SignIn
Kerala Kaumudi Online
Wednesday, 10 September 2025 7.41 AM IST

സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കം, പുതിയ കേരളം കെട്ടിപ്പടുക്കാൻ...

Increase Font Size Decrease Font Size Print Page
cpi

പഞ്ചാബിലെ ചണ്ഡിഗഢിൽ നടക്കാനിരിക്കുന്ന ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിന് മുന്നോടിയായ സംസ്ഥാന സമ്മേളനത്തിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി നീങ്ങുകയാണ്. ബ്രാഞ്ച് തലം മുതൽ ജില്ലാതലം വരെയുള്ള സമ്മേളനങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം സംസ്ഥാന സമ്മേളനത്തിലേക്ക് നീങ്ങുന്നത് ചരിത്രപ്രധാനമായ പാർട്ടിയുടെ ശതാബ്ദി വർഷത്തിലാണ് എന്നത് അതിന്റെ പ്രസക്തി ഒന്നുകൂടി ഉറപ്പിക്കുന്നു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സാമൂഹ്യനീതിക്കും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടിയുള്ള എണ്ണമറ്റ സമരമുഖങ്ങളിൽ വിവരണാതീതമായ ത്യാഗത്തിന്റെയും നിലയ്ക്കാത്ത പോരാട്ടങ്ങളുടെയും നൂറു വർഷങ്ങളാണ് കടന്നുപോയത്!ഉജ്ജ്വലമായ നേട്ടങ്ങൾക്കൊപ്പം അവഗണിക്കാനാവാത്ത പാളിച്ചകളെയും ഈ കാലയളവിൽ പാർട്ടി നേരിട്ടു. അന്തിമ ലക്ഷ്യത്തിലേക്കുള്ള പാത ദീർഘവും ക്ലേശകരവുമാണെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് എന്നും അറിയാം; നാടിനോടും ജനങ്ങളോടുമുള്ള കൂറും സോഷ്യലിസത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുമാണ് ആ യാത്രയിൽ കൈമുതലെന്നും.

ആലപ്പുഴയിലാണ് സംസ്ഥാന സമ്മേളനം ചേരുന്നത് - സഖാവിന്റെ കർമ്മഭൂമിയിൽ. നാടിനുവേണ്ടി സ്വജീവിതം സമർപ്പിച്ച ഏറെ സഖാക്കൾക്ക് കേരളം ജന്മം നൽകിയിട്ടുണ്ടെങ്കിലും സഖാവ് എന്നു മാത്രം പറഞ്ഞാൽ നാം ഓർമ്മിക്കുന്നത് ഒരാളെ മാത്രം. ആ പി. കൃഷ്ണപിള്ളയുടെയും ആർ. സുഗതന്റെയും ടി.വി.തോമസിന്റെയും പുന്നപ്ര വയലാർ രക്തസാക്ഷികളുടെയും സ്മരണാചൈതന്യം തുടിച്ചുനിൽക്കുന്ന ആലപ്പുഴയിൽ ഒരിക്കൽക്കൂടി ചെങ്കൊടി ഉയരുമ്പോൾ പാർട്ടി അവരുടെ ആശയങ്ങളോടും ലക്ഷ്യങ്ങളോടുമുള്ള പ്രതിബദ്ധത ഒരിക്കൽക്കൂടി ഉറപ്പിക്കും.

ലോകത്തെങ്ങും എന്നതുപോലെ,​ ഇന്ത്യയിലും കേരളത്തിലുമുള്ള എതിരാളികൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കു നേരെ എക്കാലവും ഉയർത്തിയിട്ടുള്ള വിമർശനം അതിൽ ജനാധിപത്യ സ്വഭാവം ഇല്ലെന്നാണ്.

പാർട്ടിക്കുള്ളിലെ ജനാധിപത്യം

ഈ വാദം എത്ര നിരർത്ഥകവും അടിസ്ഥാനരഹിതവുമാണെന്ന് പാർട്ടിയുടെ പ്രവർത്തന ശൈലി അറിയാവുന്ന ആർക്കും മനസിലാവും. നമ്മുടെ രാജ്യത്തു തന്നെ ജനാധിപത്യ പാർട്ടികൾ എന്ന് സ്വയം പ്രഖ്യാപിക്കുന്നവർ അതിന്റെ നേതൃസമിതികളെയും ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ്? രാജവാഴ്ചക്കാലത്തേതു പോലെ അനന്തരാവകാശികൾക്ക് അധികാരം കൈമാറുന്നവരും,​ മുകൾത്തട്ടിൽ നിന്ന് നേതാക്കന്മാരെ കെട്ടിയിറക്കുന്നവരും,​ വിവിധ ജാതി- മത സാമുദായിക വിഭാഗങ്ങൾക്കിടയിൽ അവസരവാദപരമായി സ്ഥാനമാനങ്ങൾ വീതം വയ്ക്കുന്നവരുമൊക്കെയാണ് കമ്മ്യൂണിസ്റ്റുകാരുടെ ജനാധിപത്യ സ്വഭാവം അളക്കാൻ ധൈര്യപ്പെടുന്നത്! എത്ര ലജ്ജാവഹം!

ബ്രാഞ്ച് മുതൽ ദേശീയതലം വരെ കൃത്യമായി മൂന്നു വർഷക്കാലയളവിൽ സമ്മേളനങ്ങൾ ചേർന്ന് വിമർശന- സ്വയംവിമർശനങ്ങളിൽ അധിഷ്ഠിതമായ ആഭ്യന്തര ജനാധിപത്യ പ്രക്രിയയിലൂടെ സ്വനേതൃത്വത്തെയും നേതൃസമിതികളെയും തിരഞ്ഞെടുക്കുന്ന മറ്റ് രാഷ്ട്രീയ പാർട്ടികൾ ഏതുണ്ട്,​ നമ്മുടെ രാജ്യത്ത്? ആ യാഥാർത്ഥ്യം സി.പി.ഐയുടെ 25-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായ സമ്മേളനങ്ങൾ ഒരിക്കൽക്കൂടി വെളിവാക്കുന്നു. ആഭ്യന്തര ജനാധിപത്യം എന്നത് അരാജകത്വമല്ല. നിശ്ചിതമായൊരു ലക്ഷ്യത്തിലേക്ക് മുന്നേറുന്ന ഒരു വിപ്ലവപാർട്ടിക്ക് ചേരിതിരിഞ്ഞുള്ള പ്രവർത്തനങ്ങളും വ്യക്തികളുടെ നേതൃത്വ വ്യാമോഹങ്ങളും അനുവദിക്കാനുമാവില്ല. ഈ രണ്ടു ഘടകങ്ങളെയും ശരിയാംവണ്ണം സംയോജിപ്പിച്ച ലെനിനിസ്റ്റ് സംഘടനാ ശൈലിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി എല്ലാക്കാലത്തും മുറുകെപ്പിടിച്ചത്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യ മുന്നോട്ടു കൊണ്ടുപോയ ചേരിചേരായ്മയും മൂന്നാം ലോകരാജ്യങ്ങളുടെ ഐക്യദാർഢ്യവും മർദ്ദിത ജനതകളോടുള്ള സാഹോദര്യവുമെല്ലാം കൈവെടിഞ്ഞുകൊണ്ട് ലജ്ജാകരമായ സാമ്രാജ്യത്വ ദാസ്യമാണ് കേന്ദ്രത്തിലെ ബി.ജെ.പി- ആർ.എസ്.എസ് ഭരണകൂടം വെളിവാക്കിയത്. ഇന്ത്യക്കാരെ ചങ്ങലയ്ക്കിട്ട് നാടുകടത്തിയപ്പോഴും 'ഉറ്റചങ്ങാതി"യായ ട്രംപിനു മുന്നിൽ വിനീതദാസനായി നിലകൊള്ളുകയായിരുന്നു മോദി. ഇതെല്ലാം കാണിക്കുന്നത് സംഘപരിവാർ കൊട്ടിഘോഷിക്കുന്ന രാജ്യസ്നേഹം കപടവും വഞ്ചനാത്മകവുമാണെന്നാണ്.

ജനാധിപത്യവും അവസരസമത്വവും തുല്യനീതിയും ജാതി- മത ലിംഗഭേദരാഹിത്യവും വിളംബരം ചെയ്യുന്ന ഇന്ത്യൻ ഭരണഘടന അവർക്ക് വൈദേശികവും വർജ്യവുമാണ്. ജനാധിപത്യത്തോടുള്ള വിപ്രതിപത്തി പോലെ തന്നെ ഫെഡറൽ ഘടനയും അവരുടെ ദൃഷ്ടിയിൽ തകർക്കപ്പെടേണ്ട ഒന്നാണ്. വംശാധിപത്യ വാസനയും അതിരില്ലാത്ത കോർപ്പറേറ്റ് വിധേയത്വവും മുഖമുദ്ര‌യാക്കിയ ബി.ജെ.പി- ആർ.എസ്.എസ് ഭരണകൂടം ഫാസിസ്റ്റാണെന്ന് സി.പി.ഐ ഉറച്ചുവിശ്വസിക്കുന്നു. ഇത്തരമൊരു ദേശീയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഭരണഘടനയിലും ജനാധിപത്യ വ്യവസ്ഥയിലും വിശ്വാസമുള്ള മുഴുവൻ രാഷ്ട്രീയ പാർട്ടികളും ജനവിഭാഗങ്ങളും രാഷ്ട്രത്തിന്റെ നിലനില്പിനായി ഒരു വിശാല ഫാസിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയിൽ അണിചേരണമെന്ന് ആദ്യമായി ആഹ്വാനം ചെയ്യാൻ സി.പി.ഐ തയ്യാറായത്. അതാണ് പിന്നീട് 'ഇന്ത്യാ സഖ്യം" എന്ന പേരിൽ രാജ്യത്ത് യാഥാർത്ഥ്യമായത്.

എന്നാൽ ഇത്തരമൊരു വിശാലമുന്നണിക്ക് ആശയപരമായും രാഷ്ട്രീയമായും നേതൃത്വം കൊടുക്കാൻ കഴിയുന്ന തരത്തിലേക്ക് ഉയരാൻ കോൺഗ്രസിന് കഴിയാതെ പോയി. ഇത്തരമൊരു വിശാല ബഹുജനപ്രസ്ഥാനം കെട്ടിപ്പടുക്കാൻ നേതൃത്വപരമായ പങ്ക് വഹിക്കാൻ കഴിയണമെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇനിയും ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ട്. സംഘടനാപരമായി ഏറെ ശക്തിപ്പെടേണ്ടതുമുണ്ട്. ഈ ദിശയിലുള്ള ശരിയായ ആഹ്വാനമാണ് 2015-ൽ പോണ്ടിച്ചേരിയിൽ നടന്ന,​സി.പി.ഐയുടെ 22-ാം പാർട്ടി കോൺഗ്രസ് മുന്നോട്ടുവച്ച Reconnect with the people (ബഹുജനങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുക) എന്ന മുദ്രാവാക്യം.

രാജ്യത്താകമാനം ഉയർന്നുവരേണ്ട ഈ മുന്നേറ്റത്തിന് ആവേശവും ഊർജ്ജവും നൽകുന്നത് കേരളം മുന്നോട്ടു വയ്ക്കുന്ന ജനപക്ഷ ബദലാണ്. വികസനത്തിന്റെയും ക്ഷേമത്തിന്റെയും രഥ്യകളിൽ കഴിഞ്ഞ 9 വർഷത്തിലധികമായി മുന്നേറുന്ന കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ 1957 മുതലുള്ള കമ്മ്യൂണിസ്റ്റ്- ഇടതു സർക്കാരുകളുടെ ചരിത്രപരമായ തുടർച്ചയാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാക്കളിൽ അവിസ്മരണീയനായ സി. അച്ചുതമേനോൻ തയ്യാറാക്കിയ 'ഐശ്വര്യപൂർണ്ണമായ കേരളം കെട്ടിപ്പടുക്കാൻ" എന്ന രാഷ്ട്രീയരേഖയെ മൗലികപ്രമാണമായി സ്വീകരിച്ചു കൊണ്ടാണ് ഇക്കാലമത്രയും ഈ സർക്കാരുകൾ പ്രവർത്തിച്ചത്.

അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് കേരളത്തിൽ ജന്മിത്വം അവസാനിപ്പിച്ചതും,​ സാർവത്രിക വിദ്യാഭ്യാസം നടപ്പിലാക്കിയതും,​ ഗ്രാമഗ്രാമാന്തരങ്ങളിൽ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളൊരുക്കിയതും,​ലക്ഷംവീട് പദ്ധതി നടപ്പിലാക്കിയതും,​ ഇൻഡസ്ട്രിയൽ പാർക്കുകൾ നിർമ്മിച്ചതും. ഇടുക്കി അണക്കെട്ട് പോലുള്ള ഊർജ്ജോല്പാദന പദ്ധതിയും കാർഷിക സർവകലാശാലയും കെൽട്രോണും ശ്രീചിത്രാ മെഡിക്കൽ സെന്ററും പോലുള്ള,​ ആധുനിക കേരളത്തിന്റെ അഭിമാനസ്തംഭങ്ങളായ അറുപതിലധികം സംരംഭങ്ങളും ആ കാലത്ത് പിറവി കൊണ്ടവയാണ്. പില്ക്കാലത്ത് അധികാര വികേന്ദ്രീകരണവും ജനപങ്കാളിത്തമുള്ള ആസൂത്രണവും വികസനവും പ്രയോഗവത്കരിച്ചതുമെല്ലാം ഈ ലക്ഷ്യബോധത്തിന്റെ പ്രകാശനമായിരുന്നു.

ഇന്നത്തെ കേരളം വികസനത്തിന്റെയും ക്ഷേമത്തിന്റെയും മേഖലകളിൽ നേരിടുന്ന പുതിയ വെല്ലുവിളികളെ യാഥാർത്ഥ്യബോധത്തോടു കൂടിയാണ് പാർട്ടി സമീപിക്കുന്നത്. പരിസ്ഥിതിയും,​ മണ്ണിന്റെയും മനുഷ്യന്റെയും നിലനില്പിനെതിരായ വികസനവും തമ്മിൽ ഉയർന്നുവരുന്ന വൈരുദ്ധ്യങ്ങൾ, ആഗോളവൽക്കരണത്തിന്റെ അനന്തരഫലങ്ങൾ പുതുതലമുറയ്ക്കു മുന്നിൽ ഉയർത്തുന്ന സാദ്ധ്യതകളും വെല്ലുവിളികളും, കേന്ദ്രസർക്കാർ ഫെഡറൽ തത്വങ്ങളെ വെല്ലുവിളിച്ച് സംസ്ഥാന സർക്കാരിന്റെ സാമ്പത്തികാധികാരങ്ങൾക്കു മേൽ നടത്തുന്ന കടന്നുകയറ്റങ്ങൾ... ഇവയെല്ലാം പുതിയ കേരളത്തിനു മുന്നിലുണ്ട്. പോരാട്ടങ്ങളെ ഊർജ്ജമാക്കി നവകേരളത്തിലേക്ക് മുന്നേറാൻ സുസജ്ജമായ പാർട്ടിയാണ് ആലപ്പുഴ സമ്മേളനാനന്തരം ജനങ്ങളെ അഭിമുഖീകരിക്കുക.

TAGS: CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.