ലണ്ടൻ: ഗുരു ജയന്തിയുടെ ഭാഗമായി ലണ്ടനിലെ ശ്രീനാരായണ ഗുരു മിഷൻ ഈസ്റ്റ് ഹാമിലെ ആസ്ഥാന മന്ദിരത്തിൽ 'ഹോംകമിങ്' എന്ന നാടകം അവതരിപ്പിച്ചു. ഗുരു മിഷന്റെ നാടക വിഭാഗമായ ഗുരു പ്രഭ അവതരിപ്പിച്ച ഈ ഹ്രസ്വ നാടകം സ്വത്വ ബോധത്തെ തിരിച്ചറിഞ്ഞ് സ്വയം തന്റെ മാർഗ്ഗം കണ്ടെത്തുന്ന ഒരു യുവതിയുടെ കഥ പറയുന്നു. ബ്രിട്ടനിലെത്തിയ മലയാളികളുടെ മൂന്നാം തലമുറയിലെ യുവതിയായ സോണിയ അരുൺ തന്റെ ജീവിത പരിസരത്തിൽ നിന്നും ഈ നാടകം എഴുതി, സംവിധാനം ചെയ്ത്, അഭിനയിച്ച് അവതരിപ്പിക്കുകയായിരുന്നു.
കോർപറേറ്റ് ലോകത്ത് ഞെരിഞ്ഞമർന്നു പോകുന്ന ഒരു 25 വയസുകാരി പെൺകുട്ടിയുടെ കഥയാണ് 'ഹോംകമിങ്'. എ ഡി എച്ച് ഡി പോലുള്ള മാനസിക പ്രശ്നങ്ങൾ നേരിടുന്ന യുവതി സ്വന്തം ജീവിതപ്പാത വെട്ടിത്തെളിക്കാൻ ബുദ്ധിമുട്ടുകയാണ്. കുടുംബാംഗങ്ങൾ അവരുടെ പ്രതീക്ഷകൾക്കൊത്ത്, ആഗ്രഹങ്ങൾക്കൊത്ത് ജീവിതത്തിന് ഒരു വാർപ്പ് മാതൃക അവൾക്കായി തീർക്കുന്നു. ഡോക്ടറാകണം, മറ്റുള്ളവർക്ക് മോഡലാകണം, വീട്ടിന് മാത്രമല്ല ചുറ്റുമുള്ളവർക്കു കൂടി മാതൃകയാവണം എന്ന കുടുംബത്തിന്റെ നിർബന്ധം ഒരു ഭാഗത്തും കുത്തകക്കമ്പനികൾ ചെലുത്തുന്ന നിലയ്ക്കാത്ത സമ്മർദ്ദം മറുഭാഗത്തും അവളുടെ ജീവിതം ദുസ്സഹമാക്കി മാറ്റുന്നു. ഇതിനെല്ലാമുപരി മനുഷ്യനെ നിറത്തിന്റെ പേരിൽ അകറ്റി നിർത്തുന്ന വർണവിവേചനവും കൂടി ആയപ്പോൾ ഈ വഴിയേ മുന്നോട്ടു പോകുന്നത് സാർഥകമല്ല എന്നവൾ അറിയുന്നു. യുവതി ഇവിടെ അവളുടെ ആത്മാവിലേക്ക് തിരിയുകയാണ്.
മനുഷ്യനെ തരം തിരിച്ചു അറകളിൽ അടയ്ക്കാതെ, അപരനാക്കാതെ ഒന്നായിക്കാണുന്ന ശ്രീ നാരായണ ഗുരുവിന്റെ തത്വചിന്തകൾ അവളെ ആകർഷിക്കുന്നു. ഗുരുവിന്റെ സാന്ത്വന ചിന്തകൾ അവൾക്ക് ആശ്രയവും വെളിച്ചവുമായി മാറുന്നു. ഗുരു കാട്ടിയ വെളിച്ചത്തിന്റെ വഴിയിലേക്കുള്ള ആ യാത്രയുടെ കഥയാണ് ഗുരുപ്രഭ അവതരിപ്പിച്ച സോണിയ അരുൺ സംവിധാനം ചെയ്ത 'ഹോംകമിങ്'. സോണിയ തന്നെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. പിതാവായി സതീഷ് കുമാറും മാതാവായി മഞ്ജു മന്ദിരത്തിലും സഹോദരിയായി റിട്ടു സുനിലും കഥാപാത്രത്തിനനുയോജ്യമായ ശൈലിയിൽ അഭിനയിച്ചു. ഭാവ സുന്ദരമായ ഒരു നാടകം അവതരിപ്പിച്ചതിൽ ഗുരുപ്രഭയ്ക്കു അഭിമാനിക്കാം.
ശശി എസ് കുളമട സംവിധാനം ചെയ്ത സംഗീതാത്മകമായ ചെറു നാടക പരിപാടി ശ്രീ നാരായണ ഗുരുവിന്റെ ജീവിതം ചിത്രീകരിച്ച 'ഗുരുവന്ദനവും' തിരുവാതിരയും സംഗീത നൃത്ത പരിപാടികളും ഗുരു ജയന്തിയുടെ ഭാഗമായി ഉണ്ടായിരുന്നു. സ്റ്റീഫൻ ടിംസ് എംപി മുഖ്യാതിഥി ആയി തിങ്ങിഞെരുങ്ങിയ സദസ്സിനെ അഭിസംബോധന ചെയ്യുകയും ഡോ അലക്സ് ഗാത് (ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി) പ്രഭാഷണം നടത്തുകയും ചെയ്തു. പ്രസിഡന്റ് ബൈജു ശാന്തശീലൻ ഗുരു മിഷന്റെ സേവനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും വിശദമാക്കി. ആർട്സ് സെക്രട്ടറിയും ഗുരുജയന്തി കോഓർഡിനേറ്ററുമായ വക്കം ജി സുരേഷ്കുമാർ സ്വാഗതം ആശംസിച്ചു. ആക്ടിംഗ് സെക്രട്ടറി റോസി സരസൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |