കാളികാവ്: ഇക്കൊല്ലത്തെ അതിവർഷം മലയോര മേഖലയിലെ അടയ്ക്കാ കർഷകർക്ക് നൽകിയത് വൻ നഷ്ടം. മഹാളി രോഗം ബാധിച്ച കവുങ്ങുകളിൽ വൻ തോതിലാണ് അടയ്ക്ക കൊഴിഞ്ഞത്. കഴിഞ്ഞ മൂന്നു വർഷമായി മേഖലയിൽ തുടർച്ചയായി മഹാളി ബാധ രൂക്ഷമായിരുന്നതായും ഈ വർഷം അമ്പത് ശതമാനത്തിലേറെ വിളവു നഷ്ടമുണ്ടായതായും കർഷകർ പറയുന്നു.
മേയ് മുതൽ ഒക്ടോബർ വരെയാണ് മഹാളി എന്ന കുമിൾ രോഗം കവുങ്ങിനെ ബാധിക്കുന്നത്. ഈ സമയത്ത് ബോർഡോ മിശ്രിതം തളിക്കുകയാണ് പോംവഴി. എന്നാൽ ശക്തമായ മഴ കാരണം കുമിൾനാശിനി തളിക്കാനാവുന്നില്ല. ഇതുകാരണം വൻതോതിലാണ് അടയ്ക്ക കൊഴിയുന്നത്. മഹാളി കാരണം കഴിഞ്ഞ മൂന്നു വർഷമായി അടയ്ക്കാ തോട്ടം പാട്ടത്തിനെടുക്കാനും ആളില്ലാതായി.
മഹാളി ബാധിച്ച കവുങ്ങുകളുടെ പട്ടയ്ക്ക് മഞ്ഞ നിറം ബാധിക്കുകയും ഉണങ്ങുകയും ചെയ്യും. രോഗത്തെ അതിജീവിച്ച് ബാക്കിയാകുന്ന അടക്കയ്ക്ക് വില പകുതിയേ ലഭിക്കൂ. അടയ്ക്കയുടെ ഉത്‌പാദനം കുറഞ്ഞതോടെ ഒട്ടേറെ കുടിൽ വ്യവസായവും ഇല്ലാതായി. തോട്ടങ്ങൾ പാട്ടത്തിനെടുക്കുന്നവർ വിളവെടുത്ത അടക്ക കൊട്ടടക്ക ഉൽപ്പാദിപ്പിക്കുന്നതിന്റെ ഭാഗമായി പൊളിച്ചെടുക്കുന്നതിന് വീടുകളിൽ ഇറക്കിക്കൊടുക്കും. രണ്ടു മൂന്നു വർഷങ്ങളായി ഈ കുടിൽ വ്യവസായവും പേരിനു മാത്രമെ നടക്കുന്നുള്ളു.
പൂപ്പൽ ആദ്യലക്ഷണം
രോഗം ബാധിച്ച അടയ്ക്കക്ക് വെള്ളപ്പൂപ്പലാണ് ആദ്യ ലക്ഷണം.
ഇതു ബാധിച്ചാൽ ഒരാഴ്ചക്കുള്ളിൽ കൊഴിഞ്ഞു പോക്ക് തുടങ്ങും.
മലയോര മേഖലയിലെ കരുവാരകുണ്ട്, തുവ്വൂർ, ചോക്കാട്, അമരമ്പലം, കാളികാവ് മേഖലയിലാണ് വൻ തോതിൽ രോഗബാധയും ഉത്‌പാദനക്കുറവുമുണ്ടായത്.
കൊട്ടടയ്ക്കക്ക് 600 രൂപ വരെ വില ലഭിച്ചിരുന്ന സാഹചര്യത്തിൽ കനത്ത നഷ്ടമാണ് കർഷകർക്കുണ്ടായത്.
കഴിഞ്ഞ വർഷം വേനൽക്കാലത്തുണ്ടായ കൊടുംചൂടിൽ ഒട്ടേറെ തെങ്ങും കവുങ്ങും ഉണങ്ങിപ്പോയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |