ചെറിയ മോഷണം ചെയ്യുന്നവർ മുതൽ കൊടുംകുറ്റവാളികൾ ഉൾപ്പെടെയുളളവരെ പാർപ്പിക്കുന്ന സ്ഥലമാണ് ജയിലുകൾ. ഒരുകാലത്ത് ഗോതമ്പുണ്ട പോലുളള ഭക്ഷണങ്ങൾ കഴിച്ചും കൊതുകുകടിയും കൊണ്ടാണ് കുറ്റവാളികൾ കഴിഞ്ഞതെങ്കിൽ ഇപ്പോഴത്തെ അവസ്ഥ വ്യത്യസ്തമാണ്. മെനു അനുസരിച്ചുളള ഭക്ഷണവും തരക്കേടില്ലാത്ത താമസസൗകര്യവുമാണ് പല ജയിലുകളിലും ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക ജയിലുകളുടെയും അവസ്ഥ സമാനമാണ്. എന്നാൽ രാജ്യത്തുടനീളമുളള ജയിലുകളുടെ അവസ്ഥ എന്താണെന്ന് വ്യക്തമല്ല.
ജയിലിലെത്തുന്ന എല്ലാ അന്തേവാസികൾക്കും ഒരേ താമസ സൗകര്യമാണോ ഒരുക്കുന്നത്? അല്ല. അതിൽ മാറ്റമുണ്ട്. ജയിലിലെത്തുന്ന ചിലർക്ക് പ്രത്യേക ആനുകൂല്യങ്ങൾ അധികൃതർ ഒരുക്കാറുണ്ട്. അങ്ങനെയുളള തടവുകാർക്ക് മറ്റുളളവരിൽ നിന്ന് മികച്ച ജയിൽ വാസമായിരിക്കും ലഭിക്കുന്നത്. ഇവരുടെ ജയിൽ ജീവിതവും ഭക്ഷണവും ലഭിക്കുന്ന വസ്ത്രങ്ങളും സാധാരണ തടവുകാർക്ക് ലഭിക്കുന്നതിനേക്കാൾ മികവുറ്റതായിരിക്കും. ചില സംസ്ഥാനങ്ങളിൽ ഈ തടവുകാരെ സുപ്പീരിയർ ക്ലാസ് കുറ്റവാളികൾ എന്നും അല്ലെങ്കിൽ മറ്റുചില സംസ്ഥാനങ്ങളിൽ കാറ്റഗറി എ തടവുകാർ എന്നും വിളിക്കുന്നു.
ജയിലിലെ രീതിയനുസരിച്ച് തടവുകാരെ പ്രധാനമായും നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യ വിഭാഗത്തിൽ വിചാരണ തടവുകാരാണ്. കോടതിയിൽ കേസ് നിലനിൽക്കുന്നവരും കുറ്റകൃത്യങ്ങൾ ഇതുവരെ തെളിയിക്കപ്പെടാത്തവരുമാണ് ഇവർ. രണ്ടാമത്തെ വിഭാഗത്തിൽ കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടതും കോടതി ശിക്ഷ വിധിച്ചതുമായ കുറ്റവാളികളാണ്. മൂന്നാമത്തെ വിഭാഗത്തിൽ സിവിൽ കേസുകൾ നേരിടുന്ന തടവുകാരാണ്. നാലാമത്തെ വിഭാഗത്തിൽ ദേശീയ സുരക്ഷാ നയം അല്ലെങ്കിൽ പ്രതിരോധ തടങ്കൽ നിയമങ്ങൾ പ്രകാരം തടവിലാക്കപ്പെട്ടവരും ഉൾപ്പെടുന്നു. തടവുകാരിൽ ജയിൽ രേഖകളനുസരിച്ച് ചില ഉപവിഭാഗങ്ങളും ഉണ്ട്.
സുപ്പീരിയർ ക്ലാസ് തടവുകാർ
സുപ്പീരിയർ ക്ലാസ് അല്ലെങ്കിൽ കാറ്റഗറി എ തടവുകാർ ആദ്യവിഭാഗത്തിൽപ്പെടുന്നവരാണ്. ഇവർ പ്രധാനമായി സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, ബിസിനസ് മേഖലകളിൽ പ്രമുഖ സ്ഥാനങ്ങൾ വഹിക്കുന്നവരാകാം. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വ്യവസായികൾ, ഉന്നത ഉദ്യോഗസ്ഥർ, എഴുത്തുകാർ, സാമൂഹിക പ്രവർത്തകർ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്. ഇവർ പ്രത്യേക സെല്ലുകളിലോ ബാരക്കുകളിലോ ആണ് കഴിയുന്നത്. ഇവർക്ക് കിടക്ക, ചെറിയ മേശ, സ്റ്റൂൾ, വിളക്ക്, കൊതുകുവല, ഭക്ഷണത്തിനായി ഗ്ലാസുകൾ, കപ്പുകൾ, ജഗ്ഗുകൾ, സ്പൂണുകൾ, പ്ലേറ്റുകൾ എന്നിവ ലഭ്യമാണ്. ഇവർക്ക് കഠിനമായ ജോലികൾ ചെയ്യേണ്ട ആവശ്യമില്ല. പകരം വായനശാലയിൽ ജോലി ചെയ്യുക, മറ്റ് തടവുകാരെ പഠിപ്പിക്കുക, കത്തിടപാടുകൾ കൈകാര്യം ചെയ്യുക തുടങ്ങിയ ജോലികൾ മാത്രമാണ് അവർക്ക് നൽകാറുളളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |