തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ കുന്നംകുളം പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. ചൊവന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്താണ് മർദ്ദനത്തിനിരയായത്. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോട് സുജിത്ത് വിവരം അന്വേഷിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാതെ വന്ന കുന്നംകുളം എസ്‌ഐ നുഹ്മാൻ സുജിത്തിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മദ്യപിച്ച് പ്രശ്നമുണ്ടാക്കി, പൊലീസിനെ കൃത്യനിർവഹണം ചെയ്യാൻ തടസമുണ്ടാക്കി എന്ന വ്യാജക്കുറ്റം ചുമത്തി ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. ജാമ്യം ലഭിച്ച സുജിത്ത് വിവരാവകാശ നിയമ പ്രകാരമാണ് ആക്രമിക്കുന്ന ദൃശ്യങ്ങൾ നേടിയെടുത്തത്. ഈ വീഡിയോ വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. അഞ്ച് പൊലീസുകാർ ചേർന്നാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. ആക്രമത്തിൽ കേൾവി തകരാറുണ്ടായെന്നാണ് സുജിത്ത് ആരോപിക്കുന്നത്.
വൈദ്യപരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. കോടതി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചുവെന്നും വ്യക്തമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |