കയ്പമംഗലം: ഓൺലൈനിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഊളക്കാട് ആസാദ് റോഡ് പയ്യപ്പിള്ളി വീട്ടിൽ സലീഷിനെയാണ് (37) തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി ചന്ദന വീട്ടിൽ ഡാച്ചുവിന്റെ (39) പരാതിയിലാണ് അറസ്റ്റ്. ഷിപ്പ് ഹീറോ എന്ന കമ്പനിയിൽ പാർട് ടൈം ജോലി നൽകാമെന്നു പറഞ്ഞ് 8.67 ലക്ഷം രൂപ കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങിയായിരുന്നു തട്ടിപ്പ്. പരാതിക്കാരനിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ നിന്ന് 60,000 രൂപ സ്വന്തം അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് സലീഷിനെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സലീഷ് കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2021 ൽ കാക്കാത്തുരുത്തിയിൽ കാറളം കിഴുത്താണി സ്വദേശി കൂത്തുപാലക്കൽ വീട്ടിൽ ശരത്ത് എന്നയാളെ കൊലപ്പെടുത്തിയ കേസിലും, കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വധശ്രമക്കേസിലും പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |