തിരുവനന്തപുരം: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളിൽ ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് റിപ്പോർട്ട്. രണ്ട് യുവതികൾ ഗർഭഛിദ്രത്തിന് വിധേയരായ വിവരം ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചുവെന്നാണ് ഒരു സ്വകാര്യ വാർത്താചാനൽ റിപ്പോർട്ട്ചെയ്യുന്നത്. അദ്യം ഗർഭഛിദ്രത്തിന് വിധേയരായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ സഹായിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബംഗളൂരുവിലെ ആശുപത്രിയിലാണ് ഗർഭഛിദ്രം നടന്നതെന്ന വിവരവും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ആശുപത്രിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ആരും പരാതിനൽകിയിട്ടില്ലാത്തതിനാൽ കേസെടുക്കാനും അന്വേഷണസംഘത്തിന് കഴിയില്ല. ഗർഭഛിദ്രത്തിന് വിധേയായ യുവതികളെ കണ്ടെത്തി അവർക്ക് ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമുണ്ടായോ എന്ന് അന്വേഷിക്കുകയും അവരിൽ നിന്ന് പരാതി എഴുതിവാങ്ങി അന്വേഷണവുമായി മുന്നോട്ടുപോകാനും ക്രൈബ്രാഞ്ച് സംഘം ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസിൽ ക്രൈംബ്രാഞ്ച് പരാതിക്കാരുടെ മൊഴിയെടുത്തുതുടങ്ങി.മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലുള്ള ഒമ്പത് പരാതികളാണുള്ളത്. ഇതിൽ നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന ആരോപണത്തിൽ കേസെടുക്കണമെന്ന് പരാതിപ്പെട്ട ഹൈക്കോടതി അഭിഷകൻ ഷിന്റോയുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. കേരള കോൺഗ്രസ് നേതാവ് എ.എച്ച്.ഫഫീസിന്റെ മൊഴിയുമെടുത്തു. യുവതികൾ പരാതി നൽകിയിട്ടില്ല. ഇവരുമായി അടുപ്പമുള്ള മൂന്ന് മാദ്ധ്യമ പ്രവർത്തകരിൽ നിന്ന് വിവര ശേഖരണം തുടങ്ങി. ഇവരുടെ മൊഴിയും ശബ്ദരേഖയും അടിസ്ഥാനമാക്കി യുവതികളിൽ നിന്ന് വിവരം തേടാനാണ് നീക്കം. പുറത്തു വന്ന ശബ്ദ സന്ദേശം രാഹുലിന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കണം.
അതിനിടെ, രാഹുലിനെതിരായ കേസിന്റെ വിവരങ്ങൾ ക്രൈം ബ്രാഞ്ച് സ്പീക്കറെ അറിയിച്ചു. 15ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണിത്. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കിയെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ രാഹുലിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |