ചെന്നൈ:മെഗാ താരങ്ങളായ രജനികാന്തും കമലഹാസനും 46 വർഷത്തിനു ശേഷം ഒരുമിക്കുന്ന സിനിമ വരുന്നു. 'കൂലി'ക്ക് ശേഷം ഇത്തരമൊരു ശ്രുതി പരന്നിരുന്നു. ഇന്നലെ കമലഹാസൻ ഇക്കാര്യം സ്ഥിരീകരിച്ചു..
അവാർഡ് ദാന ചടങ്ങിനിടെ അവതാരകന്റെ ചോദ്യത്തിനു മറുപടിയായാണ് കമലിന്റെ വെളിപ്പെടുത്തൽ. ''നിങ്ങൾ എല്ലാവരും ഞങ്ങളുടെ മത്സരത്തെക്കുറിച്ചാണ് ചിന്തിച്ചതും പറഞ്ഞതും. ഞങ്ങൾക്കിടയിൽ ഒരു മത്സരവുമില്ല. ഞങ്ങൾ ഒരുമിക്കുന്ന സിനിമ നിർമ്മിക്കാൻ ആലോചിച്ചതാണ്. ഇപ്പോൾ അത് സംഭവിക്കാൻ പോകുന്നു''- കമൽ പറഞ്ഞപ്പോൾ കരഘോഷത്തോടെയാണ് സദസ് അതിനെ സ്വീകരിച്ചത്..
കൂലി സിനിമയുടെ റീലീസിനു മുന്നോടിയായി, രജനികാന്ത് സിനിമയിൽ 50 വർഷം പൂർത്തിയാക്കിയതിന് ആശംസകൾ നേരാൻ കമൽ രജിനിയെ സന്ദർശിച്ചിരുന്നു.
സിനിമ കമലഹാസന്റെ രാജ് കമൽ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജെയിന്റ് മൂവീസൂം ചേർന്നാണ് നിർമ്മിക്കുക. അടുത്ത വർഷം ആരംഭിക്കുന്ന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്നാണ് സൂചന. ജയിലർ 2 ആണ് രജനിയുടെ പുതിയ സിനിമ.
1975ൽ കെ ബാലചന്ദർ സംവിധാനം ചെയ്ത 'അപൂർവ രാഗങ്ങളി'ലാണ് രജനിയും കമലും ആദ്യമായി ഒന്നിച്ചത്. രജനിയുടെ ആദ്യ ചിത്രമായിരുന്നു അത്. പിന്നീട് മൂണ്ട്രു മുടിച്ചു, 16 വയതിനിലെ, നിനൈത്താലെ ഇനിക്കും തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ ഒന്നിച്ച് പ്രവർത്തിച്ചു.1979ൽ റിലീസ് ചെയ്ത ഐവി ശശിയുടെ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |