തിരുവനന്തപുരം: പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഏഴ് ലക്ഷത്തോളം ഗാർഹിക ഉപഭോക്താക്കൾക്ക് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി. വേനൽക്കാലത്തേക്കെന്നു പറഞ്ഞ് ഏപ്രിൽ, മേയ് മാസങ്ങളിൽ ഈടാക്കിയ 25% രാത്രികാല അധിക നിരക്ക് വർഷം മുഴുവൻ പിരിക്കാനാണ് തീരുമാനം. ഇതുമൂലം കഴിഞ്ഞ മാസങ്ങളിലും താങ്ങാനാവാത്ത വൈദ്യുതി ബില്ലാണ് ഉപഭോക്താക്കൾക്ക് വന്നത്.
യൂണിറ്രിന് ശരാശരി 8.39 രൂപയാണ് രാത്രി പീക്ക് അവറിൽ ഇപ്പോൾ ഈടാക്കുന്നത്. സാധാരണ നിരക്ക് യൂണിറ്റിന് 6.90 രൂപയാണ്. ഈ പരിധിയിൽ പെടുന്നവർക്ക് പകൽ സമയം 10% കുറഞ്ഞ തുകയെന്ന ഓഫറുണ്ട്. പക്ഷേ, രാത്രി സമയത്തെ പിടിച്ചുപറി കാരണം പ്രയോജനപ്പെടുന്നില്ല. ഗാർഹിക ഉപഭോഗം പകൽ കുറവാണ്.
ഗാർഹിക ഉപഭോക്താക്കൾക്കും 20 കിലോവാട്ടിൽ കുറവ് കണക്ടഡ് ലോഡുള്ള ചെറുകിട വ്യവസായങ്ങൾക്കുമാണ് വേനൽക്കാലത്ത് പകലും രാത്രിയും വ്യത്യസ്ത നിരക്ക് ഇടാക്കുന്ന ടൈം ഒഫ് ഡേ (ടി.ഒ.ഡി) സംവിധാനം കഴിഞ്ഞ ഏപ്രിൽ മുതൽ നടപ്പാക്കിയത്. വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടുകയും സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തതോടെയാണിത്.
പുറമെ നിന്ന് അധികനിരക്കിൽ കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരുന്നത് ഒഴിവാക്കാൻ കൂടിയായിരുന്നു ഇത്. വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അനുമതിയും നൽകി.
ന്യായം സോളാർ
രാത്രി ലോഡ് കുറയ്ക്കാനും പകൽ സോളാർ വൈദ്യുതി ഉൾപ്പെടെ പരമാവധി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് വർഷം മുഴുവൻ അധികഭാരം ചുമത്തിയതെന്നാണ് കെ.എസ്.ഇ.ബി വിശദീകരണം. ഏഴു ലക്ഷം ടി.ഒ.ഡി ഉപഭോക്താക്കളിൽ ഒന്നേമുക്കാൽ ലക്ഷം പേർ പുരപ്പുറ സോളാർ ഉപഭോക്താക്കൾ കൂടിയാണ്.
ടൈം ഒഫ് ഡേ നിരക്ക്
1.രാവിലെ 6 മുതൽ വൈകിട്ട് 6വരെ: സാധാരണ നിരക്കിനെക്കാൾ 10% കുറഞ്ഞ തുക
2. വൈകിട്ട് 6 മുതൽ രാത്രി 10വരെ: സാധാരണ നിരക്കിനെക്കാൾ 25% അധികം
3. രാത്രി 10മുതൽ രാവിലെ 6വരെ: സാധാരണ നിരക്ക്
(ഇതിൽ ചെറുകിട വ്യവസായങ്ങൾക്ക് വൈകിട്ട് 6മുതൽ രാത്രി 10വരെ 50% അധിക തുക)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |