കൊക്കോ ഗൗഫിനെ പ്രീ ക്വാർട്ടറിൽ കീഴടക്കി നവോമി ഒസാക്ക
സിന്നർ,അനിസിമോവ,ഡി മിനേയുർ, ഇഗ,മുസേറ്റി ക്വാർട്ടറിൽ
ന്യൂയോർക്ക് : യു.എസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് പ്രീ ക്വാർട്ടറിൽ മുൻ ചാമ്പ്യൻ അമേരിക്കൻ താരം കൊക്കോ ഗോഫിനെ കീഴടക്കി ജാപ്പനീസ് താരം നവോമി ഒസാക്ക ക്വാർട്ടറിലെത്തി. രണ്ട് വട്ടം യു.എസ് ഓപ്പൺ ചാമ്പ്യനായിട്ടുള്ള നവോമിയുടെ പരിക്കിന്റേയും മാതൃത്വത്തിന്റേയും ഇടവേള കഴിഞ്ഞുള്ള തിരിച്ചുവരവാണ് ഈ യു.എസ് ഓപ്പണിലേത്. 23-ാം സീഡായി മത്സരിക്കാനിറങ്ങിയ നവോമി 6-3,6-2 എന്ന സ്കോറിനാണ് മൂന്നാം സീഡായ കൊക്കോയെ കീഴടക്കിയത്. ഒരു മണിക്കൂർ നാലുമിനിട്ടാണ് മത്സരം നീണ്ടത്.
2018,2020 വർഷങ്ങളിലെ യു.എസ് ഓപ്പൺ ചാമ്പ്യനാണ് നവോമി ഒസാക്ക. കൊക്കോ ഗൗഫ് 2023ലെ യു.എസ് ഓപ്പൺ ചാമ്പ്യനായിരുന്നു. ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ കരോളിന മുച്ചോവയാണ് നവോമിയുടെ എതിരാളി. ചെക് റിപ്പബ്ലിക്കിന്റെ താരമായ മുച്ചോവ പ്രീ ക്വാർട്ടറിൽ മാർത്ത കോസ്റ്റ്യാക്കിനെ തോൽപ്പിച്ചാണ് അവസാന നാലിലേക്ക് കടന്നത്.
പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരം യാന്നിക്ക് സിന്നറും വനിതാ വിഭാഗത്തിൽ രണ്ടാം സീഡ് ഇഗ ഷ്വാംടെക്കും ക്വാർട്ടറിലെത്തിയിട്ടുണ്ട്. സിന്നർ പ്രീ ക്വാർട്ടറിൽ കാസഖിസ്ഥാൻകാരൻ അലക്സാണ്ടർ ബുബ്ളിക്കിനെ 6-1,6-1,6-1 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. ഇഗ 6-3,6-1ന് എകാതറീന അലക്സാൻഡ്രോവയെ തോൽപ്പിച്ച് അവസാന നാലിലെത്തി.
മറ്റൊരു വനിതാ പ്രീ ക്വാർട്ടറിൽ ഇത്തവണത്തെ വിംബിൾഡൺ ഫൈനലിസ്റ്റായ അമേരിക്കൻ താരം അമാൻഡ് അനിസിമോവ 6-0,6-3ന് ബ്രസീലിയൻ താരം ഹദാദ് മിയയെ തോൽപ്പിച്ചു.പുരുഷ പ്രീ ക്വാർട്ടറുകളിൽ ആഗർ അലിയാസിമെ ആന്ദ്രേ റൂബലേവിനെയും അലക്സ് ഡി മിനേയുർ ലിയാൻഡ്രോ റെയ്‌ഡിയേയും ലോറൻസോ മുസേറ്റി ജൗമേ മുനാറിനെയും കീഴടക്കി അവസാന നാലിലേക്ക് കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |