തിരുവനന്തപുരം : സമഗ്ര നഗരനയം അന്തിമമാക്കുന്നതിനുള്ള കേരളാ അർബൻ അന്താരാഷ്ട്ര കോൺക്ലേവ് ഈമാസം 12,13 തീയതികളിൽ കൊച്ചിയിൽ നടക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹയാത്ത് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോൺക്ലേവിനോട് അനുബന്ധിച്ച് കേരളത്തിന്റെ നഗരവത്കരണത്തെ സമഗ്രമായി അവതരിപ്പിക്കുന്ന പ്രദർശനം 11 മുതൽ 15 വരെ മറൈൻ ഡ്രൈവിൽ നടക്കും. കോൺക്ലേവിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും മേയർമാരും 237 വിദഗ്ദ്ധരും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാരും മേയർമാരും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. കോൺക്ലേവിലെ നിർദേശങ്ങൾ കൂടി പരിഗണിച്ചാവും നഗരനയത്തിന് അന്തിമരൂപം നൽകുക. ആയിരം പ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കും തെക്കനേഷ്യയ്ക്കും ഒരു ചട്ടക്കൂടും മാതൃകയുമായിരിക്കും ഈ നഗരനയമെന്ന് മന്ത്രി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |