കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ നടത്തിയ പരിശോധനാഫലം പോസിറ്റീവ് ആകുകയായിരുന്നു.കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. ഓമശ്ശേരി കണിയമ്പുറം വീട്ടിൽ അബ്ദുൾ സിദ്ദിഖ്- മെെനൂന ദമ്പതികളുടെ മകൻ മുഹമ്മദ് ആഹിലാണ് മരിച്ചത്.
ദിവസങ്ങൾക്ക് മുൻപ് മലപ്പുറം കണ്ണമംഗലം ചേറൂർ കാപ്പിൽ കണ്ണേത്ത് റംലയും (52) കഴിഞ്ഞ മാസം 15ന് താമരശ്ശേരി ആനപ്പാറ പൊയിൽ സനൂപിന്റെ മകൾ അനയയും രോഗംബാധിച്ച് മരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച അനയയുടെ സഹോദരങ്ങൾ ചികിത്സയിലാണ്. അമീബിക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ജാഗ്രത തുടരുന്നതിനിടെയാണ് മൂന്ന് മരണവുമുണ്ടായത്. നിലവിൽ 10പേർ കോഴിക്കോട് മെഡിക്കൽ കോളേജിലടക്കം ചികിത്സയിലുണ്ടെന്നാണ് വിവരം. രണ്ടു പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. രോഗബാധിതർക്ക് കൃത്യമായ ചികിത്സ നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജിത് കുമാർ പറഞ്ഞിരുന്നു.
ഇതിനിടെ, ആശ്വാസവാർത്തായി അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസ് ഫംഗസ് മസ്തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാരൻ ജീവിതത്തിലേക്ക് തിരികെയെത്തി. ലോകത്തുതന്നെ വളരെ അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് മസ്തിഷ്‌ക അണുബാധയും ഒരുമിച്ച് ബാധിച്ചയാൾ രക്ഷപ്പെടുന്നത് ഇതാദ്യമായാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |