തൃശൂർ: പരിഷ്‌ക്കരിച്ച ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കണമെന്ന് ടെക്‌സ്റ്റൈൽ ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷൻ കേന്ദ്ര ധനമന്ത്രിയോടും ജി.എസ്.ടി കൗൺസിൽ അംഗങ്ങളോടും അഭ്യർത്ഥിച്ചു. 2017ലെ ജി.എസ്.ടി നിരക്ക് 1,000 രൂപ വരെ മൂല്യമുള്ള വിൽപ്പനകൾക്ക് അഞ്ച് ശതമാനവും അതിന് മുകളിൽ 12 ശതമാനവുമാണ്. പുതിയ നിരക്കുപ്രകാരം 1,000 എന്ന പരിധി 2,500ലേക്ക് ഉയർത്തി. അതിന് മുകളിലുള്ള വില്പനകൾക്ക് 18 ശതമാനം നികുതി ഏർപ്പെടുത്തി.
കഴിഞ്ഞ എട്ടു വർഷത്തെ പണപെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ 1,000 രൂപയിൽ നിന്ന് 2,500 രൂപയിലേക്ക് പരിധി ഉയർത്തിയത് ഒട്ടും ആശ്വാസകരമല്ലെന്ന് ടെക്‌സ്റ്റൈൽ ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷൻ പറയുന്നു. 18 ശതമാനം നികുതി ചുമത്താനുള്ള തീരുമാനം വസ്ത്രവിപണന മേഖലയ്ക്ക് ആഘാതമാകും. ശരാശരി ഉപഭോക്താവ് ഉത്സവകാലങ്ങളിൽ ഏതാണ്ട് 2,500 രൂപ വസ്ത്രങ്ങൾക്കായി ചെലവഴിക്കുമെന്നാണ് കണക്ക്. ഇതിന് മുകളിൽ 18 ശതമാനം നികുതി ചുമത്തുന്നത് ഉപഭോക്താക്കളെയും കച്ചവടക്കാരെയും സാരമായി ബാധിക്കും. വൻകിട കുത്തകകളും ഓൺലൈൻ ഭീമന്മാരും ഉയർത്തുന്ന ഭീഷണി പരമ്പരാഗത വസ്ത്രവിപണിയെ നഷ്ടത്തിലാക്കിയിട്ടുണ്ട്. നികുതി കാര്യത്തിൽ പുനർവിചിന്തനം നടത്തണമെന്നും അഞ്ച് ശതമാനം ഏകീകൃത നിരക്ക് ഏർപെടുത്തണമെന്നും ടെക്‌സ്‌റ്റൈൽ ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.എസ്.പട്ടാഭിരാമൻ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |