാനം ക്ഷാമബത്ത നിലനിൽക്കുന്ന ഏക സർക്കാർ സ്ഥാപനം കെ എസ് ആർ ടി സിയാണ്. 2021 മുതൽ അടിസ്ഥാന ശമ്പളം മാത്രമാണ് ലഭിക്കുന്നത്. ക്ഷാമബത്ത നൽകണമെന്ന ആവശ്യം തൊഴിലാളി സംഘടനകൾ ശക്തമായി ഉന്നയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |