ഡെറാഡൂൺ: ജനങ്ങളെ കബളിപ്പിച്ച് മതംമാറ്റുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവർക്കെതിരെ നടപടികൾ കടുപ്പിച്ച് സർക്കാർ. ഉത്തരാഖണ്ഡ് സർക്കാർ ആവിഷ്‌കരിച്ച 'ഓപ്പറേഷൻ കാലനേമി'യിൽ 14 പേരാണ് അറസ്റ്റിലായത്. വ്യാജ സിദ്ധന്മാരും, സന്യാസികളുമായ ഇവർ ജനങ്ങളെ കബളിപ്പിച്ച് മതംമാറ്റുന്നതായാണ് കണ്ടെത്തിയത്. അറസ്റ്റിലായവരിൽ ചിലർ ബംഗ്ളാദേശികളാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.
ജനങ്ങളെ പറ്റിച്ച് മതംമാറ്റം നടത്തുന്നത് വ്യാപകമെന്ന പരാതി വന്നതോടെയാണ് ഓപ്പറേഷൻ കാലനേമി നടപ്പാക്കിയത്. ഇതുവഴി 5500 പേരെ ചോദ്യം ചെയ്‌തു. 1182 പേർക്കെതിരെ നിയമനടപടി എടുത്തു. ഇവരിൽ 14 പേരെയാണ് അറസ്റ്റ് ചെയ്‌തത്.
ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് ഓപ്പറേഷൻ കാലനേമി ഉത്തരാഖണ്ഡ് പൊലീസ് ആരംഭിച്ചത്. ഓഗസ്റ്റ് മാസത്തിൽ 300 പേരെ അറസ്റ്റ് ചെയ്‌തിരുന്നു. 4000 പേരെ ചോദ്യം ചെയ്‌ത ശേഷമായിരുന്നു ഇത്. ഹരിദ്വാറിൽ 2704 പേരെ ചോദ്യം ചെയ്‌തു. ഇതിൽ മൂന്നുപേരെ പിടികൂടി. 922പേർ ഡെറാഡൂണിൽ പരിശോധനക്ക് വിധേയരായപ്പോൾ അഞ്ച് പേർ അറസ്റ്റിലായി. ബംഗാളിൽ നിന്നുള്ള ഡോക്‌ടർ അമിത് കുമാർ എന്ന പേരിൽ ഇവിടെ ഒരു ബംഗ്ളാദേശ് പൗരൻ കഴിഞ്ഞ എട്ട് വർഷമായി കഴിഞ്ഞുവന്നിരുന്നു. ഇയാളെയും പിടികൂടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |