ന്യൂഡൽഹി: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും 'ദി ടെലിഗ്രാഫ്' എഡിറ്ററുമായ, സംഘർഷൻ താക്കൂർ(63) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: സോന മക്കൾ: ജഹാൻ,ആയുഷ്മാൻ.
ബീഹാർ സ്വദേശിയായ സംഘർഷൻ 1984ൽ സൺഡേ മാസികയിലൂടെയാണ് പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. ദി ഇന്ത്യൻ എക്സ്പ്രസ്,തെഹൽക്ക എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തെ സൂക്ഷ്മമായി വിശകലനം ചെയ്‌ത റിപ്പോർട്ടുകളായിരുന്നു സംഘർഷന്റേത്. ബീഹാറിലെ രാഷ്‌ട്രീയ ഗതിവിഗതികൾ കൃത്യമായി വരച്ചു കാട്ടിയ റിപ്പോർട്ടുകൾ ശ്രദ്ധനേടി.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജീവചരിത്രമായ 'സിംഗിൾ മാൻ: ദി ലൈഫ് ആൻഡ് ടൈംസ് ഒഫ് നിതീഷ് കുമാർ ഒഫ് ബീഹാർ', മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജീവചരിത്രമായ 'സബാൾട്ടേൺ സാഹിബ്' എന്നിവ ബീഹാർ രാഷ്‌ട്രീയത്തെ ആഴത്തിൽ അപഗ്രഥിക്കുന്നു. ഇരു നേതാക്കളെയും കേന്ദ്രമാക്കി രചിച്ച രാഷ്ട്രീയ വിശകലന ഗ്രന്ഥമാണ് 'ദി ബ്രദേഴ്‌സ് ബിഹാരി'. ജമ്മു കാശ്‌മീരിനെക്കുറിച്ച് ഏറെ എഴുതിയിട്ടുള്ള അദ്ദേഹം കാർഗിൽ യുദ്ധം നേരിട്ട് റിപ്പോർട്ട് ചെയ്‌തു.
രാഷ്ട്രീയ പത്രപ്രവർത്തന മികവിനുള്ള പ്രേം ഭാട്ടിയ അവാർഡ് (2001),അപ്പൻ മേനോൻ ഫെലോഷിപ്പ് (2003) എന്നിവ ലഭിച്ചിട്ടുണ്ട്. ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള,കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ,എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ്,ആർ.ജെ.ഡി നേതാവ് മനോജ് കുമാർ ഝാ തുടങ്ങിയ നേതാക്കളും പ്രമുഖ മാദ്ധ്യമ പ്രവർത്തകരും എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ,പ്രസ് ക്ളബ് ഒഫ് ഇന്ത്യ സംഘടനകളും അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |