കോട്ടയം: കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം അഡ്വ.പ്രിൻസ് ലൂക്കോസ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 52 വയസായിരുന്നു.
കുടുംബസമേതം വേളാങ്കണ്ണിയിൽ പോയി ട്രെയിനിൽ മടങ്ങും വഴി ഇന്നലെ പുലർച്ചെ 3.30 ഓടെ തെങ്കാശിയിൽ എത്തിയപ്പോൾ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
കേരള കോൺഗ്രസ് സ്ഥാപക നേതാവ് പരേതനായ മുൻ എം.എൽഎ അഡ്വ. ഒ.വി. ലൂക്കോസിന്റെയും ആനിയമ്മയുടെയും മകനാണ്.
കോട്ടയം ബാറിലെ അഭിഭാഷകനായ പ്രിൻസ് കെ.എസ്.സി, കേരള യൂത്ത് ഫ്രണ്ട് എന്നീ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വി.എൻ. വാസവനെതിരെ മത്സരിച്ചു.
ഭാര്യ സിന്ധു (കനറ ബാങ്ക് മാനേജർ, കോട്ടയം) കൊഴുവനാൽ മണിയങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ ഹന്ന പ്രിൻസ് (മംഗളം എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി). ലൂക്ക് പ്രിൻസ് (ലൂർദ് പബ്ലിക് സ്കൂൾ കോട്ടയം വിദ്യാർത്ഥി.)
ഭൗതികദേഹം ഇന്ന് ഉച്ച കഴിഞ്ഞ് 2ന് കാരിത്താസ് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായി കോട്ടയത്ത് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിക്കും. 4 മണിക്ക് പൊതുദർശനം. ആറുമണിക്ക് പാറമ്പുഴയിലുള്ള വസതിയിലെത്തിക്കും. നാളെ ഉച്ചകഴിഞ്ഞ് 3ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പാറമ്പുഴ ബെത്‌ലഹേം പള്ളിയിൽ സംസ്കരിക്കും.
പ്രിൻസ് ലൂക്കോസിന്റെ നിര്യാണത്തിൽ ദുഃഖസൂചകമായി പാർട്ടിയുടെ ഒരാഴ്ചത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |