ന്യൂഡൽഹി: യമുനയിൽ ജലനിരപ്പ് അപകടനില കടന്നതോടെ ഡൽഹി പ്രളയഭീതിയിൽ. ഉത്തരേന്ത്യയിലെങ്ങും മഴക്കെടുതി തുടരുന്നു. ഒരാഴ്ചയായി തുടരുന്ന മഴയിൽ നിരവധി പേർ മരിക്കുകയും ഓട്ടേറെ പേരെ കാണാതാവുകയും ചെയ്തു. വീടുകളും തകർന്നു. ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം.
കനത്ത മഴയെ തുടർന്ന് ഹരിയാനയിലെ ഹത്‌നികുണ്ഡ്,ഡൽഹി അതിർത്തിയിലെ വസീറാബാദ് ബാരേജുകളിൽ നിന്ന് യമുനാ നദിയിലേക്ക് കൂടുതൽ വെള്ളം ഒഴുക്കിവിടുന്നുണ്ട്. അതിനൊപ്പം ഡൽഹിയിൽ ശക്തമായ മഴ തുടരുന്നതും വെള്ളപ്പൊക്കത്തിന് കാരണമായി. ഇന്നലെ വൈകിട്ട് മുതൽ യമുനയ്‌ക്ക് മുകളിലുള്ള പഴയ റെയിൽവേ പാലത്തിലൂടെയുള്ള ഗതാഗതം നിറുത്തിവച്ചു. വെള്ളപ്പൊക്ക പ്രദേശത്ത് താമസിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടി തുടങ്ങി.
ഏഴ് ദിവസത്തിലധികമായി തുടർച്ചയായി മഴ പെയ്യുന്ന പഞ്ചാബിൽ 10 ജില്ലകൾ പ്രളയത്തിലാണ്. ഇതുവരെ 29 പേരാണ് പ്രളയത്തിൽ മരിച്ചത്. സത്‌ലജ്, ബിയാസ് രവി നദകികളിൽ ജലനിരപ്പുയർന്നതും അണക്കെട്ടുകൾ തുറന്നുവിട്ടതുമാണ് പ്രളയത്തിന് കാരണം. 1300 ഗ്രാമങ്ങളാണ് വെള്ളത്തിനടിയിലായി. 6,582 പേരെ 122 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചൈനയിൽ നിന്ന് മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വൈകിട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനിനെ ഫോണിൽ വിളിച്ച് സഹായം ഉറപ്പുനൽകി.
ജമ്മു കാശ്മീരിൽ രണ്ടാഴ്ചയ്ക്കിടെ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും 50ലേറെ ആളുകൾ മരിച്ചു. ജമ്മു -ശ്രീനഗർ ദേശീയപാത എട്ട് ദിവസമായി അടച്ചിരിക്കുകയാണ്. ജമ്മു, രജൗരി, സാംബ, ദോഡ മേഖലകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഒട്ടേറെ കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു.
ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനവും മിന്നൽ പ്രളയവും അതേ തുടർന്നുള്ള മണ്ണിടിച്ചിലും മൂലം രണ്ടാഴ്ചയ്ക്കിടെ 10 പേർ മരിച്ചു. 69 പേരെ അവശിഷ്ടങ്ങൾക്കിടയിൽ കാണാതായി. ഹിമാചൽ പ്രദേശിൽ 337 പേരാണ് ഈ മൺസൂണിൽ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരിച്ചത്. ആറ് ദേശീയപാതകളടക്കം 1000ത്തിലധികം റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. 7 വരെ ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീർ, ഹരിയാന സംസ്ഥാനങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |