ധർമ്മസ്ഥല (കർണാടക): ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങൾ സംബന്ധിച്ച വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ലോറി ഉടമയും കർണാടകയിലെ മരവ്യാപാരിയും യൂട്യൂബറുമായ കോഴിക്കോട് സ്വദേശി മനാഫിനെതിരെ കേസെടുത്ത് ഉഡുപ്പി പൊലീസ്. സോഷ്യൽ മീഡിയകളിൽ അനാവശ്യ പോസ്റ്റുകളിട്ട് മതസ്പർദ്ധ വളർത്തി, വ്യാജരേഖ ചമച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
ബൽത്തങ്ങാടിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ജിതേന്ദ്രകുമാർ ദയാമയുടെ മുമ്പാകെ മനാഫ് ഇന്ന് ഹാജരായേക്കും. ഉന്നയിച്ച ആരോപണങ്ങളിൽ തെളിവുകൾ ഹാജരാക്കണമെന്നും മനാഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച പശ്ചാത്തലത്തിൽ അന്വേഷണം വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് എസ്.ഐ.ടി.
ഗുരുതരമായ ആരോപണങ്ങൾക്ക് പിന്നിൽ മനാഫിന് ബന്ധമുണ്ടോയെന്നാണ് എസ്.ഐ.ടി അന്വേഷിക്കുന്നത്. ധർമ്മസ്ഥലയിലെ ജൈനകുടുംബം നടത്തുന്ന 800 വർഷം പഴക്കമുള്ള ക്ഷേത്രത്തെ തകർക്കാനുള്ള ഗൂഢാലോചനയാണോ കൊലപാതക പരമ്പര നടന്നതായുള്ള ആരോപണമെന്നാണ് എസ്.ഐ.ടിയുടെ സംശയം.
അതേസമയം, നേരത്തെ കാണാതായ സൗജന്യയുടെ മാതൃസഹോദരൻ വിട്ടൽ ഗൗഡയെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കാട്ടിൽ നിന്ന് ആദ്യം കണ്ടെത്തിയ തലയോട്ടി എത്തിച്ചത് താനാണെന്ന് ഇയാൾ മൊഴി നൽകിയതായി സൂചനയുണ്ട്. ചിന്നയ്യയാണ് ഇത് തനിക്ക് കൈമാറിയതെന്നാണ് ഇയാളുടെ മൊഴി. എസ്.ഐ.ടി കസ്റ്റഡിയിലുള്ള ചിന്നയ്യയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
'ഹാജരായി തെളിവ് നൽകും'
എസ്.ഐ.ടിക്ക് മുമ്പിൽ ഹാജരായി തെളിവുകൾ നൽകുമെന്ന് മനാഫ് പറഞ്ഞു. സത്യം ബോധിപ്പിക്കാൻ കിട്ടിയ അവസരമായാണ് നോട്ടീസിനെ കാണുന്നത്. ഒരു വീഡിയോ വാർത്തയിൽ ലൈക്ക് അടിച്ചതിനാണ് എനിക്കെതിരെ എഫ്.ഐ.ആർ ഇട്ടത്. എന്റെ ജീവന് ഭീഷണിയുണ്ട്. മനഃപൂർവം മതസ്പർദ്ധ വളർത്താൻ ചിലർ ശ്രമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |