ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച 'ഇന്ത്യ' മുന്നണി സ്ഥാനാർത്ഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിക്ക് കുറഞ്ഞത് 315 വോട്ട് ലഭിക്കുമെന്ന പ്രതിപക്ഷത്തിന്റെ പ്രതീക്ഷയ്ക്കാണ് തിരിച്ചടിയേറ്റത്.
ആകെ വോട്ടു ചെയ്ത 767 വോട്ടുകളിൽ 315 വോട്ടുകൾ തങ്ങളുടേതാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ലഭിച്ചത് 300 വോട്ടു മാത്രം. ഒരു വോട്ടു പോലും അധികം നേടാൻ സാധിച്ചില്ല.കൈയിലിരുന്ന 15 വോട്ട് പോവുകയും ചെയ്തു. ഇത് പ്രതിപക്ഷ എം.പിമാർ ക്രോസ് വോട്ട് ചെയ്തോയെന്ന സംശയത്തിനിടയാക്കിയിട്ടുണ്ട്.വോട്ടു പാഴാകാതിരിക്കാൻ എം.പിമാർക്ക് മോക്ഡ്രിൽ അടക്കം 'ഇന്ത്യ' സഖ്യം സംഘടിപ്പിച്ചിരുന്നു. 19 വോട്ട് അധികം നേടാൻ സാധിച്ചത് മോദി സർക്കാരിന് വലിയ ആശ്വാസമാണ്.
മികച്ച പ്രകടനം:
കോൺഗ്രസ്
2022ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേതിനേക്കാൾ മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ച വച്ചതെന്ന് ജയറാം രമേശ് ന്യായീകരിച്ചു. 2022ൽ 26% വോട്ടാണ് നേടിയതെങ്കിൽ ഇത്തവണ സുദർശൻ റെഡ്ഡി 40% നേടി.
പരിഹസിച്ച്
ബി.ജെ.പി
തങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്ത ആ 15 പേർ ആരാണെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബൈ ചോദിച്ചു. പ്രതിപക്ഷ നിരയിലെ വിള്ളലാണ് ഇതു കാണിക്കുന്നതെന്നും ബി.ജെ.പി പലിഹസിച്ചു.
കുറഞ്ഞ
ഭൂരിപക്ഷം
സി.പി. രാധാകൃഷ്ണന്റെ 152 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയുള്ള വിജയം ചരിത്രത്തിലെ കുറഞ്ഞ ഭൂരിപക്ഷങ്ങളിലൊന്നാണ്. 2022ൽ 528 വോട്ടു നേടിയാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായത്. പ്രതിപക്ഷത്തെ മാർഗരറ്റ് ആൽവയെ 346 വോട്ടുൾക്കാണ് പരാജയപ്പെടുത്തിയത്.
ദേവഗൗഡ എത്തിയത് വീൽചെയറിൽ
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എല്ലാ വോട്ടുകളും ഉറപ്പിക്കാനുള്ള എൻ.ഡി.എ മുന്നണിയുടെ ശ്രമം പ്രകടമായിരുന്നു. 92കാരനായ മുൻ പ്രധാനമന്ത്രിയും ജെ.ഡി(എസ്) നേതാവുമായ ദേവഗൗഡ വീൽചെയറിലാണ് വോട്ടു ചെയ്യാനെത്തിയത്. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, രാജ്യസഭാംഗം സി. സദാനന്ദൻ മാസ്റ്റർ എന്നിവരും വോട്ടു രേഖപ്പെടുത്തി.
രാധാകൃഷ്ണനെ അഭിനന്ദിച്ച്
ആനന്ദബോസ്
ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ സി.പി രാധാകൃഷ്ണനെ പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് അഭിനന്ദിച്ചു.
ഒരു വോട്ട്
ജയിലിൽ നിന്ന്
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ഒരു വോട്ട് ജയിലിൽ നിന്നായിരുന്നു. അതും പോസ്റ്റൽ വോട്ടായി. പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിലെ എം.പിയും ഖാലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേയുടെ തലവനുമായ അമൃത്പാൽ സിംഗാണ് അസാമിലെ ദിബ്രുഗഡിലെ ജയിലിൽ വോട്ടവകാശം വിനിയോഗിച്ചത്. ഉടനെ തപാൽവോട്ട് വിമാനമാർഗം ഡൽഹിയിലെത്തിച്ചു. ഈ സ്വതന്ത്ര എം.പിയുടെ വോട്ടും കൂടി ചേർത്താണ് എണ്ണിയതും ഫലം പ്രഖ്യാപിച്ചതും. ഭീകരഫണ്ടിംഗുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ തീഹാർ ജയിലിൽ കഴിയുന്ന ജമ്മു കാശ്മീർ ബാരാമുള്ള എം.പി എൻജിനിയർ റാഷിദിന് പാർലമെന്റ് മന്ദിരത്തിലെ ബൂത്തിൽ വോട്ടു ചെയ്യാൻ അവസരമൊരുക്കി. കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് എം.പിയെ എത്തിച്ചത്.
നേരിട്ടു കണ്ട്
അഭിനന്ദിച്ച് മോദി
ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട എൻ.ഡി.എ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണനെ അദ്ദേഹം താമസിക്കുന്ന വസതിയിലേക്ക് നേരിട്ടു പോയി കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി അക്ബർ റോഡിലെ വസതിയിലെത്തിയ മോദിക്കൊപ്പം ബി.ജെ.പി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദയും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |