വെള്ളിക്കുളങ്ങര: ആദിവാസികൾക്ക് സർക്കാർ അനുവദിച്ച ഭൂമിയിൽ താമസിക്കാൻ ഡി.എഫ്.ഒ തടസം, തിരുവോണനാളിൽ കുടിൽ കെട്ടി താമസം തുടങ്ങി ഊരുകളിലെ കുടുംബങ്ങൾ. ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിൽ വരുന്ന കശുമാവിൻ തോട്ടമാണ് മാരാംകോട് വനപ്രദേശം. എന്നാൽ ഭൂമി ദാനം കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയമായതിനാൽ കേന്ദ്രസർക്കാരിന്റെ അനുവാദം വേണമെന്ന് വ്യക്തമാക്കി ഡി.എഫ്.ഒയാണ് തടസം ഉന്നയിച്ചത്.
ഇതോടെ വീരാൻകുടി, അരേകാപ്പ് എന്നീ ഊരുകളിലെ 31 കുടുംബങ്ങളും അവരുടെ ഉപകുടുംബങ്ങളും ഉൾപ്പെടെ 47 ആദിവാസി കുടുംബങ്ങൾ മാരാംകോട് കശുമാവിൻ തോട്ടത്തിൽ കുടിൽ കെട്ടി താമസം തുടങ്ങുകയായിരുന്നു. ആദിവാസി കുടുംബങ്ങൾക്ക് അവർ താമസിച്ചിരുന്ന സ്ഥലത്തിന്റെ അളവ് അനുസരിച്ച് സർക്കാർ കഴിഞ്ഞ ജൂൺ 13ന് ഭൂമി അനുവദിച്ച് ഉത്തരവിട്ടിരുന്നു. ആഗസ്റ്റ് 15ന് താമസം മാറാൻ അനുവാദം ലഭിച്ചിട്ടും സാധിക്കാതെ വന്നതോടെ ഇവർ പ്രതിഷേധാർഹം കുടിൽകെട്ടുകയായിരുന്നു. മലയാറ്റൂർ വനം ഡിവിഷൻ ഇടമലയാർ ഫോറസ്റ്റ് റേഞ്ചിന് കീഴിൽ പെരുമുഴി ഫോറസ്റ്റ് സ്‌റ്റേഷന്റെ പരിധിയിൽ വരുന്ന പ്രദേശമാണ് വീരാങ്കുടി അരേകാപ്പ് ഉന്നതികൾ. പുലിയും ആനയും മറ്റ് വന്യജീവികൾക്കും പുറമേ ഉരുൾപ്പൊട്ടൽ ഭീതിയും നിലനിൽക്കുന്നതിനാൽ വീരാൻകുടിയിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു.
ഐക്യദാർഢ്യം പ്രഖ്യാപിച്ചു
കുടിൽകെട്ടുന്നതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒത്തുകൂടിയ നാട്ടുകാരുടെ യോഗം സി.പി.എം ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്.അശോകൻ ഉദ്ഘാടനം ചെയ്തു. ആദിവാസി ക്ഷേമ സമിതി ജില്ലാ പ്രസിഡന്റ് എം.എസ്.വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. മാരാംകോട് ഊരുമൂപ്പൻ പി.എ.സതീഷ്, വീരാങ്കുടി ഊര് മൂപ്പൻ വീരൻ, കെ.യു.എം.എസ് സംസ്ഥാന സെക്രട്ടറി ഗിരീഷ് ബാബു, കെ.വി.ടോമി, യു.ടി.തിലകമണി, കെ.വി.ബേബി, വി.എം.കരീം, കെ.കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |