നായകൻ കൃഷ്ണ പ്രസാദിന്റെ സെഞ്ച്വറി (119*) മികവിൽ ട്രിവാൻഡ്രം റോയൽസ് 17 റൺസിന് തൃശൂർ ടൈറ്റാൻസിനെ തോൽപ്പിച്ചു
തിരുവനന്തപുരം : കെ.സി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ പുറത്താകാതെ സെഞ്ച്വറി നേടിയ നായകൻ കൃഷ്ണ പ്രസാദിന്റെ മികവിൽ തൃശൂർ ടൈറ്റാൻസിനെ 17 റൺസിന് തോൽപ്പിച്ച് ട്രിവാൻഡ്രം റോയൽസ്.
ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയൽസ് 201/5 എന്ന മികച്ച സ്കോർ ഉയർത്തിയശേഷം തൃശൂരിനെ 184/8ൽ ഒതുക്കുകയായിരുന്നു. ആദ്യ പന്തുമുതൽ അവസാന പന്തുവരെ ക്രീസിൽ നിന്ന് 62 പന്തുകൾ നേരിട്ട് ആറു ഫോറുകളുടേയും 10 സിക്സുകളുടേയും അകമ്പടിയോടെ 119 റൺസാണ് കൃഷ്ണപ്രസാദ് നേടിയത്.
ഓപ്പണിംഗിന് വിഷ്ണുരാജിനാെപ്പമെത്തിയ കൃഷ്ണപ്രസാദ് തുടക്കം മുതൽ കലിപ്പ് മൂഡിലായിരുന്നു. സിബിൻ ഗിരീഷിനേയും അജ്നാസിനെയും തകർത്തടിച്ച കൃഷ്ണപ്രസാദ് ഒരറ്റത്ത് സ്കോർ ബോർഡ് ഉയർത്തവേ വിഷ്ണു(14),അനന്തകൃഷ്ണൻ(1),റിയ ബഷീർ (17), നിഖിൽ (12) എന്നിവരെ നഷ്ടമായി.നായകനൊപ്പം അവസാന 25 പന്തിൽ 56 റൺസ് കൂട്ടിച്ചേർത്ത അബ്ദുൽ ബാസിത്ത് അവസാന പന്തിലാണ് മടങ്ങിയത്.
മറുപടിക്കിറങ്ങിയ തൃശൂരിനായി അഹമ്മദ് ഇമ്രാൻ (38),ക്യാപ്ടൻ ഷോൺ റോജർ (37),അക്ഷയ് മനോഹർ (27), വിനോദ് കുമാർ സി.വി (41നോട്ടൗട്ട്) എന്നിവർ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. റോയൽസിനായി ആസിഫ് സലാം മൂന്ന് വിക്കറ്റും അഭിജിത്ത് പ്രവീൺ മൂന്ന് വിക്കറ്റും വീഴ്ത്തി.
62 പന്തുകളാണ് കൃഷ്ണപ്രസാദ് നേരിട്ടത്.
6 ബൗണ്ടറികൾ പായിച്ചു.
10 സിക്സുകൾ പറത്തി.
54 പന്തുകളാണ് സെഞ്ച്വറിയിലെത്താൻ വേണ്ടിവന്നത്.
17.1-ാം ഓവറിൽ സിബിൻ ഗിരീഷിനെ ലോംഗ് ഓണിലേക്ക് സിക്സിന് പറത്തിയാണ് സെഞ്ച്വറി തികച്ചത്.
3 ഈ സീസണിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാണ് കൃഷ്ണപ്രസാദ്. തൃശൂർ ടൈറ്റാൻസിന്റെ അഹമ്മദ് ഇമ്രാൻ (100), കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ സഞ്ജു സാംസൺ (121) എന്നിവരാണ് ഇതിനുമുമ്പ് സെഞ്ച്വറി നേടിയവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |