പ്രതിരോധ രംഗത്ത് സ്വയം മികവാർന്ന നിർമ്മാതാക്കളാകണം എന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനം ഇന്ത്യയ്‌ക്ക് കൂടുതൽ കരുത്ത് പകരുകയാണ്. ശത്രുരാജ്യങ്ങളുടെ ഭീഷണികളെ ചുട്ടുപൊള്ളുന്ന മരുഭൂമികളിലും തണുത്തുറഞ്ഞ പർവതമുകളിലും ചതുപ്പുകൾ നിറഞ്ഞ കണ്ടൽ പ്രദേശങ്ങളിലും ഒരുപോലെ നേരിടാവുന്ന ഒരു വാഹനം ഇന്ത്യ തയ്യാറാക്കുകയാണ്. രാജ്യത്തെ പ്രതിരോധ ഹെവി എഞ്ചിനീയറിംഗ് നിർമ്മാതാക്കളായ പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎൽ) ആണ് ഈ വാഹനം തയ്യാറാക്കുന്നത്.
ലൈറ്റ് ആർമോർഡ് മൾട്ടിപർപ്പസ് വെഹിക്കിളിന്റെ (എൽഎംപിവി) പുതിയ ഡിസൈൻ പ്രദർശിപ്പിച്ചത് ബിഇഎംഎല്ലിന്റെ കർണാടകയിലെ കോളാർ ഗോൾഡ് ഫീൽഡ്‌സിലെ (കെജിഎഫ്) നിർമ്മാണ ശാലയിലാണ്. ഇവിടെത്തന്നെയാകും ഈ എൽഎംപിവി നിർമ്മിക്കുക.
ഏത് കാലാവസ്ഥാ സാഹചര്യത്തിലും സൈന്യത്തിന് ഉപയോഗിക്കാവുന്ന ലഘു സൈനിക കവചിത വാഹനമാണ് തയ്യാറാകുന്നത്. ആത്മനിർഭർ ഭാരത് പ്രകാരം തയ്യാറാകുന്ന ഈ വാഹനം ഡ്യുവൽ ഡ്രൈവിംഗ് സംവിധാനത്തോടെ തയ്യാറാക്കുന്നവയാണ് (4*4, 4*2). 450 എച്ച്‌പി എഞ്ചിനിൽ STANAG ലെവൽ2 പ്രൊട്ടക്ഷൻ സംവിധാനമാണ് വാഹനത്തിനുള്ളത്. ബാലിസ്റ്റിക്,സ്‌ഫോടന ഭീഷണികളെ തകർക്കാൻ ഇതിനാകും.
13 ടൺ ആണ് ലഘു സൈനിക കവചിത വാഹനത്തിന്റെ ഭാരം കണക്കാക്കുന്നത്. 1.5 ടൺ ആണ് പേലോഡ് കപ്പാസിറ്റി. വൈവിദ്ധ്യമാർന്ന ഭൂപ്രദേശങ്ങളിൽ പെട്ടെന്നുള്ള പ്രതികരണം, രഹസ്യാത്മകമായ ഓപ്പറേഷനുകൾ തുടങ്ങി പലതിനും ഇവ സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ മരുഭൂമി പ്രദേശങ്ങൾ, മർദ്ദവ്യതിയാനമുള്ള ലേ പോലെയുള്ള പർവത നിരകളിൽ, ചതുപ്പ് നിലങ്ങൾ നിറഞ്ഞ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇവ ഉപകാരപ്രദമാകും.
ചുരുക്കം പറഞ്ഞാൽ ഇന്ത്യയുടെ ആധുനികമായ യുദ്ധസാഹചര്യങ്ങളെ ഒന്നാകെ മനസിലാക്കി അവിടങ്ങളിൽ ഉപയോഗിക്കാൻ വിധമുള്ള വാഹനമാകും ഇത്. 450 എച്ച്പി (335കിലോവാട്ട്) ഡീസൽ എഞ്ചിനാണ് വാഹനത്തിനുണ്ടാകുക. പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്റർ ആകും. ഡ്രൈവ് ചെയ്യുന്നയാൾക്ക് എളുപ്പത്തിനുള്ള ഫുള്ളി ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനാണ് ഈ എൽഎംപിവിയിലുള്ളത്.
5500 എംഎം നീളവും 2500 എംഎം വീതിയും 2340 എംഎം ഉയരവും ഇതിന് പ്രതീക്ഷിക്കുന്നു. വെടിയുണ്ടകളെ ഫലപ്രദമായി പ്രതിരോധിക്കുന്ന, ചെറിയ ആയുധങ്ങളെയും ഐഇഡികളെയും മൈനുകളെയും നിഷ്‌പ്രഭമാക്കാൻ കഴിവുള്ളതാകും ഈ വാഹനം.
ഒരേസമയം നാലുപേർക്ക് ഇതിൽ സഞ്ചരിക്കാനാകും. ഓരോ മിഷനും അടിസ്ഥാനമായുള്ള വസ്‌തുക്കളും ആശയവിനിമയ ഉപകരണങ്ങളും മെഡിക്കൽ കിറ്റുകളുമെല്ലാം ഇതിലുണ്ടാകും. മികച്ച ഗ്രൗണ്ട് ക്ളിയറൻസും ഈ വാഹനത്തിന് ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |