കാർലോസ് അൽക്കാരസിന് യു.എസ് ഓപ്പൺ കിരീടം
ഫൈനലിൽ തോൽപ്പിച്ചത് യാന്നിക്ക് സിന്നറെ
ഒന്നാം റാങ്കും തിരിച്ചുപിടിച്ച് കാർലോസ്
ന്യൂയോർക്ക് : നിലവിലെ ഒന്നാം റാങ്കുകാരനായിരുന്ന ഇറ്റാലിയൻ താരം യാന്നിക്ക് സിന്നറെ ഫൈനലിൽ കീഴടക്കി സ്പാനിഷ് താരം കാർലോസ് അൽക്കാരസ് യു.എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കുകയും ഒന്നാം റാങ്ക് തിരിച്ചുപിടിക്കുകയും ചെയ്തു. നാലുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ മനോഹരമായൊരു എയ്സിലൂടെയാണ് 22കാരനായ കാർലോസ് വിജയം കുറിച്ചത്. സ്കോർ : 6-2,3-6,6-1,6-4.
ഈ വർഷം സിന്നറും അൽക്കാരസും ഏറ്റുമുട്ടിയ തുടർച്ചയായ മൂന്നാം ഗ്രാൻസ്ളാം ഫൈനലായിരുന്നു യു.എസ് ഓപ്പണിലേത്. ഫ്രഞ്ച് ഓപ്പണിൽ കാർലോസ് വിജയിച്ചപ്പോൾ വിംബിൾഡണിൽ കിരീമുയർത്തിയത് സിന്നറായിരുന്നു. യു.എസ് ഓപ്പൺ ഫൈനലിൽ ആദ്യ സെറ്റിൽ കാർലോസും രണ്ടാം സെറ്റിൽ സിന്നറും വിജയിച്ചതോടെ അന്തരീക്ഷം പിരിമുറുക്കമാർന്നെങ്കിലും അടുത്ത രണ്ട് സെറ്റുകൾ നേടിയെടുത്ത് കാർലോസ് ഈ വർഷത്തെ തന്റെ രണ്ടാം ഗ്രാൻസ്ളാം കിരീടത്തിൽ മുത്തമിട്ടു. രണ്ട് മണിക്കൂർ 42 മിനിട്ടാണ് ഫൈനൽ മത്സരം നീണ്ടത്. കാർലോസിന്റെ രണ്ടാം യു.എസ് ഓപ്പൺ കിരീടവുമാണിത്.
6
കാർലോസ് അൽക്കാരസിന്റെ ആറാം ഗ്രാൻസ്ളാം കിരീടമാണിത്. ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ, യു.എസ് ഓപ്പൺ എന്നിവയിലെല്ലാം രണ്ട് കിരീടങ്ങൾ വീതമാണ് കാർലോസ് നേടിയിട്ടുള്ളത്. ഓസ്ട്രേലിയൻ ഓപ്പൺ മാത്രമാണ് കാർലോസിന് ഗ്രാൻസ്ളാമുകളിൽ ഇനിയും കിട്ടാക്കനി.
2-2
ഈ വർഷത്തെ നാലു ഗ്രാൻസ്ളാമുകളിൽ കാർലസും സിന്നറും രണ്ടുവീതം സ്വന്തമാക്കി. ഓസ്ട്രേലിയൻ ഓപ്പണും വിംബിൾഡണുമാണ് സിന്നർ സ്വന്തമാക്കിയത്. കാർലോസിന് ഫ്രഞ്ച് ഓപ്പണും യു.എസ് ഓപ്പണും.
4
ഈവർഷത്തെ നാല് ഗ്രാൻസ്ളാം ഫൈനലുകളിലും കളിച്ച താരമായി യാന്നിക്ക് സിന്നർ. ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ അലക്സിസ് സ്വരേവിനെയും വിംബിൾഡണിൽ സിന്നറെയും തോൽപ്പിച്ചു. മറ്റ് രണ്ട് ഫൈനലുകളിലും കാർലോസിനോട് തോറ്റു.
5
കഴിഞ്ഞ വർഷത്തെ യു.എസ് ഓപ്പൺ ജേതാവായ സിന്നറുടെ തുടർച്ചയായ അഞ്ചാം ഗ്രാൻസ്ളാം ഫൈനലായിരുന്നു ഇത്തവണ യു.എസ് ഓപ്പണിലേത്.
8
കഴിഞ്ഞ എട്ട് ഗ്രാൻസ്ളാം ടൂർണമെന്റുകളിലും പുരുഷ സിംഗിൾസ് കിരീടം നേടിയത് യാന്നിക്ക് സിന്നറോ കാർലോസ് അൽക്കാരസോ ആണ്. 2024ൽ സിന്നർ ഓസ്ട്രേലിയൻ ഓപ്പണും യു.എസ് ഓപ്പണും നേടിയപ്പോൾ കാർലോസ് ഫ്രഞ്ച് ഓപ്പണും വിംബിൾഡണും നേടി. ഈ വർഷം ഓസ്ട്രേലിയൻ ഓപ്പണും വിംബിൾഡണുമാണ് സിന്നർ സ്വന്തമാക്കിയത്. കാർലോസിന് ഫ്രഞ്ച് ഓപ്പണും യു.എസ് ഓപ്പണും.
10-5
കാർലോസും സിന്നറും തമ്മിൽ ഏറ്റുമുട്ടിയ 15 മത്സരങ്ങളിൽ 10 എണ്ണത്തിലും ജയിച്ചത് കാർലോസാണ്.
27
ഹാർഡ് കോർട്ട് ഗ്രാൻഡ്സ്ളാമുകളിൽ സിന്നറുടെ 27 തുടർവിജയങ്ങൾക്ക് വിരാമമിട്ടാണ് കാർലോസിന്റെ കിരീടധാരണം.
1
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാർലോസ് പുരുഷ സിംഗിൾസ് ഒന്നാം റാങ്കിലേക്ക് തിരിച്ചെത്തുന്നത്. 2023 സെപ്തംബറിലാണ് കാർലോസ് ഇതിന് മുമ്പ് ഒന്നാം റാങ്കിലെത്തിയിരുന്നത്.
2004- 2008
കാലയളവിൽ തുടർച്ചയായി അഞ്ച് കിരീടങ്ങൾ നേടിയ റോജർ ഫെഡറർക്ക് ശേഷം ആരും യു.എസ് ഓപ്പൺ പുരുഷ സിംഗിൾസിൽ കിരീടം നിലനിറുത്താനായിട്ടില്ല.
44 കോടി സമ്മാനം
44 കോടിയോളം രൂപ വീതമാണ് യു.എസ് ഓപ്പൺ പുരുഷ,വനിതാ സിംഗിൾസ് ചാമ്പ്യന്മാർക്ക് ലഭിക്കുന്ന സമ്മാനത്തുക. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്തവണത്തേത്. റണ്ണേഴ്സ് അപ്പുകൾക്ക് 22 കോടി രൂപയോളം ലഭിക്കും.സെമി ഫൈനലിസ്റ്റുകൾക്ക് 11 കോടിയോളവും ക്വാർട്ടർ ഫൈനലിലെത്തുന്ന താരങ്ങൾക്ക് 5.82 കോടിയും കിട്ടും. ടൂർണമെന്റിലെ ആകെ സമ്മാനത്തുക 792 കോടി രൂപയോളമാണ്. കഴിഞ്ഞവർഷം ഇത് 660 കോടിയായിരുന്നു. 20% വർദ്ധനവാണ് ഇത്തവണയുള്ളത്.
ഓപ്പൺ കാലഘട്ടത്തിൽ മൂന്ന് ഗ്രാൻസ്ളാം ഗ്രാൻസ്ളാം കിരീടങ്ങൾ രണ്ടുതവണ വീതമെങ്കിലും നേടിയ റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക്ക് ജോക്കോവിച്ച്, പീറ്റ് സാംപ്രസ്, ഇവാൻ ലെൻഡൽ,സ്റ്റെഫാൻ എഡ്ബർഗ് എന്നിവരുടെ നിരയിലേക്ക് കാർലോസും ഉയർന്നു.
കാർലോസ് ഗ്രാൻസ്ളാം ഗ്രാഫ്
2022 യു.എസ് ഓപ്പൺ
2023 വിംബിൾഡൺ
2024 വിംബിൾഡൺ, ഫ്രഞ്ച് ഓപ്പൺ
2025 ഫ്രഞ്ച് ഓപ്പൺ, യു.എസ് ഓപ്പൺ.
കളിക്കളത്തിലെ രാജാക്കന്മാർ,
കോർട്ടിന് പുറത്തെ കൂട്ടുകാർ
കഴിഞ്ഞ രണ്ട് വർഷമായി ഒറ്റ ഗ്രാൻസ്ളാം കിരീടവും മറ്റാർക്കും വിട്ടുകൊടുക്കാതെ പരസ്പരം 'പങ്കിട്ടെടുക്കുന്ന" കാർലോസ് അൽക്കാരസും യാന്നിക്ക് സിന്നറും കോർട്ടിന് പുറത്ത് ഉറ്റചങ്ങാതിമാരാണ്. കഴിഞ്ഞരാത്രി യു.എസ് ഓപ്പൺ കിരീടമേറ്റുവാങ്ങി കാർലോസ് പറഞ്ഞതും ആ സൗഹൃദത്തെപ്പറ്റിയാണ്. തന്റെ കുടുംബാംഗങ്ങളെക്കാൾകൂടുതൽ സമയം കാണുന്നത് സിന്നറെയാണെന്നായിരുന്നു കാർലോസിന്റെ വാക്കുകൾ. ആരു കിരീടം നേടിയാലും ഒരുമിച്ച് ആഘോഷിക്കാനും യാത്രകൾ പോകാനും ഇരുവർക്കും കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |