തിരുവനന്തപുരം: നിയമസഭ ജീവനക്കാർക്കായി സംഘടിപ്പിച്ച ഓണാഘോഷത്തിൽ ഡാൻസ് അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ ഡെപ്യൂട്ടി ലൈബ്രറേറിയൻ മരിച്ചു. വയനാട് സുൽത്താൻബത്തേരി ബ്ളോക്ക് പഞ്ചായത്ത് ഓഫീസിനു സമീപം വാഴയിൽ ഹൗസിൽ ജുനൈസ് അബ്ദുള്ള (46) ആണ് മരിച്ചത്. ഉച്ചകഴിഞ്ഞ് സംഭവം. ശങ്കരനാരായണൻതമ്പി ലോഞ്ചിൽ ജുനൈസും സംഘവും ഡാൻസ് അവതരിപ്പിക്കുന്നതിനിടെ 3.30നാണ് കുഴഞ്ഞുവീണത്. നിയമസഭയിലെ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തിന് ഒരു മാസമായി മരുന്ന് കഴിക്കുന്നുണ്ടായിരുന്നു.
രാവിലെ സ്പീക്കർ എ.എൻ.ഷംസീർ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷമാണ് ജീവനക്കാർക്കായുള്ള മത്സരങ്ങൾ നടന്നത്.
പി.എം.ജി ജംഗ്ഷന് സമീപമുള്ള ഗവൺമെന്റ് ക്വാട്ടേഴ്സിലാണ് ജുനൈസും കുടുംബവും താമസം. പി.വി. അൻവർ എം.എൽ.എ ആയിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫായിരുന്നു. ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം നിയമസഭാ മന്ദിരത്തിൽ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് നാട്ടിലേക്ക് കൊണ്ടുപോകും.
പരേതനായ കുഞ്ഞബ്ദുള്ളയുടെയും ആയിഷ വടക്കോടന്റെയും മകനാണ്. ഭാര്യ: റസീന (അദ്ധ്യാപിക, തിരുവനന്തപുരം). മക്കൾ: നജാദ് അബ്ദുള്ള (ഒമ്പതാം ക്ലാസ് വിദ്യാർത്ഥി), നിഹാദ് അബ്ദുള്ള (ആറാം ക്ലാസ് വിദ്യാർത്ഥി). ജുനൈസിന്റെ നിര്യാണത്തിൽ സ്പീക്കർ എ.എൻ. ഷംസീർ അനുശോചനം രേഖപ്പെടുത്തി. ബത്തേരി ചുങ്കം കബറിസ്ഥാനിലാണ് കബറടക്കം. സമയം തീരുമാനിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |