SignIn
Kerala Kaumudi Online
Sunday, 05 October 2025 4.05 AM IST

തുരങ്കപ്പാതയും മെഡി. കോളേജും വയനാടിന് ഓണസമ്മാനങ്ങൾ

Increase Font Size Decrease Font Size Print Page
sad



വയനാട് ജില്ലയ്ക്ക് ഇത്തവണ രണ്ട് ഓണ സമ്മാനങ്ങൾ. ആനക്കാംപൊയിൽ കള്ളാടി തുരങ്കപ്പാതയും വയനാട് ഗവ. മെഡിക്കൽ കോളേജിനുള്ള നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻ.എം.സി) അനുമതിയും. വയനാടിന് ഇത് ചരിത്രനേട്ടവും രണ്ടാം പിണറായി സർക്കാരിന് പൊൻതൂവലുമാണ്. വയനാട്ടുകാർക്കുള്ള ഓണസമ്മാനമായി വേണം ഇതിനെ കാണാൻ. എൻ.എം.സി അംഗീകാരത്തിന് പുറമെ മെഡിക്കൽ കോളേജിൽ അമ്പത് എം.ബി.ബി.എസ്. സീറ്റുകൾക്കും അനുമതി ലഭിച്ചു. എല്ലാംകൊണ്ടും സംസ്ഥാനത്ത് ഏറെ പിന്നാക്കം നിൽക്കുന്ന ജില്ലയ്ക്ക് ഇരട്ടതുരങ്ക പാതയും മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളേജിനുള്ള അംഗീകാരവും ചെറിയ കാര്യമല്ല. വയനാടിനെ നെഞ്ചോട് ചേർക്കാൻ കാണിച്ച പിണറായി സർക്കാരിന്റെ ഇച്ചാശക്തിയും ആർജ്ജവവും പ്രശംസിക്കേണ്ടത് തന്നെ. ചുരം റോഡും ജില്ലയിലെ ആരോഗ്യരംഗവും കുറെ കാലമായി ചർച്ചാ വിഷയമായിരുന്നു. അതിന് രണ്ടിനുമാണ് ഇപ്പോൾ പരിഹാരമാകാൻ പോകുന്നത്. ഈ കുറിപ്പ് തയ്യാറാക്കുമ്പോഴും ബീക്കൻ ലൈറ്റുമിട്ട് സൈറൺ മുഴക്കി വിദഗ്ധ ചികിത്സ തേടി ആംബുലൻസുകൾ കോഴിക്കോടേക്ക് കുതിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഈ പോക്കിലും തിക്കിലും തിരക്കിലും ചുരം റോഡ് ശക്തമായ ഗതാഗത കുരുക്കിലുമാണ്. ഇന്നലെ കാലത്തും ചുരത്തിൽ ആറാം വളവിൽ ലോറി തകരാറായതിനെ തുടർന്നുണ്ടായ ഗതാഗത കുരുക്ക് മണിക്കൂറുകളോളമാണ് നീണ്ടത്.

സഞ്ചാരികളെ കാത്ത്

അവധിക്കാലം തുടങ്ങിയതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം സഞ്ചാരികളെ കാത്തിരിക്കുകയാണ്. നാളെയാണ് തിരുവോണം. സംസ്ഥാനത്തിനകത്തും പുറത്ത് നിന്നുമായി ആയിരക്കണക്കിന് വാഹനങ്ങളാണ് ചുരം വഴി വയനാട്ടിലേക്ക് കയറുന്നത്. വരുംദിനങ്ങളിൽ വാഹനനിര പതിന്മടങ്ങായി വർദ്ധിക്കും. കഴിഞ്ഞ ദിവസം ചുരത്തിലുണ്ടായ മണ്ണിടിച്ചിൽ കാരണം വയനാട് ബാഹ്യലോകവുമായി അക്ഷരാർത്ഥത്തിൽ ഒറ്റപ്പെട്ടു. ബദൽ പാതകൾക്ക് വേണ്ടിയുള്ള ആവശ്യങ്ങൾക്കും വർഷങ്ങളുടെ പഴക്കമുണ്ട്. അപ്പോഴാണ് ഇരട്ട തുരങ്കപ്പാതയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കാനായി മുഖ്യമന്ത്രിയും മന്ത്രിമാരും അങ്ങ് അനന്തപുരയിൽ നിന്നെത്തിയത്. രാഷ്ട്രീയഭേദമന്യേ ഒരു പ്രദേശത്തെ ജനത ആവേശത്തോടെയാണ് തുരങ്കപ്പാതയുടെ ഉദ്ഘാടന ചടങ്ങിലേക്ക് എത്തിയത്. ഇത് ചെറിയ കാര്യമല്ല. നാലുവർഷം കൊണ്ട് പദ്ധതി യാഥാത്ഥ്യമാകുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. അത് യാഥാർത്ഥ്യമാകട്ടെ. വരും തലമുറകൾക്ക് സുഖകരമായ ഒരു യാത്ര.

വികസന വഴിയിൽ

മെഡി. കോളജ്

1980 നവംബർ ഒന്നിന് നായനാർ സർക്കാരാണ് വയനാട് ജില്ലയ്ക്ക് രൂപം നൽകുന്നത്. ജില്ല രൂപീകൃതമാകുന്നതിന് മുമ്പുതന്നെ സി.പി.എം ജില്ലാ കമ്മറ്റിക്ക് രൂപം നൽകി പ്രവർത്തനം തുടങ്ങിയിരുന്നു. വയനാട് ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആദ്യമായി പ്രമേയം കൊണ്ടുവന്നത് അന്നത്തെ കോഴിക്കോട് എം.എൽ.എ ആയിരുന്ന ചാത്തുണ്ണി മാസ്റ്ററായിരുന്നു. ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ കാണാൻ അന്നുള്ളവർക്ക് കഴിഞ്ഞുവെന്ന് ഇത് തെളിയിക്കുന്നു. ഈ സമയത്ത് ജില്ലാ ആസ്ഥാനത്തെ ചൊല്ലി തർക്കങ്ങളുണ്ടായെങ്കിലും ഒടുവിൽ ആസ്ഥാനപദവി കൽപ്പറ്റക്ക് ലഭിച്ചു. മാനന്തവാടിക്കാരുടെ നിരാശയ്ക്ക് പരിഹാരമെന്ന നിലയ്ക്കാണ് ജില്ലാ ആശുപത്രിയും ജില്ലാ മെഡിക്കൽ ഓഫീസും ആർ.ഡി.ഒ ഓഫീസുമെല്ലാം മാനന്തവാടിയിൽ അനുവദിച്ചത്. വീരകേരള വർമ്മ പഴശിരാജ അന്ത്യവിശ്രമം കൊള്ളുന്ന മാനന്തവാടിയിൽ ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥിതി ചെയ്യുന്ന ഗവ. താലൂക്ക് ആശുപത്രിക്ക് അങ്ങനെ ജില്ലാ ആശുപത്രി പദവി ലഭിച്ചു. പേര് ജില്ലാ ആശുപത്രി എന്നാണെങ്കിലും താലൂക്ക് ആശുപത്രിയുടെ പദവിയിൽ നിന്നുയരാൻ എന്തുകൊണ്ടോ കഴിയാതെ വന്നു. അന്നു മുതൽ ഇവിടെ നിന്ന് റഫർ ചെയ്യുന്ന രോഗികളെയും കൊണ്ട് കോഴിക്കോട്ടേക്ക് ഓടുന്ന ആംബുലൻസുകൾക്ക് ഇന്നും വിശ്രമമില്ല!

2021 ഫെബ്രുവരിയിൽ പിണറായി സർക്കാരിൽ കെ.കെ. ശൈലജ ടീച്ചർ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിയത്. മെഡിക്കൽ കോളേജ് എവിടെ വേണമെന്നത് സംബന്ധിച്ചും തർക്കങ്ങമുണ്ടായി. ചന്ദ്രപ്രഭാ ചാരിറ്റബൾ സൊസൈറ്റി മടക്കി മലയിൽ മെഡിക്കൽ കോളേജ് ആരംഭിക്കുവാൻ അമ്പതേക്കർ ഭൂമി സൗജന്യമായി നൽകിയിരുന്നെങ്കിലും പാരിസ്ഥിതിക പ്രശ്നത്തിന്റെ പേരിൽ ഇവിടെ നിർമ്മാണങ്ങളൊന്നും നടന്നില്ല. നിലവിൽ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയെ വികസിപ്പിച്ചുകൊണ്ട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ കൊണ്ടുപോവുകയായിരുന്നു. ഇതിനായി മന്ത്രി ഒ.ആർ. കേളുവിന്റെ ശക്തമായ ഇടപെടലുകളും നടന്നിട്ടുണ്ട്. പരിമിതമായ സ്ഥലത്ത് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ആരംഭിച്ചത്. ആശുപത്രിയോടനുബന്ധിച്ച് 45 കോടി ചെലവിൽ ആറ് നിലക്കെട്ടിടവും നിർമ്മിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നടത്താൻ എത്തിയത്. ഇവിടെയാണ് എം.ബി.ബി.എസ്. അദ്ധ്യായനം ആരംഭിക്കുക. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വയനാട് കാസർഗോഡ് ഉൾപ്പെടെ നാല് മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം ലഭിച്ചെങ്കിലും വയനാട് മെഡി. കോളേജ് ഒരു ചോദ്യചിഹ്നമായി നിലകൊണ്ടു. അങ്ങനെയിരിക്കെ ഇന്നലെയാണ് മെഡി. കോളേജിന് എൻ.എം.സി അംഗീകാരം ലഭിക്കുന്നത്.

ആവശ്യം സുഗമമായ പ്രവ‌ർത്തനം

ഇനി വേണ്ടത് മെഡി. കോളേജ് സുഗമമായ നിലയിൽ പ്രവർത്തിക്കാനുള്ള കെട്ടിടങ്ങളാണ്. മാനന്തവാടി ആശുപത്രിക്കുന്നിൽ ഗവ.യു.പി സ്കൂൾ അടക്കം നിരവധി കെട്ടിടങ്ങൾ സർക്കാരിന്റെ നിയന്ത്രണത്തിലുണ്ട്. അത് മെഡി. കോളേജുകൾക്കായി ഏറ്റെടുക്കാവുന്നതാണ്. തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്സ് ‌‌ടൗണിൽ അക്കാഡമിക് കെട്ടിടത്തിനായി സ്ഥലം കണ്ടെത്തിയിരുന്നു. ഇത് നിയമക്കുരുക്കിലാണ്. കെട്ടിട നിർമ്മാണം ഇനിയും നീണ്ടുപോകാം. മാനന്തവാടി അമ്പുകുത്തിയിൽ വനംവകുപ്പിന്റെ നിയന്ത്രണത്തിൽ ഏക്കറുകണക്കിന് സ്ഥലമുണ്ട്. ഇവിടെ മെഡി. കോളേജിന്റെ അനുബന്ധ കെട്ടിടങ്ങൾ പണിയാവുന്നതാണ്. വനംവകുപ്പിന് പകരം ഭൂമി കണ്ടെത്തിയാൽ മാത്രം മതി.

വികസനം മാനന്തവാടിയുടെ മറ്റ് പരിസരങ്ങളിലേക്ക് വ്യാപിപ്പിക്കാനും നടപടികൾ ആവശ്യമാണ്. മെഡിക്കൽ കോളേജായി ഉയർത്തിയെങ്കിലും ആധികാരിക രേഖകളിലെല്ലാം ഇപ്പോഴും ജില്ലാ ആശുപത്രി എന്ന് തന്നെയാണുള്ളത്. അതിന് മാറ്റമുണ്ടായേക്കാം. ഒരു സൂപ്പർ സ്പെഷ്യാലിറ്റ് ചികിത്സാ സൗകര്യം ജനങ്ങൾക്ക് ലഭിക്കണം. ഇരട്ട തുരങ്കപ്പാത പോലെ ജില്ലയിലെ ആരോഗ്യമേഖലയ്ക്കും വേണം ഒരു കുതിച്ച് ചാട്ടം. ഇപ്പോൾ പേരിന് കാർഡിയോളജി മാത്രമാണ് വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആകെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി തസ്തിക. അതും ആഴ്ചയിൽ രണ്ടുതവണ അമ്പതുപേർക്ക് മാത്രം. മെഡിക്കൽ കോളേജിനുള്ള അംഗീകാരത്തോടെ ഇനി അതൊക്കെ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം.

TAGS: WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.