കൊച്ചി ബ്ളൂ ടൈഗേഴ്സിനെ കെ.സി.എൽ രണ്ടാം സീസണിൽ ജേതാക്കളാക്കിയ മുഖ്യ പരിശീലകൻ റെയ്‌ഫി വിൻസന്റ് ഗോമസ് വിജയരഹസ്യം പങ്കുവയ്ക്കുന്നു...
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ കൊച്ചി ബ്ളൂ ടൈഗേഴ്സ് കപ്പുയർത്തിയതിന് പിന്നിൽ റെയ്ഫി വിൻസന്റ് ഗോമസ് എന്ന 39കാരനായ പരിശീലകന്റെ മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകളായിരുന്നു. 'ലോക" സിനിമയിലെ മൂത്തോൻ എന്ന കഥാപാത്രത്തെപ്പോലെ പിന്നണിയിലിരുന്ന് കളി നിയന്ത്രിച്ച റെയ്ഫി കോച്ചായ ആദ്യ സീസണിൽതന്നെ കപ്പും നേടി.
സഞ്ജു സാംസണിന്റെ സാന്നിദ്ധ്യം റെയ്ഫിക്ക് ഒരേസമയം സാദ്ധ്യതയും വെല്ലുവിളിയുമായിരുന്നു. സഞ്ജുവിലേക്ക് മാത്രം ശ്രദ്ധയും സമയവും പോകാതെ ടീമിനെ എങ്ങനെ വാർത്തെടുക്കണമെന്ന് കൃത്യമായി ആസൂത്രണം ചെയ്യുകയും അത്പാളിപ്പോകാതെ നടപ്പിലാക്കുകയും ചെയ്തു എന്നതാണ് പരിശീലകനെന്ന നിലയിൽ റയ്ഫിയെ വ്യത്യസ്തനാക്കിയത്.താരലേലത്തിന് മുന്നേതന്നെ റയ്ഫി തന്റെ ജോലി തുടങ്ങിയിരുന്നു. ഫൈനൽവരെയും ഒരേ ആർജവത്തോടെ അതിൽ മുഴുകുകയും ചെയ്തു. കോട്ടിട്ട ബുദ്ധിരാക്ഷസൻ എന്ന വിളിപ്പേര് അന്വർത്ഥമാക്കുന്ന രീതിയിലായിരുന്നു കോച്ചെന്ന നിലയിലെ റെയ്‌ഫിയുടെ തീരുമാനങ്ങൾ. പലതും എതിരാളികളെ ഞെട്ടിച്ചു. മത്സരത്തിൽ വഴിത്തിരിവുകളുണ്ടാക്കി. ഒടുവിൽ കൊച്ചിയെ കപ്പിലെത്തിച്ചു.
റെയ്‌ഫിയുടെ വിജയ തന്ത്രങ്ങൾ
1. സഞ്ജുവിനെ ടീമിൽ കളിപ്പിക്കണമെന്ന് റെയ്‌ഫിയും ടീമുടമകളും ലേലത്തിന് മുന്നേ തീരുമാനിച്ചതാണ്. സഞ്ജുവിന് എത്ര തുകവരെ നൽകേണ്ടിവരുമെന്ന കണക്കുകൂട്ടലായിരുന്നു പിന്നെ. സഞ്ജുവിന് 20 ലക്ഷം മുടക്കിയാൽ ബാക്കി തുകയ്ക്ക് ആരെയാെക്കെ സ്വന്തമാക്കാം, 22 കൊടുക്കേണ്ടിവന്നാൽ ബാക്കി ആരൊക്കെ, 25 ആയാൽ എങ്ങനെ എന്നുള്ള മാസ്റ്റർപ്ളാൻ ലേലത്തിന് മുന്നേ തയ്യാറാക്കി. ഒടുവിൽ 26.80 ലക്ഷം സഞ്ജുവിനായി മുടക്കിയപ്പോൾ 23.20 ലക്ഷം രൂപകൊണ്ട് ശേഷിക്കുന്ന 15 താരങ്ങളെ വാങ്ങി.
2. ഓരോ കളിക്കാരെയും കൃത്യമായി പഠിച്ച്, ഏതൊക്കെ പൊസിഷനിൽ കളിപ്പിക്കാൻ കഴിയുമെന്ന് മനസിലാക്കിയാണ് ടീമിലെടുത്തത്. കോച്ചിംഗ് ക്യാമ്പിൽ അവർക്കൊപ്പം കൂടുതൽ സമയം ചെലവിട്ടു. ഓരോരുത്തരുടെയും ശക്തിയും ദൗർബല്യവും മനസിലാക്കി അവരെ പ്ളേസ് ചെയ്യേണ്ട പൊസിഷൻ തീരുമാനിച്ചു. നല്ല ക്ഷമയോടെ കളിക്കാരുടെ സ്ഥാനത്തുനിന്ന് ചിന്തിച്ചുനോക്കിയാണ് പലതീരുമാനങ്ങളുമെടുത്തത്.
3. സഞ്ജുവിന്റെ സാന്നിദ്ധ്യം മറ്റുള്ള കളിക്കാരിലേക്ക് ഉൗർജം പകർന്നു. പനി പിടിച്ച് ആശുപത്രിയിലായിരുന്നിട്ടും കളിക്കാനെത്തിയ സഞ്ജു തന്റെ ടീമിനായി നടത്തിയ പരിശ്രമം ടീമിന് മാതൃകയായി. തന്റെ മെന്റർ കൂടിയായ റെയ്ഫിയുമായുള്ള സഞ്ജുവിന്റെ ബന്ധം ടീമിന്റെ ശക്തിയായി മാറി.
4. എതിരാളികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു പലപ്പോഴും റെയ്‌ഫിയുടെ തീരുമാനങ്ങൾ. സഞ്ജു പുറത്തായാൽ കൊച്ചി തീർന്നു എന്ന് കരുതിയിരുന്നവർക്ക് മുന്നിൽ ഓരോ മത്സരത്തിലും ഓരോ പ്രതിഭകളെ അവതരിപ്പിച്ച് റെയ്‌ഫി വിസ്മയിപ്പിച്ചു.
5. തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്ത് പുറത്തെടുക്കണമെന്നുള്ള നിർദ്ദേശം സലിയും വിനൂപും ആൽഫിയും ജെറിനും നിഖിലും അജീഷും വിപുലും കെ.ജെ രാകേഷും ആഷിക്കുമൊക്കെ ശിരസാവഹിച്ചതാണ് കൊച്ചിയുടെ വിജയത്തിന് നിദാനമെന്ന് കോച്ച് വ്യക്തമാക്കുന്നു.
സലിയെ ക്യാപ്ടനാക്കാമെന്ന് പറഞ്ഞപ്പോൾ എന്തുകൊണ്ടെന്ന് സഞ്ജുവും ചോദിച്ചിരുന്നു, സലിയെ കുഞ്ഞുനാൾ മുതൽ നന്നായി അറിയുന്നത് കൊണ്ടെന്നായിരുന്നു എന്റെ മറുപടി. സഞ്ജുവിനോളം തന്നെ പ്രതിഭയാണ് സലിയും. അവന്റെ ലീഡർഷിപ്പ് ക്വാളിറ്റിയും എനിക്കറിയാമായിരുന്നു. അത് പറഞ്ഞപ്പോൾ സഞ്ജുവിനും ബോദ്ധ്യമായി. ആ തീരുമാനം ശരിയായിരുന്നുവെന്ന് ഈ കിരീടം തെളിയിച്ചു.
- റെയ്ഫി വിൻസന്റ് ഗോമസ്
റെയ്ഫി വിൻസന്റ് ഗോമസ്
കേരളത്തിനായി 12 സീസണുകളിൽ രഞ്ജി ട്രോഫിയിൽ കളിച്ച താരം.
ഒരു സീസണിൽ പോണ്ടിച്ചേരി ടീമിൽ കളിക്കുകയും പിന്നീട് പരിശീലകനാവുകയും ചെയ്തു.
ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ്,കൊച്ചി ടസ്കേഴ്സ്,പൂനെ വാരിയേഴ്സ് ടീമുകളിൽ അംഗമായിരുന്നു.
ഇന്ത്യൻ അണ്ടർ 17.19 ടീമുകളിലും സൗത്ത്സോൺ ടീമിലും കളിച്ചിട്ടുള്ള ആൾറൗണ്ടർ.
രാജസ്ഥാൻ റോയൽസിന്റെ അക്കാഡമിയിലും ദുബായ്‌യിലെ ഡാന്യൂബ് അക്കാഡമിയിലും പരിശീലകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |