തിരുവനന്തപുരം: കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ പോലും സ്വന്തമാക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുദേവ ജയന്തി ആശംസകൾ നേർന്നു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്രിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും മലയാളിയെ പഠിപ്പിച്ച ഗുരു പല മതസാരവും ഏകമാണെന്നാണ് ലോകത്തോട് വിളിച്ചു പറഞ്ഞത്. 1924 ൽ അദ്ദേഹം ആലുവ അദ്വൈതാശ്രമത്തിൽ വിളിച്ചുചേർത്ത സർവ്വമത സമ്മേളനം മതവൈരമില്ലാതെ ഏവരും സോദരത്വേന വാഴുന്ന മാതൃകാലോകത്തെ വിഭാവനം ചെയ്തു.ഗുരുവും മഹാത്മാ ഗാന്ധിയും തമ്മിൽ ശിവഗിരി മഠത്തിൽ നടന്ന പ്രസിദ്ധമായ കൂടിക്കാഴ്ചയ്ക്കും സംവാദത്തിനും നൂറു തികയുകയാണ്. ആധുനിക കേരളത്തിന്റെ സാമൂഹ്യ മാറ്റങ്ങൾക്ക് ചാലകശക്തിയായി മാറാൻ ഗുരുചിന്തകൾക്കു കഴിഞ്ഞു. സവർണ്ണ മേൽക്കോയ്മയെയും സാമൂഹ്യ തിന്മയെയും ശക്തമായി ചോദ്യം ചെയ്ത ഗുരു ,ജാതീയമായ ഉച്ചനീചത്വങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കുമെതിരെ ഉറച്ച നിലപാടെടുത്തു.
'മനുഷ്യാണാം മനുഷ്യത്വം ജാതി' എന്ന ഗുരുവിന്റെ വാക്കുകൾ ഓർമിക്കേണ്ട കാലമാണിത്. മനുഷ്യനെ മനുഷ്യനായി കാണാൻ, ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറം സാഹോദര്യത്തോടെ ജീവിക്കാൻ ഈ വാക്കുകൾ പഠിപ്പിക്കുന്നു. സമൂഹത്തിൽ വർഗ്ഗീയത പടർത്തി, മനുഷ്യരെ ഭിന്നിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു.. മനുഷ്യത്വത്തെക്കാൾ വലുതാണ് ജാതിയെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ജാതിയും മതവും പടർത്തിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിഞ്ഞ കേരളത്തിലും ഇത്തരം ആശയങ്ങൾ വേരു പിടിക്കുകയാണ്. വർഗ്ഗീയതയെ എന്നും എതിർത്ത ശ്രീനാരായണ ഗുരു മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, ഒരുമിപ്പിക്കാനാണ് പഠിപ്പിച്ചത്. നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ഗുരു ദർശനം കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ എക്കാലവും ചലനാത്മകമാക്കുകയാണ്- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |