പ്രസിഡന്റ്, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്
ഗുരുദേവന്റെ തത്വദർശനത്തിന്റെ അടിസ്ഥാനം അറിവാണ്. അറിവ് ഈശ്വര സ്വരൂപമാണ്. ഗുരുദേവൻ, കൃതികളിലുടനീളം അറിവെന്ന പദം ഈശ്വരവാചിയായി പ്രയുക്തമാക്കിയിരിക്കുന്നു. അറിവ് എന്ന കൃതിയിൽ 15 ശ്ലോകങ്ങളുണ്ട്. 60 വരികളിലായി വിവിധ അർത്ഥം സൂചിപ്പിച്ച് 70 പ്രാവശ്യം അറിവെന്ന പദമുണ്ട്! ദ്വിതീയാക്ഷര പ്രാസം, അനുപ്രസം എന്നിങ്ങനെ പ്രാസവഴക്കുകൾ നടന്നിരുന്ന കാലത്ത് ഗുരുദേവൻ രചിച്ച സർവ്വപ്രാസ നിബദ്ധമായ അറിവെന്ന കൃതിയുടെ ആകാരം അത്ഭുതാവഹം തന്നെ.
'അറിയപ്പെടുമിതു വേറ -
ല്ലറിവായീടും തിരഞ്ഞിടും നേരം
അറിവിതിലൊന്നായതു കൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും!"
അറിവിൽ നിന്ന് അന്യമായി ഗുരു ഒന്നിനെയും കാണുന്നില്ല. അറിവും അറിയുന്നവനും അറിയപ്പെടുന്ന വസ്തുവും ഏകമാണ്. ആദിമമായ ഒരേ അറിവിൽ നിന്ന് ആവിർഭവിച്ച എണ്ണിയാലൊടുങ്ങത്ത ത്രിപുടികൾ (അറിവ്, അറിയുന്നവൻ, അറിയപ്പെടുന്ന വസ്തു) ഉൾക്കൊള്ളുന്നതാണ് ദൃശ്യപ്രപഞ്ചം. ഇത് ബുദ്ധികൊണ്ടറിഞ്ഞ് അനുഭവ ദശയിൽ സാക്ഷാത്കരിച്ച മഹത്വമാണ് ഗുരുദേവൻ. ഗുരു രചിച്ച ഗദ്യ പ്രാർത്ഥന എന്നൊരു കൃതിയുണ്ട്. അതിലൂടെ ഗുരുദേവൻ അവിടത്തെ ആത്മഭാവം വെളിപ്പെടുത്തുന്നുണ്ട്. 'നാം ശരീരമല്ല; അറിവാകുന്നു- ഈശ്വരനാകുന്നു. ശരീരമുണ്ടാകുന്നതിനു മുമ്പിലും അറിവായ - ഈശ്വരനായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം അറിവായി- ഈശ്വരനായി പ്രകാശിച്ചുകൊണ്ട് തന്നെയിരിക്കും." ശ്രീനാരായണ ഗുരുവിന്റെ അദ്ധ്യാത്മതത്വം ഈ വരികളിലുണ്ട്.
ചെമ്പഴന്തിയിൽ വന്നു ജനിച്ച നാരായണൻ ഒരു സുപ്രഭാതത്തിൽ ശ്രീനാരായണ ഗുരുവായില്ല. അതിന് കഠിനമായ തപശ്ചര്യ വേണ്ടിവന്നു. ഇരുപത്തിയഞ്ച് വയസിനുള്ളിൽ സംസ്കൃതം,മലയാളം, തമിഴ് ഭാഷകളിൽ മഹാപണ്ഡിതനായിത്തീർന്ന നാരായണൻ കുടുംബജീവിതത്തിലേക്ക് ഒരു എത്തിനോട്ടം പോലും നടത്താതെ ഭാരതമൊട്ടാകെ ചുറ്റിസഞ്ചരിക്കുകയും അവസാനം കന്യാകുമാരിക്കരികിലെ പിള്ളത്തടം ഗുഹയിൽ ഏകാന്ത ദീപ്തമായ മഹാതപസിൽ മുഴുകുകയും ചെയ്തത് സുവിദിതമാണ്. തപസാണ് നാരായണനെ ശ്രീനാരായണ ഗുരുവാക്കി മാറ്റിയത്. ബോധോദയം വന്ന് സിദ്ധാർത്ഥൻ ശ്രീബുദ്ധനായതു പോലെയും, യേശുദേവൻ ക്രിസ്തുവായതുപോലെയും മുഹമ്മദ് പ്രവാചകനായ നബിയായതു പോലെയുമാണ് അത്.
ഗുരുവിന് ലഭിച്ച ആത്മീയാനുഭൂതിയെ ആത്മോപദേശശതകത്തിൽ വിവരിക്കുന്നുണ്ട്. അനുഭൂതി തലത്തിൽ പഞ്ചഭൂതങ്ങളും അന്തരേന്ദ്രിയങ്ങളും നിഖില സകല പ്രപഞ്ചവും ശുദ്ധമായ അറിവായി, ഈശ്വര സത്യമായി ഗുരുദേവന് അനുഭൂതമായി. ഗുരു ആദിമഹസായി, അറിവ് മാത്രമായി പ്രകാശിച്ചു. ശ്രീരാമകൃഷ്ണ പരമഹംസൻ പറയുന്നതുപോലെ, ഉപ്പുപ്പാവ സമുദ്രത്തിൽ ലയിച്ചു. ചെമ്പഴന്തിയിലെ നാരായണൻ അറിവിലമർന്ന് അതു മാത്രമായി. പരബ്രഹ്മ സത്യത്തെ പ്രാപിച്ച ഗുരുവും ഈശ്വരനും തമ്മിൽ മഞ്ഞുകട്ടയും വെള്ളവും തമ്മിലുള്ള വ്യത്യാസമേ ഉള്ളൂവെന്നാണ് ആചാര്യ മതം. പരബ്രഹ്മ സത്തയെ പ്രാപിച്ച ഗുരുദേവൻ സമൂഹത്തെ സമുദ്ധരിക്കുവാൻ താഴോട്ടിറങ്ങി വന്നപ്പോൾ അവതാര പുരുഷനും സിദ്ധനും ബുദ്ധനും പ്രവാചകനും ദൈവപുത്രനുമായി. ബ്രഹ്മസായുജ്യം നേടി ലോകസംഗ്രഹ പ്രവർത്തനത്തിൽ മുഴുകുന്ന ഏതൊരു മഹാത്മാവിനും ഈ വിശേഷണങ്ങളൊക്കെ ചേരുന്നതാണ്.
ബുദ്ധന്റെയും ക്രിസ്തുവിന്റെയും നബിയുടെയും പേരിൽ ബുദ്ധമതവും ക്രിസ്തുമതവും ഇസ്ലാം മതവും സ്ഥാപിതമായി. ഗുരുദേവനാകട്ടെ, ഒരു വിശ്വമാനവിക തത്വദർശനം ചമക്കുകയാണ് ചെയ്തത്. ഗുരുദേവനും സി.വി. കുഞ്ഞുരാമനുമായി നടന്ന സംഭാഷണത്തിൽ ഓരോ മതങ്ങളുടെയും ആവിർഭാവത്തെക്കുറിച്ച് പറയുന്നുണ്ട്. 'ഹിന്ദുമതമെന്നു പറയുന്നത് ഷഡ് മതങ്ങളുടെയും സാംഖ്യം, യോഗം, പൂർവമീമാംസ, ഉത്തരമീമാംസ, ന്യായം, വൈശേഷികം എന്നീ ദർശനങ്ങളുടെയും ഒരു സമന്വയഭാവമാണ്. അതുപോലെ ക്രിസ്തുമതം, പഴയനിയമം, പുതിയനിയമം, ശാലോമിന്റെ ഉപദേശങ്ങൾ എന്നിവ അടങ്ങിയ ഒരു പൊതു പേരാണ്. ഇസ്ലാം മതമാകട്ടെ പ്രവാചക മതങ്ങളുടെ ഒരു കൂടിച്ചേരലാണ്. ഇപ്രകാരം അനേക മതങ്ങൾ ചേർന്ന ഒരു മതമാകാമെങ്കിൽ ആ എല്ലാ മതങ്ങളും കൂടിച്ചേർന്ന് മനുഷ്യ മതമെന്ന് എന്തുകൊണ്ട് ഒരു പൊതു പേര് ഇട്ടുകൂടാ" എന്ന് ഗുരുദേവൻ ചോദിക്കുന്നു.
' മനുഷ്യരെല്ലാം ഒന്ന്. അതാണ് നമ്മുടെ മതം"എന്ന് ഗുരുദേവൻ ഉപദേശിക്കുന്നു. ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും പേരിൽ ലോകത്ത് നടമാടുന്ന സമസ്ത പ്രശ്നങ്ങൾക്കുമുള്ള സിദ്ധൗഷധമാണ് ഗുരുദർശനം. മത തീവ്രവാദം, മതപരിവർത്തനം, ജാതീയമായ ഉച്ചനീചത്വങ്ങൾ, വംശീയ പ്രശ്നങ്ങൾ, പശ്ചിമേഷ്യൻ പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം പരിഹാരമാണ് ഗുരുവിന്റെ മനുഷ്യത്വ ദർശനം. അത് അറിവിൽ അധിഷ്ഠിതമാണ്. പ്രപഞ്ചത്തിലുള്ള എല്ലാ ജീവന്മാരും ഒന്നിന്റെ മാത്രം സ്ഫുരണങ്ങൾ മാത്രം. അതിനാൽ എല്ലാവരും ആത്മ സഹോദരങ്ങളാണ്. ഗുരുവിന്റെ അദ്വൈത തത്വം അറിവിന്റെ പൂർണതയാണ്. ഗുരുദേവൻ ആ അറിവായി പ്രകാശിക്കുന്നു. പ്രസിദ്ധ - യോഗീശ്വരനായ സദ്ഗുരു നിത്യാനന്ദ മഹർഷി ഒരിക്കൽ പറഞ്ഞു: ശ്രീനാരായണഗുരു ജ്ഞാനിയല്ല. ജ്ഞാനമാണ്."
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |