ഒരു വീട് വാങ്ങണോ അതോ വാടകയ്ക്ക് താമസിക്കണോ? കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രധാന നഗരങ്ങളിൽ വീടിനും വസ്തുവിന് വില കുതിച്ചുയർന്നതോടെ പലരുടെയും മനസ്സിലുള്ള ചോദ്യമാണിത്. ഈ വിഷയത്തെക്കുറിച്ച് ഒരു സാമ്പത്തിക വിദഗ്ദ്ധൻ അടുത്തിടെ നടത്തിയ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അക്ഷത് ശ്രീവാസ്തവ ട്വിറ്ററിൽ നടത്തിയ ഒരു പരാമർശമാണ് സംവാദത്തിന് തുടക്കമിട്ടത്.
ഗുഡ്ഗാവ് പോലുള്ള ഇന്ത്യൻ മെട്രോ നഗരങ്ങളിൽ വീട് വാങ്ങുന്നത് "ഏറ്റവും വലിയ തെറ്റാണ്" എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ബിൽഡർമാർക്ക് വലിയ സ്വാധീനമുള്ള ഇത്തരം വിപണികളിൽ വസ്തുക്കൾക്ക് അമിതവില നൽകേണ്ടിവരുമെന്നും, അമിതമായ നിർമ്മാണപ്രവർത്തനങ്ങൾ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുമെന്നും അദ്ദേഹം പറയുന്നു. പുതിയ വീടുകൾ നിരന്തരം വരുന്നതിനാൽ സ്വന്തം വീട് പിന്നീട് വിൽക്കാൻ ബുദ്ധിമുട്ടാണെന്നും, അതുകൊണ്ട് വാടകയ്ക്ക് താമസിക്കുന്നതാണ് കൂടുതൽ സമാധാനപരമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.
എന്നാൽ, ശ്രീവാസ്തവയുടെ ഈ അഭിപ്രായത്തോട് പലരും എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. സ്വന്തമായി വീട് വാങ്ങിയവർ അതിലൂടെ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ചിലർ പറയുന്നത്. 12 വർഷം മുൻപ് വാങ്ങിയ ഫ്ലാറ്റിന്റെ വില 5 മടങ്ങ് വർദ്ധിച്ചുവെന്നും ഇത് തനിക്ക് 15% വാർഷിക വരുമാനം നേടിക്കൊടുത്തെന്നും സ്വന്തം വീട് നൽകുന്ന മാനസിക സമാധാനം വേറെ ഒരിടത്ത് നിന്നും കിട്ടില്ലെന്നും പറയുന്നവരുമുണ്ട്.
സ്വന്തമായ് ഒരു വീടുണ്ടെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ വസ്തുവില വർദ്ധിക്കുന്നത് വലിയ ലാഭം നൽകും കൂടാതെ സുരക്ഷിതത്വവും വാടക വർദ്ധനവ് പോലുള്ള പ്രശ്നങ്ങളിൽ നിന്ന് മോചനം നൽകുകയും ചെയ്യും.
എന്നാൽ വാടകയ്ക് താമസിക്കുന്നതിലൂടെ, ബിൽഡർമാരുടെ സ്വാധീനം കാരണം മെട്രോ നഗരങ്ങളിൽ വസ്തുവിനും വീടിനും നൽകുന്ന അമിതവില ഒഴിവാക്കാൻ കഴിയും. വീടിന്റെ പരിപാലനം, വിൽപന തുടങ്ങിയ തലവേദനകളില്ലാതെയും ജീവിക്കാൻ ഇത് സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |