ന്യൂഡൽഹി: ലോകം സാമ്പത്തിക സ്വാർത്ഥത മൂലമുള്ള വെല്ലുവിളി നേരിടുമ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥ നേട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്‌ക്കെതിരെ യു.എസ് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയായിരുന്നു മോദിയുടെ ഒളിയമ്പ്. ഏപ്രിൽ-ജൂൺ പാദത്തിൽ 7.8 ശതമാനം ജി.ഡി.പി വളർച്ച നേടിയ ഇന്ത്യയുടെ മുന്നേറ്റം ആർക്കും തടയാനാകില്ല. ഇന്ത്യയിലെ സെമികണ്ടക്ടർ വിപ്ലവം സംബന്ധിച്ച 'സെമികോൺ ഇന്ത്യ 2025" പരിപാടി ഡൽഹിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ലോകത്തിന്റെ സെമികണ്ടക്ടർ ഭാവി ഇന്ത്യയിലാണ്. ഇന്ത്യയിൽ നിർമ്മിക്കുന്ന ചെറിയ ചിപ്പ് (സെമികണ്ടക്ടർ) ലോകത്ത് വലിയ മാറ്റം കൊണ്ടുവരും. ക്രൂഡ് ഓയിലിനെ സ്വർണമെന്ന് വിളിക്കും പോലെ ചിപ്പുകൾ ഡിജിറ്റൽ വജ്രങ്ങളാണെന്നും മോദി പറഞ്ഞു. നിലവിൽ 60,000 കോടി ഡോളറിന്റേതാണ് ലോകത്തെ ചിപ്പ് വിപണിമൂല്യം. അത് വൈകാതെ ഒരു ട്രില്യൺ ഡോളറാകും. അതിൽ ഇന്ത്യക്കായിരിക്കും വലിയ പങ്കെന്നും മോദി പറഞ്ഞു. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ചിപ്പായ വിക്രം-32 ബിറ്റ് പ്രോസസർ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഐ.എസ്.ആർ.ഒ ആണ് നിർമ്മിച്ചത്.
വിക്രം3201 എന്ന ഔദ്യോഗിക പേരുള്ള വിക്രം-32 ബഹിരാകാശ ദൗത്യങ്ങൾക്കുള്ള മൈക്രോപ്രോസസറാണ്. ഐ.എസ്.ആർ.ഒയുടെ ചണ്ഡീഗഡിലെ സെമികണ്ടക്ടർ ലബോറട്ടറിയിലാണ് നിർമ്മിച്ചത്. അടുത്ത മാർച്ച് മുതൽ ഐ.എസ്.ആർ.ഒ ഇത് ഉപയോഗിക്കും. 2023ലാണ് ഇന്ത്യയിലെ ആദ്യ സെമികണ്ടക്ടർ പ്ലാന്റിന് അനുമതി ലഭിച്ചത്. ഇതിനകം ഒന്നരലക്ഷം കോടിയുടെ പത്ത് പ്ലാന്റുകൾക്ക് അനുമതിയായി. ലോകത്തെ സെമികണ്ടക്ടർ നിർമ്മാണത്തിന്റെ 60 ശതമാനവും നിലവിൽ തയ് വാനിലാണ് നടക്കുന്നത്.
വിക്രം-32
വലിയ അളവിൽ ഡാറ്റ പ്രോസസ് ചെയ്യാൻ സഹായിക്കുന്നു.
ഉപഗ്രഹ വിക്ഷേപത്തിലെയും ബഹിരാകാശത്തെയും സങ്കീർണ സാഹചങ്ങളിൽ ഉപയോഗിക്കാം
എയ്‌റോസ്‌പേസ് എൻജിനിയറിംഗിൽ ഉപയോഗിക്കുന്ന അഡ ലാംഗ്വേജിലുള്ള പ്രോഗ്രാമിംഗിനെ പിന്തുണയ്ക്കും
സി പ്രോഗ്രാമിംഗ് ലാംഗ്വേജിനെ പിന്തുണയ്ക്കുന്ന രീതിയിൽ വികസിപ്പിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |