തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്‌പർജില്ലസ് ഫ്ളാവസ് ഫംഗസ് മസ്തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പതിനേഴുകാരൻ ജീവിതത്തിലേക്ക് മടങ്ങിയെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയാണ് കൊല്ലം ശൂരനാട് സ്വദേശിയായ വിദ്യാർത്ഥിക്ക് രക്ഷയായത്.
അപൂർവമായ രണ്ട് മസ്തിഷ്‌ക അണുബാധ ഒന്നിച്ച് ബാധിച്ചയാൾ രക്ഷപ്പെടുന്നത് ലോകത്താദ്യമാണെന്ന് മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗുരുതരാവസ്ഥയിൽ മൂന്ന് മാസം ചികിത്സയിലായിരുന്ന വിദ്യാർത്ഥി പൂർണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. കുളത്തിൽ കുളിച്ചതിനു പിന്നാലെയാണ് മസ്തിഷ്‌കജ്വരമുണ്ടായത്. തുടർന്ന് ബോധക്ഷയമുണ്ടാകുകയും ഇടതുവശം തളരുകയും ചെയ്തതോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സെറിബ്രോ സ്‌പൈനൽ ഫ്ളൂയിഡിൽ അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തി. ചികിത്സ ആരംഭിച്ചതോടെ തളർച്ചയും ബോധക്ഷയവും മാറി. എന്നാൽ കാഴ്ച മങ്ങുകയും തലച്ചോറിൽ സമ്മർദ്ദം കൂടി പഴുപ്പ് കെട്ടുകയും ചെയ്തു. തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
തലച്ചോർ ശസ്ത്രക്രിയ രണ്ടുതവണ
എം.ആർ.ഐ സ്‌കാനിംഗിൽ തലച്ചോറിൽ പഴുപ്പ് കണ്ടെത്തി. തുടർന്ന് ന്യൂറോ സർജറി വിഭാഗം അടിയന്തര ശസ്ത്രക്രിയ നടത്തി. ആദ്യഘട്ട ചികിത്സയ്ക്ക് ശേഷം രോഗം മൂർച്ഛിച്ചതോടെ വീണ്ടും ശസ്ത്രക്രിയ. നീക്കിയ പഴുപ്പ് പരിശോധിച്ചപ്പോൾ ആസ്‌പർജില്ലസ് ഫ്ളാവസ് ഫംഗസിന്റെ സാന്നിദ്ധ്യം. ഒന്നര മാസത്തെ തീവ്ര ചികിത്സയിലാണ് രോഗം ഭേദമായത്. മെഡിക്കൽ കോളേജ് സൂപ്രണ്ടും ന്യൂറോ സർജനുമായ ഡോ. സുനിൽകുമാറാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത്. ന്യൂറോ സർജൻമാരായ ഡോ.രാജ് എസ്. ചന്ദ്രൻ, ഡോ.ജ്യോതിഷ് എൽ.പി, ഡോ.രാജാകുട്ടി എന്നിവരും പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |