SignIn
Kerala Kaumudi Online
Monday, 08 September 2025 8.07 PM IST

ഗുരു എന്ന ജീവാമൃതം

Increase Font Size Decrease Font Size Print Page
e

ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ 171-ാം തിരുജയന്തിയാണ് ഇന്ന്. ഗുരുദേവന്റെ ഓരോ ജയന്തിയും വിശ്വസാഹോദര്യത്തിന്റെയും വിശ്വമാനവികതയുടെയും ഉദ്ഗീതങ്ങളാണ് പ്രകാശിപ്പിക്കുന്നത്. മനുഷ്യനെ അസ്വതന്ത്രമാക്കുന്നതും വിഭാഗീകരിക്കുന്നതുമെന്തെല്ലാമാണോ,​ അവയുടെയെല്ലാം ഒഴിഞ്ഞുപോകലിനുള്ള ദാർശനിക ഉദ്ബോധനമാണ് ഈ സുദിനം ലോകത്തിനു നൽകുന്നത്.


മനുഷ്യജീവിതത്തിന്റെ ഉത്കർഷത്തിനു വേണ്ടതെല്ലാം ആത്മീയമായും ദാർശനികമായും ധാർമികതയിൽ അധിഷ്ഠിതമായ സംഹിതകളായും ഗുരുദേവൻ സമഗ്രമായി നമുക്ക് നൽകിയിട്ടുണ്ട്. അതനുസരിച്ച് ജീവിതത്തെ പുനരാവിഷ്‌കരിക്കാനും നവീകരിക്കാനും ക്രമപ്പെടുത്താനും പരോപകാരം ചെയ്യാനുമുള്ള ബാഹ്യാഭ്യന്തര ഉദ്ദീപനം നൽകുന്ന പുണ്യദിനമാണ് ഗുരുവിന്റെ ജയന്തിദിനം. ഗുരുദേവന്റെ അവതാരദൗത്യം തന്നെ ലോകമംഗളമാണ്. 'നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല" എന്ന വിളംബരം വഴി സമസ്ത ലോകരുടെയും ഹൃദയാകാശത്തിലേക്ക് നേരിട്ട് കടന്നുചെന്ന ഗുരുദേവന്റെ സമ്പൂർണ മാനവികതയിലേക്കാണ് നാം കടന്നു ചെല്ലേണ്ടത്. 'നമുക്കിതിൽപ്പരം ദൈവം നിനയ്ക്കിലുണ്ടോ"എന്ന മഹാകവി കുമാരനാശാന്റെ ഹൃദയകാവ്യം ഈ സമ്പൂർണ മാനവികതയുടെ സ്വാനുഭവ സാക്ഷ്യമാണ്.


മതത്തിലും വിശ്വാസത്തിലുമായി മനുഷ്യൻ മറയുന്ന കാഴ്ച മനുഷ്യത്വം മറയുന്നതിന്റെയോ മറയ്ക്കപ്പെടുന്നതിന്റെയോ മുന്നറിയിപ്പാണ്. ഇതിനെതിരെയുള്ള തിരിച്ചറിവിന്റെ അഥവാ അതിജീവനത്തിന്റെ സന്ദേശമാണ് ഗുരുദേവന്റെ മഹിതജീവിതത്തിൽ നിന്ന് സമൂഹം കാലാകാലം സ്വാംശീകരിക്കേണ്ടത്. 'മനുഷ്യൻ എന്തിനാണ് വിശ്വാസത്തിന്റെ പേരിൽ അന്യോനം പൊരുതുന്നത്; അത് ബുദ്ധിയുള്ളവരുടെ ലക്ഷണമല്ല"എന്ന ഗുരുവചനം ഇന്നത്തെ ലോകത്തിന്റെ ശ്രദ്ധയിൽ ശക്തമായി പതിയണം. അതിനുള്ള പ്രയത്നത്തിനാണ് ശ്രീനാരായണീയ സമൂഹം മുന്നിട്ടിറങ്ങേണ്ടത്.


ലൗകിക ജീവിതത്തിലെ വിഷയാനന്ദങ്ങൾക്കതീതമായുള്ള അലൗകികാനുഭൂതി നിരന്തരം നുകർന്ന ഭാനുമാന്മാരാണ് ഭാരതത്തിലെ ഗുരുക്കന്മാർ. അവരനുഭവിച്ച ആ അലൗകികാനുഭൂതികളിൽ നിന്ന് വെളിപ്പെട്ടുവന്ന ദർശനങ്ങളാണ് വേദാന്ത സംഗ്രഹങ്ങളായും സത്യദർശനങ്ങളായും നിലകൊള്ളുന്നത്. ലൗകിക ജീവിതത്തിലെ എല്ലാ സംശയങ്ങളെയും പ്രതിസന്ധികളെയും ആശങ്കകളെയും നിർബന്ധങ്ങളെയും പാടെ നിവാരണം ചെയ്യുന്നതിനുള്ള ശുദ്ധജ്ഞാനമാണ് വേദാന്തം നൽകുന്നത്.

നിരുപാധികം

ആനന്ദജീവിതം

ഒരാളുടെ ലൗകിക ജീവിതമെന്നത് പൂർണമായും ഉപാധിസംബന്ധമാണ്. അതായത്,​ മറ്റൊന്നിനെ ആശ്രയിച്ചു മാത്രം നിലകൊള്ളുന്നതാണ്. എന്നാൽ വേദാന്തമാകട്ടെ,​ ഉപാധിരഹിതമായ ഒരു ജീവിതത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ഉപാധികളെല്ലാം അസ്തമിക്കുമ്പോഴാണ് ജീവിതത്തിൽ നിരതിശയവും നിരാമയവുമായ ആനന്ദപ്രാപ്തി കൈവരുന്നത്. മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം തന്നെ ആനന്ദമായ ജീവിതമാണ്. ഇഹലോക ജീവിതത്തിൽ ഒരുവൻ സർവകർമ്മങ്ങളും അനുഷ്ഠിക്കുന്നത് ഈ ആനന്ദാനുഭവത്തിനായിട്ടാണെങ്കിലും ആ സത്യം ആരും തിരിച്ചറിയുന്നില്ലെന്നേയുള്ളൂ. രണ്ടെന്ന അനുഭവം എവിടെയുണ്ടാകുന്നുവോ അവിടെ ആനന്ദപ്രാപ്തി ഉണ്ടാവുകയില്ല. ആത്മസുഖം എന്ന് ഗുരുദേവൻ പറഞ്ഞത് ഈ ആനന്ദപ്രാപ്തിയുടെ കരകവിയലിനെയാണ്.

ഇക്കാണുന്ന പ്രപഞ്ചവും അതിൽ ഉൾപ്പെട്ടു നിൽക്കുന്ന മനുഷ്യവർഗം ഉൾപ്പെടെയുള്ള സർവചരാചരങ്ങളും യഥാർത്ഥസത്തയിൽ നിന്നും അന്യമല്ലെന്നതാണ് അദ്വൈത വേദാന്ത ശാസ്ത്രത്തിന്റെ ആകെപ്പൊരുൾ. നിത്യസാധനകൊണ്ട് ഈ അറിവിനെ നിലനിറുത്തണം എന്നതായിരുന്നു ഗുരുവിന്റെ ഉപദേശം. ലൗകിക[ജീവിതത്തിന്റെ എല്ലാ അതിരുകളും എല്ലാ വ്യതിരിക്തതകളും അകന്നുപോകുമ്പോഴാണ് ജീവിതം നിർവൃതമായിത്തീരുന്നതെന്ന ബോദ്ധ്യപ്പെടുത്തലാണ് അത്. 'മനുഷ്യൻ ഒരു ജാതി" എന്ന അനുഭവം യാഥാർത്ഥ്യമാകുന്നത് ഈ നേരറിവിന്റെ പ്രായോഗികതയിലാണ്. ആ പ്രായോഗികതയിലേക്ക് നമ്മെ നയിക്കുന്ന ഗുരുമാർഗങ്ങൾ അനുഭവമാക്കിത്തീർക്കണമെന്ന സന്ദേശമാണ് 171-ാം ഗുരുദേവ ജയന്തി ആഘോഷങ്ങൾ വിളംബരം ചെയ്യുന്നത്.

വൈരമില്ലാത്തൊരു ലോകത്തിന്റെ പുലരലാണ് തൃപ്പാദങ്ങൾ വിഭാവനം ചെയ്തിരുന്നത്. അതിനായി വൈരത്തിനു കാരണമായിത്തീരുന്ന സർവഭേദങ്ങളെയും സൗമ്യമായി ഉന്മൂലനംചെയ്യുവാൻ ഉപദേശങ്ങൾകൊണ്ടും സ്വജീവിതം കൊണ്ടും ഗുരുദേവൻ നമ്മെ പഠിപ്പിച്ചു. ആ പാഠത്തിന്റെ ആദ്യാദ്ധ്യായമായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയും അവിടെ ആലേഖനം ചെയ്ത വിശ്വസന്ദേശവും. അറിവിനെ അനുഭവമാക്കാനും അനുഭവത്തെ അറിവാക്കാനും മനുഷ്യനു മാത്രമേ കഴിയൂ. അതുപോലെ, തന്നെ ജന്മം കൊണ്ടും ജീവിതംകൊണ്ടും സ്വന്തം വർഗത്തെ പലതായി വിഭജിക്കുന്നതിനും ആ പലതുകൾക്കിടയിൽ വിയോജിപ്പിന്റെ അതിരുകൾ ഉറപ്പിക്കുന്നതിനും മനുഷ്യനു മാത്രമേ കഴിയൂ. ഇപ്രകാരം ഏകത്വത്തിൽ നാനാത്വവും, നാനാത്വത്തിൽ ഏകത്വവും ദർശിക്കുന്ന മനുഷ്യനാണ് ചരിത്രത്തിന്റെ നിർമ്മാതാവ് ആയിരിക്കുന്നതും. അപ്രകാരം മഹിതമാർന്ന ജീവിതം നയിക്കേണ്ട മനുഷ്യൻ പരസ്പരം ഭിന്നിച്ചും കലഹിച്ചും ആത്മവിരോധികളായിത്തീർന്ന് വൈരത്തിന്റെ ചരിത്രനിർമ്മിതി നടത്തുന്നത് കണ്ടുകൊണ്ടാണ് ചെമ്പഴന്തി വയൽവാരം വീട്ടിൽ ജാതനായ നാണു, നാണുച്ചട്ടമ്പിയും നാണുഭക്തനും നാണുവാശാനും ഒക്കെയായി ഒടുവിൽ ആത്മസാക്ഷാത്കാരം നേടിയ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളായി രൂപാന്തരപ്പെട്ടത്.

വൈരത്തിന്റെ

അതിരുകൾ


സനാതനമായ സത്യത്തിന്റെ അനുഭവ ജാലകത്തിലൂടെയല്ലാതെ ഒരുവൻ മറ്റൊരുവനെ നോക്കിക്കാണുന്നതായാൽ 'ഞാൻ വേറെ, അവൻ വേറെ" എന്ന ചിന്തയുണ്ടാകും. അത്തരം ചിന്തയിൽ നിന്നാണ് മറ്റെല്ലാത്തരം ഭിന്നതകളും വൈരങ്ങളും ഉദ്ഭവിക്കുന്നത്. അതുകൊണ്ട് നിരുപാധികമല്ലാത്ത ആ ചിന്തയുടെയും വൈരത്തിന്റെയും ഉദ്ഭവസ്ഥാനത്തെത്തന്നെ തിരുത്തിയെടുക്കുന്ന ഒരു ദാർശനിക ആത്മീയ,​ മാനവിക,​ സാംസ്‌കാരിക,​ നവീകരണത്തിനാണ് ഗുരുദേവൻ മുതിർന്നത്.

1888 മുതൽ 1927 വരെ ഗുരുദേവൻ നടത്തിയ ക്ഷേത്രപ്രതിഷ്ഠകളെല്ലാം തന്നെ ദൈവികതയുടെ സ്വച്ഛതയിലൂടെ മാനവികതയുടെ സർവാത്മകതയിലേക്ക് മനുഷ്യനെ നയിക്കുവാനുള്ള ശ്രീകോവിലുകളായിരുന്നു. അതുവഴി മനുഷ്യന്റെ വിശ്വാസമണ്ഡലത്തിനപ്പുറം ശുദ്ധമായൊരു ജ്ഞാനമണ്ഡലത്തെ മറയില്ലാതെ പ്രതിഷ്ഠിക്കുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. പ്രകാശമുള്ളിടത്തേ വസ്തുബോധം ദൃഢമാകൂ എന്നതുപോലെ ജ്ഞാനമുള്ളിടത്തേ സനാതനമൂല്യവും ആത്മബോധവും തെളിഞ്ഞു ദൃഢമാവുകയുള്ളൂ.

മനുഷ്യനെ പലതാക്കുന്നതെല്ലാം പൂർണമായി ഒഴിയുമ്പോഴാണ് അതിനുള്ള മാർഗം നേരായി തെളിയുന്നത്. ആ തെളിച്ചമാണ് നമ്മെ നാമാക്കുന്നത്. അപ്പോഴാണ് സ്വച്ഛമായും സ്വതന്ത്രമായും നിർവൈരനായും ആഴാനും വാഴാനുമുള്ള ഒരു ലോകം പിറവികൊള്ളുന്നത്. ഈ പാഠമാണ് തൃപ്പാദങ്ങളുടെ ജീവിതം വചനമായും മൗനമായും ആഹ്വാനം ചെയ്യുന്നത്. ആ വചന- മൗനപ്പൊരുളിലേക്ക് ഹൃദയത്തെ ഒരു മലരെപോലെ സമർപ്പിക്കുന്നതിനായാൽ നമുക്ക് ഗുരുസ്വരൂപം അനുഭവമാകും. അതാണ് ഏറ്റവും മഹത്തരമായ ഗുരുപൂജ. ഈ പുതിയ ഗുരുവർഷവും ഗുരുദേവ ജയന്തിയും നമുക്കേവർക്കും ഒരു ജീവാമൃതമായിത്തീരട്ടെയെന്നു പ്രാർത്ഥിക്കുന്നു.

TAGS: GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.