ഹിസോര്‍: കാഫ നേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും സമനിലയില്‍ പിരിഞ്ഞു. മികച്ച മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മത്സരത്തില്‍ പക്ഷേ വല കുലുക്കാന്‍ ഇരു സംഘങ്ങള്‍ക്കും കഴിഞ്ഞില്ല. ഇതോടെയാണ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞത്. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ഭാവി ഇനി ഗ്രൂപ്പിലെ അവസാന മത്സരമായ താജികിസ്ഥാന്‍ - ഇറാന്‍ പോരാട്ടതിലാണ്.
ടൂര്‍ണമെന്റില്‍ ആതിഥേയരായ താജിക്‌സിഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഇന്ത്യ ശക്തരായ ഇറാനോട് പൊരുതി നിന്നതിന് ശേഷം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയിരുന്നു. ആദ്യ പകുതിയില്‍ ഇറാനെ ഗോളടിക്കാന്‍ അനുവദിക്കാതെ തടഞ്ഞ ശേഷമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. പുതിയ പരിശീലകന്‍ ഖാലിദ് ജമീലിന് കീഴില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച ഇന്ത്യക്ക് ഒരു ജയം, സമനില, തോല്‍വി എന്നിങ്ങനെ നാല് പോയിന്റാണുള്ളത്.
ഇന്ത്യയോട് സമനില നേടിയെങ്കിലും അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. താജികിസ്ഥാന് മൂന്ന് പോയിന്റാണുള്ളത്. ശക്തരായ ഇറാനെ അട്ടിമറിച്ചാല്‍ മാത്രമേ താജികിസ്ഥാന് ഇനി ടൂര്‍ണമെന്റില്‍ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. അതിനുള്ള സാദ്ധ്യത വിദൂരമായതിനാല്‍ തന്നെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇറാനും രണ്ടാം സ്ഥാനക്കാരായി ഇന്ത്യയും അടുത്ത റൗണ്ടിലേക്ക് മുന്നേറുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |