ന്യൂഡൽഹി: പഞ്ചാബിലേയും ഹിമാചൽപ്രദേശിലേയും പ്രളയബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശിക്കും. അതേസമയം, ഇന്നലെ രണ്ട് പേർ കൂടി മരിച്ചതോടെ പഞ്ചാബിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 48 ആയി ഉയർന്നു. 23 ജില്ലകളിലായി 2000ത്തോളം ഗ്രാമങ്ങളിലാണ് വെള്ളം കയറിയത്. 1.76 ഹെക്ടർ കൃഷിഭൂമി നശിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. കനത്ത മഴയെ തുടർന്ന് സത്‌ലജ്, ബിയാസ് രവി നദികൾ കരകവിഞ്ഞാണ് പ്രളയമുണ്ടായത്. പതിനായിരത്തോളം ആളുകളെയാണ് പ്രളയമേഖലകളിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്.
സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി കുറഞ്ഞത് 20,000 കോടി രൂപയെങ്കിലും സഹായധനം പ്രഖ്യാപിക്കണമെന്ന് പഞ്ചാബ് കാബിനറ്റ് മന്ത്രി അമൻ അറോറ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് കേന്ദ്രം നൽകാനുള്ള 60,000 കോടി ദുരിതാശ്വാസ സഹായം ഉടൻ അുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
പഞ്ചാബിന് ഉടൻ പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെഴുതിയ കത്തിൽ സി.പി.ഐ എം.പി പി. സന്തോഷ് കുമാർ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള അടിയന്തിര ഇടപെടലാണ് അടിയന്തിരമായി വേണ്ടതെന്നും എം.പി പറഞ്ഞു.
യമുനയിൽ ജലനിരപ്പ് താഴുന്നു
ഡൽഹിയിൽ മഴ കുറഞ്ഞതിനെ തുടർന്ന് യമുന നദിയിൽ ജലനിരപ്പ് അപകടനിലയ്ക്ക് താഴെയെത്തി. ഇന്നലെ 205.32 മീറ്ററായിരുന്നു ജലനിരപ്പ്. വെള്ളം കയറിയ പ്രദേശങ്ങളെല്ലാം ചെളി നിറഞ്ഞ് നാശമാവുകയും വീടുകൾ തകരുകയും ചെയ്തതിനാൽ പ്രളയബാധിതർക്ക് കുറച്ച് ദിവസങ്ങൾ കൂടി ക്യാമ്പുകളിൽ തുടരേണ്ടിവരും. 8000ലേറെ ആളുകളാണ് ദുരിതാശ്വാസ ക്യമ്പുകളിലുള്ളത്.
ഉത്തരാഖണ്ഡ് സന്ദർശിക്കും
കനത്ത മഴയും മേഘവിസ്‌ഫോടനവും മിന്നൽ പ്രളയവും ഏറ്റവും രൂക്ഷമായി ബാധിച്ച ഉത്തരാഖണ്ഡ് കേന്ദ്ര സംഘം സന്ദർശിക്കും. ഉത്തരകാശി, രുദ്രപ്രയാഗ്, ചമോലി, ബഗേശ്വർ, പൗടി, നൈനിറ്റാൾ ജില്ലകൾ സന്ദർശിച്ച് സംഘം നാശനഷ്ടങ്ങൾ വിലയിരുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |