എരുമേലി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ എല്ലാത്തിനോടും എതിർപ്പ് പ്രകടിപ്പിച്ച് എല്ലാത്തിനും ഉപരിയാണ് താനെന്ന് ഭാവിക്കുകയാണ്. ഒരുപാട് പ്രതിപക്ഷ നേതാക്കന്മാരെ കണ്ടിട്ടുണ്ട്. സതീശൻ കാര്യങ്ങൾ മനസിലാക്കുന്നില്ല. ഇപ്പോഴേ മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു സ്റ്റാൻഡേർഡുള്ള സമീപനവും സംസാരവും സതീശനിൽ നിന്ന് കാണുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശ്രീനാരായണ ഗുരുദേവ ജയന്തിദിനം ആഘോഷിക്കാൻ ഒ.ബി.സി മോർച്ചയെ ചുമതലപ്പെടുത്തിയ ബി.ജെ.പി നടപടി അങ്ങേയറ്റം അപഹാസ്യവും പ്രതിഷേധാർഹവുമാണ്. ഗുരു ഒരു പ്രത്യേകവിഭാഗത്തിന്റെ ആളായിരുന്നില്ല. അങ്ങനെയുള്ള ഗുരുവിനെ ഒരു മോർച്ചയിലേക്ക് തരംതാഴ്ത്തുകയാണ് ചെയ്തത്. ഇതിലേക്ക് നയിച്ച ബുദ്ധി ആരുടേതാണെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'അയ്യപ്പസംഗമം
അത്ഭുതമായി മാറും'
ആഗോള അയ്യപ്പസംഗമം അത്ഭുതമായി മാറുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയുടെ പ്രസക്തി ലോകത്തിന്റെ നെറുകയിലെത്താൻ പോകുകയാണ്. സംസ്ഥാനത്തും രാജ്യത്തും വലിയ സാമ്പത്തിക മുന്നേറ്റമുണ്ടാക്കും. അതിന് എല്ലാവരും സഹകരിക്കുന്നതിന് പകരം പുറംതിരിഞ്ഞ് നിൽക്കുന്നത് ചരിത്രത്തിലെ അപഹാസ്യ കഥാപാത്രങ്ങളായി മാറും. തിരഞ്ഞെടുപ്പും ഇതുമായി യാതൊരു ബന്ധവുമില്ല. അത്തരം ആരോപണങ്ങൾ ബാലിശമാണ്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസുകൾ മെറിറ്റ് നോക്കി പിൻവലിക്കണം. ഹിന്ദുഐക്യവേദിക്ക് എല്ലാ ഹിന്ദുക്കളുടെയും കുത്തകാവകാശം ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളിയോട് വഴക്കിടാൻ
പോയിട്ടില്ല: വി.ഡി. സതീശൻ
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി വഴക്കിടാൻ താൻ പോയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗുരുദേവൻ എന്താണോ പറഞ്ഞത്, അതിന് വിരുദ്ധമായാണ് വെള്ളാപ്പള്ളി സംസാരിക്കുന്നതെന്നാണ് തന്റെ പരാതിയെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
യോഗത്തിന്റെ പരിപാടികളിൽ പങ്കെടുക്കും. ശ്രീനാരായണ ഗുരുദേവനാൽ സ്ഥാപിതമായ എസ്.എൻ.ഡി.പി യോഗം വലിയൊരു പ്രസ്ഥാനമാണ്. താനും ഗുരുദേവന്റെ ദർശനങ്ങളിൽ വിശ്വസിക്കുന്ന ശ്രീനാരായണീയനാണ്. എല്ലായിടത്തും പോകും. അവിടെ ആര് ഇരിക്കുന്നുവെന്നത് പ്രശ്നമേയല്ല.
വെള്ളാപ്പള്ളി പറയുന്നതിനൊന്നും മറുപടി പറയാനില്ല. കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടാണ്. തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാറില്ല. വെള്ളാപ്പള്ളി ആർക്കു വേണ്ടിയാണ് സംസാരിക്കുന്നത്. മലപ്പുറത്തെ മുസ്ലീങ്ങളെയും പാലായിലെ ക്രിസ്ത്യാനികളെയും അധിക്ഷേപിച്ചു. ഗുരുദേവൻ അങ്ങനെയായിരുന്നോ. ദയവായി ശ്രീനാരായണ ഗുരുദേവനെ അപമാനിക്കരുതെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |